10:45pm 07 November 2026
NEWS
ചോദ്യം ചോദിച്ചാൽ നടപടി
കാലുപിടിച്ചാൽ നോ നടപടി

07/03/2025  12:13 PM IST
News Desk
 ബ്രോയെ കുടുക്കി !
HIGHLIGHTS

സുജിത്ദാസ് കാണേണ്ടവരെ കണ്ട് കാലുപിടിക്കേണ്ടവരുടെ കാല് പിടിച്ചതോടെ എല്ലാം സെറ്റിൽ ആക്കി. അന്വേഷണത്തോട് അൻവര്‍ സഹകരിക്കാതിരുന്നിട്ടും സുജിത്തിന് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നിൽ വലിയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട് 

തിരുവനന്തപുരം : എങ്ങിനെങ്കിലും ഒന്ന് രക്ഷിച്ചെടുക്കണം, ആജീവനാന്തകാലം താങ്കളോട് കടപ്പെട്ടിരിക്കും എന്ന് മുൻ നിലമ്പൂര്‍ എം.എൽ.എ. പി.വി. അൻവറിനോട് ഇരുന്നുപറഞ്ഞ എസ്.പി. സുജിത് ദാസിനെ സര്‍ക്കാര്‍ സര്‍വ്വീസിൽ തിരിച്ചെടുത്തു. എന്നാൽ തന്നെ എന്തിനാണ് സസ്പെന്റ് ചെയ്തത് എന്ന് തിരിച്ചുചോദിച്ച എൻ. പ്രശാന്ത് ഇപ്പോഴും പടിക്ക്പുറത്തുതന്നെ. ഇതെന്ത് ന്യായം, ഇതെന്ത് നീതി ? ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ തന്നെ പരസ്പരം ചോദിക്കുന്നു. മേലാളൻമാരെ വെറുപ്പിക്കേണ്ട എന്നുകരുതി ആരും ഒന്നും പരസ്യമാക്കുന്നില്ലെന്ന് മാത്രം. മരംമുറി കേസ് ഒത്തുതീര്‍പ്പാക്കാൻ കനിയണമെന്ന് പറഞ്ഞാണ് അൻവറിനെ മുൻ മലപ്പുറം എസ്.പി. സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്. പ്രസ്തുതഫോൺ സംഭാഷണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും മുഖ്യന്റെ വിശ്വസ്തനായ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരെയും സുജിത് ദാസ് നെഗറ്റീവ് പരാമര്‍ശങ്ങൾ നടത്തിയിരുന്നു. ഇത് സര്‍ക്കാരിന് നാണക്കേടായ സാഹചര്യത്തിലായിരുന്നു നടപടി. 
          എന്നാൽ മാസങ്ങൾക്കിപ്പുറം സുജിത്ദാസ് കാണേണ്ടവരെ കണ്ട് കാലുപിടിക്കേണ്ടവരുടെ കാല് പിടിച്ചതോടെ എല്ലാം സെറ്റിൽ ആക്കി. അന്വേഷണത്തോട് അൻവര്‍ സഹകരിക്കാതിരുന്നിട്ടും സുജിത്തിന് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നിൽ വലിയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ സഹ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന കാരണത്താൽ പരാതിയൊന്നുമില്ലാതെ തന്നെ എന്തിന് സസ്പെന്റ് ചെയ്തു എന്നാണ് പ്രശാന്ത് ചോദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് പ്രശാന്ത് പലപ്രാവശ്യം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും അത് അവഗണിക്കാനാണ് സര്‍ക്കാര്‍ നൽകിയ നിര്‍ദ്ദേശം. ഇത് ഐ.എ.എസുകാര്‍ക്കിടിയിൽ തന്നെ വലിയ ചര്‍ച്ചയാകുന്നുണ്ട്. ഭരിക്കുന്നവരുടെ കാല് പിടിക്കാൻ പോകാത്തതാണോ പ്രശാന്ത് ചെയ്തതെറ്റ് എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടോ ചോദ്യം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img