കോൺഗ്രസ്സില്‍ നടക്കുന്നതെന്ത് ?
ഉമ്മൻചാണ്ടിയുടേയും കെ.എം. മാണിയുടേയും നിര്യാണത്തിന് ശേഷം കോൺഗ്രസ്സിനും യു.ഡി.എഫിനും ഒരു ക്രിസ്തീയമുഖം നഷ്ടമായിരിക്കുകയാണ്
തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസ്സിന് ഇത് ആശ്വാസകാലമാകേണ്ടതാണ്. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി കോൺഗ്രസ്സ് ക്യാമ്പിൽ അസ്വസ്ഥതകൾ പുകയുകയാണ്. വെട്ട്, കുത്ത്, കുത്തിത്തിരിപ്പ് എന്നിവയാണ് ഇപ്പോൾ ഇന്ദിരാഭവൻ കേന്ദ്രീകരിച്ച് നടക്കുന്നത്. കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരനെ മാറ്റണമെന്ന വാദവുമായി ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇവര്‍ക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂട്ടരുമാണെന്ന് പകൽപോലെ സ്പഷ്ടം. എന്നാൽ സതീശന് പരോക്ഷപണിയുമായി ഡോ. ശശിതരൂരും കെ. മുരളീധരനുമൊക്കെ രംഗത്തുവന്നിട്ടുണ്ട്. കെ.പി.സി.സി. പ്രസിഡന്റ് മാറണമെങ്കിൽ പ്രതിപക്ഷ നേതാവും മാറട്ടെ എന്നതാണ് അവരുടെ നിലപാട്.
അതേസമയം, ഒരുപടികൂടി കടന്ന് മുനമ്പം വിഷയത്തിൽ സതീശനെ വെട്ടിലാക്കി മുസ്ലീംലീഗിന്റെ തീപ്പൊരി നേതാവ് കെ.എം. ഷാജിയെ കളത്തിലിറക്കി കളിക്കുകയാണ് കര്‍ട്ടന് പിന്നിൽ നിൽക്കുന്ന മറ്റൊരുവിഭാഗം. സതീശനല്ല ആര് പറഞ്ഞാലും മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന നിലപാടാണ് ഷാജി കഴിഞ്ഞ ദിവസം വെട്ടിത്തുറന്ന് പറഞ്ഞത്. മുനമ്പത്തേത് വഖഫ് ഇല്ല ഇഷ്ടദാനമാണ് എന്നതായിരുന്നു സതീശന്റെ നിലപാട്. ഇതിന് വിരുദ്ധമായ പ്രസ്താവന ഷാജിയുടെ ഭാഗത്തുനിന്നും വന്നതിന് പിന്നിൽ കോൺഗ്രസ്സിലെ ഒരു പ്രബലനാണ് എന്നാണ് ലഭ്യമാകുന്ന വിവരം.
ഉമ്മൻചാണ്ടിയുടേയും കെ.എം. മാണിയുടേയും നിര്യാണത്തിന് ശേഷം കോൺഗ്രസ്സിനും യു.ഡി.എഫിനും ഒരു ക്രിസ്തീയമുഖം നഷ്ടമായിരിക്കുകയാണ്. ഇത് തിരികെ കൊണ്ടുവരാനും ക്രിസ്തീയസഭകൾ ബി.ജെ.പിയോട് അടുക്കുന്നത് തടയാനുമാണ് സതീശനും സംഘവും ഇപ്പോൾ ശ്രമിക്കുന്നത്. കൂട്ടത്തിൽ ബദ്ധശത്രുക്കളായ ചിലരെ ഒതുക്കുകയും ആകാം. അതിലൂടെ 2026ൽ തന്റെ മുഖ്യമന്ത്രി പദം സുഗമമാക്കുക എന്നതാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. എന്നാൽ ഇതെല്ലാം മാറിനിന്ന് വീക്ഷിക്കുന്ന മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വരുംദിവസങ്ങളിൽ കളത്തിൽ സജീവമാകും എന്നാണ് ലഭ്യമാകുന്ന വിവരം.
Photo Courtesy - Google