ഇത്രയും ഗതികെട്ട നേതാവ് ...?

നിലമ്പൂരിൽ സ്വതന്ത്രനായി മത്സരിക്കുക അല്ലാതെ മറ്റുവഴികൾ അദ്ദേഹത്തിന് മുന്നിലില്ല. എന്നാൽ മത്സരിക്കാൻ അഞ്ചുപൈസ കൈയിൽ ഇല്ല എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ...
മലപ്പുറം : നായര്‍ പിടിച്ച പുലിവാല് എന്നത് ഒരു പഴയ പ്രയോഗമാണ്. ഇന്നത് അൻവറിക്ക പിടിച്ച പുലിവാല് എന്നായി മാറി. നിലമ്പൂര്‍ മുൻ എം.എൽ.എ. പി.വി. അൻവര്‍ അനാവശ്യ മസിലുപിടിത്തത്തിലൂടെ നടത്തിയ രാഷ്ട്രീയഇടപെടലുകൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായ സാഹചര്യത്തിലാണ് പുതിയ പ്രയോഗം പ്രസക്തമാകുന്നത്. ടീം പിണറായിയോട് തെറ്റിപ്പിരിഞ്ഞ അൻവര്‍ യു.ഡി.എഫ്. പ്രവേശത്തിനായി കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്കിടെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് തോൽക്കും എന്ന് പരസ്യമായി തുറന്നടിച്ചതാണ് ആദ്യത്തെ തിരിച്ചടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഉന്നയിച്ച പരോക്ഷ ആക്ഷേപങ്ങളാണ് രണ്ടാമത്തെ തിരിച്ചടി. ഫലത്തിൽ എൽ.ഡി.എഫിൽ നിന്നും പുറത്താവുകയും ചെയ്തു യു.ഡി.എഫിൽ ഒട്ട് കയറിയതുമില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം അൻവര്‍ കറിവേപ്പില ആയി എന്ന് പറഞ്ഞതിലൂടെ അദ്ദേഹത്തിന്റെ ആത്മാഭിമാനവും വ്രണപ്പെട്ടിരിക്കുകയാണ്. ഇനി നിലമ്പൂരിൽ സ്വതന്ത്രനായി മത്സരിക്കുക അല്ലാതെ മറ്റുവഴികൾ അദ്ദേഹത്തിന് മുന്നിലില്ല. എന്നാൽ മത്സരിക്കാൻ അഞ്ചുപൈസ കൈയിൽ ഇല്ല എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇ.ഡി. കുരുക്കിൽ പെട്ടിരിക്കുന്നതിനാൽ പല സ്വത്തുക്കളും ഇമ്മൂവബിൾ ആണ്. കൈയിലുള്ള പണത്തിൽ നല്ലൊരുവിഹിതവും കേസ് നടത്തിപ്പിനായി തന്നെ വേണം. തൃണമൂലിന് കാര്യമായ അടിത്തറ ഇല്ലാത്തതിനാൽ പാര്‍ട്ടിഫണ്ടും തഥൈവ ! ഇനി ശേഷിക്കുന്ന ഏകപ്രതീക്ഷ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഫണ്ട് മൊബലൈസേഷനാണ്. അതിനുള്ള സമയം നന്നേ കുറവാണ് താനും. ഇനി അഥവാ പണം തരപ്പെടുത്തിയാലും ജയിക്കുമെന്ന് ഒരുറപ്പുമില്ല.
ഒരുവാശിക്ക് കയറി മത്സരിച്ച് തോറ്റാൽ പിന്നെ കേരളരാഷ്ട്രീയത്തിൽ തന്നെ താൻ അപ്രസക്തനാകും എന്ന് അൻവറിന് നന്നായി അറിയാം. പിന്നെ യു.ഡി.എഫിൽ വിലപേശാൻ സാധിക്കില്ല. എൽ.ഡി.എഫ്. അടഞ്ഞ അദ്ധ്യായമാണ്. ശേഷിക്കുന്നത് ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ. ആണ്. സംഘപരിവാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരുന്ന അൻവറിനെ ഇനി അവരും ഏറ്റെടുക്കാൻ സാദ്ധ്യത കുറവാണ്. ചുരുക്കത്തിൽ അൻവറിന്റെ ഭാവി ഇരുളടയുകയാണ്. യു.ഡി.എഫുമായി ഇനി രഹസ്യചര്ച്ചകൾക്കില്ലെന്ന് അൻവര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പിൻവാതിൽ നീക്കങ്ങൾ ഇപ്പോഴും തകൃതിയാണെന്നാണ് ലഭ്യമാകുന്ന വിവരം. ഒന്നും നടന്നില്ലെങ്കിൽ നിലമ്പൂരിൽ മത്സരിച്ച് ‘ധീരമായി’ തോൽക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന് മുന്നിലെ ഏകപോംവഴി.
Photo Courtesy - Google











