05:13am 28 October 2026
NEWS
കെ. സുധാകരന്റെ പിന്നിൽ ആര് ?
ഹൈക്കമാന്റിന്റെ ‘കളി’ നടക്കുമോ ?

05/05/2025  06:48 AM IST
News Bureau
കുരിശിന്റെ വഴി
HIGHLIGHTS

ക്രിസ്തീയസഭകൾ ബി.ജെ.പിയോട് ആദ്യഘട്ടത്തിൽ കാണിച്ചിരുന്ന താത്പര്യം ഇപ്പോൾ കാട്ടുന്നില്ല. മാത്രമല്ല അവര്‍ ദേശീയതലത്തിൽ കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നുമുണ്ട് 

തിരുവനന്തപുരം : ഒന്നുംകാണാതെ കെ. സുധാകരൻ അങ്ങിനൊരു നിലപാട് എടുക്കില്ല. ആരോ പിന്നിലുണ്ട്. അതാരാണെന്ന് കണ്ടെത്താനും സാധിക്കുന്നില്ല. കോൺഗ്രസ് ഹൈക്കമാന്റ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങൾ ഇതൊക്കെയാണ്. കഴിഞ്ഞദിവസം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ ഡെൽഹിക്ക് വിളിപ്പിച്ച ഹൈക്കമാന്റ് കേരളത്തിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് സൂചന നൽകിയിരുന്നു. എല്ലാം കേട്ട് സമ്മതിച്ചശേഷം കേരളത്തിൽ എത്തിയ സുധാകരൻ ഹൈക്കമാന്റ് തനിക്ക് തുടരാൻ അനുമതി തന്നിട്ടുണ്ടെന്ന് ചാനൽ അഭിമുഖത്തിൽ തുറന്നടിച്ചു. ഇതോടെ ഹൈക്കമാന്റ് വെട്ടിലായിരിക്കുകയാണ്. 
         ഡെൽഹിയിൽ നിന്നും കേരളത്തിലെത്തിയ സുധാകരന് ആരാണ് സപ്പോര്‍ട്ട് നൽകുന്നത് എന്ന ചിന്തയിലാണ് ഹൈക്കമാന്റ് ഇപ്പോൾ. കേരളത്തിലെ ഈഴവ വോട്ടുകളിൽ നല്ലൊരുശതമാനവും ബി.ജെ.പി. പാളയത്തിലേക്ക് മറിയുന്നുണ്ട് ഇപ്പോൾ. അത് തടയാൻ കോൺഗ്രസിന് ഈഴവ മുഖം വേണ്ടതുണ്ട് എന്ന് ഒരുവിഭാഗം വാദിക്കുന്നുണ്ട്. അവരാണ് സുധാകരന് പിന്നിലുള്ളത്. എന്നാൽ അങ്ങിനൊരു ഫോര്‍മുല നടപ്പാക്കണമെങ്കിൽ എന്തുകൊണ്ട് അടൂര്‍ പ്രകാശ് എം.പിയെ കൊണ്ടുവന്നുകൂടാ എന്ന് ചോദിക്കുന്നവരും നിരവധി. 2026ൽ യു.ഡി.എഫ്. അധികാരത്തിൽ വരുമെന്ന് ഉറപ്പില്ലാത്ത പല നേതാക്കൻമാരും പാര്‍ട്ടിയിൽ സേഫ് ലാവണം ഒരുക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ. കൊടിക്കുന്നിൽ സുരേഷ് എം.പി. ഉൾപ്പെടെ പലരും ഇക്കൂട്ടത്തിലുണ്ട്. 
       എന്നാൽ ഉമ്മൻചാണ്ടിക്ക് ശേഷം ഒരു ക്രിസ്തീയമുഖം പാര്‍ട്ടിക്ക് ഇല്ലാത്തത് തിരിച്ചടിയാണെന്ന വിലയിരുത്തലിനാണ് ഹൈക്കമാന്റ് കൂടുതൽ പ്രാമുഖ്യം നൽകുന്നത്. ക്രിസ്തീയസഭകൾ ബി.ജെ.പിയോട് ആദ്യഘട്ടത്തിൽ കാണിച്ചിരുന്ന താത്പര്യം ഇപ്പോൾ കാട്ടുന്നില്ല. മാത്രമല്ല അവര്‍ ദേശീയതലത്തിൽ കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ സഭയുടെ താത്പര്യം സംരക്ഷിക്കാൻ കേരളത്തിൽ ക്രിസ്തീയമുഖം ഉയര്‍ത്താനുള്ള നീക്കങ്ങളാണ് ഡെൽഹിയിൽ നടക്കുന്നതത്രേ. ഇതിൽ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൻമാര്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്. വരുംദിവസങ്ങളിൽ സുധാകരന്റെ നീക്കം പാര്‍ട്ടിയിൽ ചില പൊട്ടിത്തെറികൾക്കോ അടിയൊഴുക്കുകൾക്കോ വഴിമരുന്നിടും എന്നാണ് ലഭ്യമാകുന്ന വിവരം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img