അടുത്ത പൊലീസ് മേധാവി ആരാകും ?

ഒരു മലയാളി സേനയുടെ തലപ്പത്ത് എത്തിയിട്ട് ദീര്‍ഘനാളായി. സെൻകുമാറായിരുന്നു പൊലീസ് മേധാവിയായ അവസാന മലയാളി. മുഖ്യന് മുതിര്‍ന്ന മൂന്നുദ്യോഗസ്ഥരെ വെട്ടണമെങ്കിൽ മുന്നിലുള്ള ഏകവഴി...
തിരുവനന്തപുരം : കേന്ദ്രത്തിന് താത്പര്യം നോൺ മലയാളീസിനെ. മുഖ്യന് താത്പര്യം അജിത്കുമാറിനെ. അസോസിയേഷന് താത്പര്യം മനോജ് എബ്രഹാമിനെ. ശ്ശോ.. ഇതിപ്പോൾ ആകെ കുളമായല്ലോ... മുഖ്യമന്ത്രി പിണറായി വിജയന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങിനെയാണ്. സംസ്ഥാന പൊലീസ് മേധാവിമാരാകാൻ യോഗ്യരായവരുടെ പട്ടിക യു.പി.എസ്.സി. കൈമാറിയപ്പോൾ അതിൽ ഡി.ജി.പി. നിതിൻ അഗര്‍വാൾ, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകളാണ് ഉള്ളത്. ഇതിൽ മൂവരോടും സംസ്ഥാനത്തിന് താത്പര്യമില്ല. തമ്മിൽ ഭേദം രവാഡ ആണ്. എന്നാൽ ആള് സ്ട്രെയിറ്റ് ഫോര്വേര്ഡായതുകൊണ്ട് അത്ര വിശ്വാസം പോരാ.
അങ്ങിനിരിക്കെയാണ് യു.പി.എസ്.സി. പട്ടിക ബൈപ്പാസ് ചെയ്തുകൊണ്ട് ഒരു നാലാമനെ കൊണ്ടുവരാൻ സാധിക്കുമോ എന്നതുസംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. അങ്ങിനെങ്കിൽ മേൽപ്പറഞ്ഞ മൂവരുടെ തൊട്ടുതാഴെ വരുന്ന ഡി.ജി.പി. മനോജ് എബ്രഹാമിനെ പരിഗണിക്കേണ്ടി വരും. എന്നാൽ മുഖ്യമന്ത്രിക്ക് താത്പര്യം അദ്ദേഹത്തിനും കീഴെയുള്ള പ്രിയതോഴൻ എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിനെ കൊണ്ടുവരാനാണ്. നിലവിൽ എ.ഡി.ജി.പി. റാങ്കിലുള്ള അജിത്കുമാര്‍ അധികംവൈകാതെ ഡി.ജി. റാങ്കിലെത്തും. എന്നാൽ മുതിര്‍ന്ന ഡി.ജി.പിമാരുടെ ഒരുപടതന്നെ വെട്ടിമാറ്റിവേണം അജിത്കുമാറിനെ പ്ലെയ്സ് ചെയ്യാൻ. ഇത് വിവാദങ്ങൾക്കിടയാക്കുമെന്ന് മാത്രമല്ല പൂരം വിവാദത്തിൽ അജിത് കുമാറിനോട് കലഹിച്ചുനിൽക്കുന്ന ഘടകകക്ഷി സി.പി.ഐ. അതിൽ ഇടങ്കോലിടും എന്നുറപ്പാണ്.
അതേസമയം, സംസ്ഥാനത്തെ വിവിധ പൊലീസ് അസോസിയേഷനുകൾക്ക് താത്പര്യം മനോജ് എബ്രഹാമിനോടാണ്. ഒരു മലയാളി സേനയുടെ തലപ്പത്ത് എത്തിയിട്ട് ദീര്‍ഘനാളായി. സെൻകുമാറായിരുന്നു പൊലീസ് മേധാവിയായ അവസാന മലയാളി. മുഖ്യന് മുതിര്‍ന്ന മൂന്നുദ്യോഗസ്ഥരെ വെട്ടണമെങ്കിൽ മുന്നിലുള്ള ഏകവഴി പൊലീസ് തലപ്പത്ത് മലയാളി വേണമെന്ന വാദമുയര്‍ത്തുക എന്നതാണ്. അതും സംസ്ഥാനത്തെ ലോ ആന്റ് ഓര്‍ഡര്‍ എക്സ്പീരിയൻസും ഒരു വാദമായി എടുത്തുകാട്ടേണ്ടിവരും. അങ്ങിനെ വന്നാലും മനോജ് എബ്രഹാമിനാകും നറുക്കുവീഴുക. അദ്ദേഹത്തിന്റെ കാര്യത്തിൽ മുഖ്യന് രണ്ടുമനസ്സാണെന്ന് അറിയുന്നു. അതേസമയം, യു.പി.എസ്.സി. പട്ടിക വെട്ടിമാറ്റിക്കൊണ്ടുള്ള നീക്കങ്ങൾ നിയമക്കുരുക്കിന് വഴിയൊരുക്കുമോ എന്നതും മുഖ്യന് മുന്നിൽ ഒരു കീറാമുട്ടിയായി നിൽപ്പുണ്ട്. സെൻകുമാര്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേസ് തന്നെയാണ് മുഖ്യനെ ഭയപ്പെടുത്തുന്നതും. ഏതായാലും സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് കേന്ദ്രീകരിച്ച് കൊണ്ടുപിടിച്ച ചര്‍ച്ചകൾ നടക്കുന്നുണ്ട്. അധികംവൈകാതെ സമവായ ഫോര്‍മുല കണ്ടെത്തി പുതിയ മേധാവിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
Photo Courtesy - Google











