കൂപ്പുകൈയോടെ കെ.പി.സി.സി.

കെ.പി.സി.സി. ആസ്ഥാനത്ത് നിന്നും സംസ്ഥാനത്തെ 282 ബ്ലോക്ക് കമ്മിറ്റികൾക്ക് അയച്ച ഒമ്പത് പേജുള്ള കത്തിൽ സംഘടന എങ്ങനെ പ്രവർത്തിക്കണമെന്ന് അക്കമിട്ട് നിരത്തുന്നുണ്ട്
തിരുവനന്തപുരം : ദേശീയതലത്തിൽ ഓപ്പറേഷൻ താമര ഭംഗിയായി നടപ്പാക്കുന്ന ബി.ജെ.പിയുടെ പാത പിന്തുടരാൻ കേരളത്തിലെ കോണഗ്രസ് ഘടകം തീരുമാനിച്ചുകഴിഞ്ഞു. ഓപ്പറേഷൻ കൈ എന്ന് ഔദ്യോഗികമായി പേര് നൽകിയിട്ടില്ലെങ്കിലും സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത് ഇതാണ്. മറ്റുപാര്‍ട്ടികളിൽ അസ്വസ്ഥരായി നിൽക്കുന്നവരെ കോൺഗ്രസ്സ് ക്യാമ്പിൽ എത്തിക്കുക. 2026ൽ യു.ഡി.എഫ്. ഭരണം ഉറപ്പാണെന്നും ഈ സാഹചര്യത്തിൽ കോൺഗ്രസ്സിനൊപ്പം ചേരാൻ പലരും സന്നദ്ധരാണെന്നും കെ.പി.സി.സി. വിലയിരുത്തുന്നു. ഇതോടൊപ്പം സ്വന്തം പാര്‍ട്ടിയിൽ പണിയെടുക്കാതെ മുങ്ങിനടക്കുന്നവരെ കണ്ടെത്തി പണികൾ നൽകാനും ആലോചനയുണ്ട്. ഇനി അഥവാ ആരും സംഘടനാരംഗത്ത് സജീവമാകുന്നില്ലെങ്കിൽ അവരെ മാറ്റി പുതുമുഖങ്ങളെ കൊണ്ടുവരാനും നിര്‍ദ്ദേശമുണ്ട്.
കെ.പി.സി.സി. ആസ്ഥാനത്ത് നിന്നും സംസ്ഥാനത്തെ 282 ബ്ലോക്ക് കമ്മിറ്റികൾക്ക് അയച്ച ഒമ്പത് പേജുള്ള കത്തിൽ സംഘടന എങ്ങനെ പ്രവർത്തിക്കണമെന്ന് അക്കമിട്ട് നിരത്തുന്നുണ്ട്. ഇനിമുതൽ ബ്ലോക്ക് ഭാരവാഹികൾക്ക് ചുമതലകൾ വിഭജിച്ചുനൽകും. പണിയെടുക്കാത്തവരുടെ പട്ടിക പാർട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറണം. കൃത്യമായി യോഗങ്ങൾ ചേരണം. പാർട്ടി ഓഫിസുകളിൽ ടി.വിയും കമ്പ്യൂട്ടറും വേണം. ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം നേതാക്കൾ സജീവമാകണം. പാർട്ടിയെ ഉടച്ചുവാർക്കാനാകുമോ എന്നതാണ് സംഘടനാ ജനറൽസെക്രട്ടറിയുടെ ശ്രമം. മറ്റു പാർട്ടികളിൽ നിന്ന് അകന്നുനിൽക്കുന്ന നേതാക്കളെയും പ്രവർത്തകരെയും കോൺഗ്രസ്സിൽ എത്തിക്കാൻ പ്രത്യേക ശ്രമം ബ്ലോക്ക് കമ്മിറ്റികൾ നടത്തണം. സംസ്ഥാനത്ത് ആകെ 1498 മണ്ഡലം കമ്മിറ്റികളാണ് കോൺഗ്രസ്സിനുള്ളത്. ഇതിൽ ആയിരത്തി ഒരുനൂറിലധികം പുനസംഘടിപ്പിച്ചു.
Photo Courtesy - Google











