07:09am 10 November 2026
NEWS
ഒടുവിൽ ആ മൂവര്‍സംഘപട്ടിക റെഡി
അതിൽ നിന്നും ആരെ പിക് ചെയ്യും ...?

27/06/2025  07:11 AM IST
News Bureau
മൂന്നിൽ ആര് ?
HIGHLIGHTS

മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം പൊലീസ് മേധാവിക്ക് രണ്ടേ രണ്ടുയോഗ്യതകളാണ് വേണ്ടത്. ഒന്ന് തന്നോടല്ലാതെ മറ്റാരോടും വിധേയപ്പെടാൻ പാടില്ല. അതിപ്പോൾ പാര്‍ട്ടിക്കാരായാലും... 

തിരുവനന്തപുരം : ഒടുവിൽ ആ പട്ടിക യു.പി.എസ്.സി. കൈമാറി. അതിൽ മലയാളി പേരുകൾ ഇല്ലേയില്ല. ഇക്കുറി വീണ്ടും സംസ്ഥാനപൊലീസ് മേധാവിയായി പരിഗണിക്കുന്നത് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഓഫീസര്‍മാരെ തന്നെ. ഡി.ജി.പിമാരായ നിതിൻ അഗര്‍വാൾ, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകളാണ് കേന്ദ്രം കൈമാറിയ ലിസ്റ്റിലുള്ളത്. സീനിയോറിട്ടി പ്രകാരം ആദ്യമൂന്നുപേരെ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ നാലാമനായ മലയാളി മനോജ് എബ്രഹാമിന്റെ പേര് ഒഴിവാക്കപ്പെട്ടു. ഇതോടെ, ദീര്‍ഘനാളിനുശേഷം ഒരു മലയാളി പൊലീസ് തലപ്പത്ത് എത്താനുള്ള സാദ്ധ്യതയാണ് അടഞ്ഞത്. 
        നിലവിലെ പൊലീസ് മേധാവി ഷേഖ് ധര്‍വേശ് സാഹിബ് ഈമാസം 30ന് വിരമിക്കുന്ന ഒഴിവിലേക്ക് ആദ്യംപറഞ്ഞ മൂന്നുപേരിൽ നിന്ന് ആരെ വേണമെങ്കിലും സംസ്ഥാനസര്‍ക്കാരിന് നിയമിക്കാം. തീരുമാനം ഉടനുണ്ടാകും. ഇതിൽ നിതിൻ അഗര്‍വാൾ കേന്ദ്രഡെപ്യൂട്ടേഷന് പോകുന്നതിന് മുന്നേ പൊലീസുകാരെക്കൊണ്ട് നായയെ കുളിപ്പിച്ച സംഭവത്തിലെ വിവാദനായകനാണ്. യോഗേഷ് ഗുപ്തയാകട്ടെ വിജിലൻസ് മേധാവി ആയിരിക്കെ സംസ്ഥാനസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഓഫീസറും. അതേസമയം, കേന്ദ്രഡെപ്യൂട്ടേഷൻ പൂര്‍ത്തിയാക്കി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ രവാഡ ചന്ദ്രശേഖര്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി തന്റെ സന്നദ്ധത അറിയിക്കുകയും ചെയ്തു. 
         നിതിൻ അഗര്‍വാളിനോട് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊന്നും വലിയ താത്പര്യമില്ല. മാത്രമല്ല, അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ അനഭിമതരുടെ പട്ടികയിലുള്ള ആളുമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനസര്‍ക്കാര്‍ അദ്ദേഹത്തെ പരിഗണിക്കാനുള്ള സാദ്ധ്യത തള്ളാനാകില്ല. രവാഡയുടെ കാര്യത്തിലും വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ യോഗേഷ് ഗുപ്തയുടെ കാര്യത്തിൽ പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് അറിയുന്നത്. 
      മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം പൊലീസ് മേധാവിക്ക് രണ്ടേ രണ്ടുയോഗ്യതകളാണ് വേണ്ടത്. ഒന്ന് തന്നോടല്ലാതെ മറ്റാരോടും വിധേയപ്പെടാൻ പാടില്ല. അതിപ്പോൾ പാര്‍ട്ടിക്കാരായാലും മുന്നണിയിലെ മറ്റ് മന്ത്രിമാരോടായാലും ഒരുതരത്തിലും അടുപ്പം പാടില്ല. രണ്ട് മാധ്യമങ്ങളുമായി പൂര്‍ണ്ണഅകലം പാലിക്കണം. ഈ കണ്ടീഷൻസ് ഓകെ ആകുന്ന ആരെവേണമെങ്കിലും അദ്ദേഹം പരിഗണിക്കാം. അവിടെ അറിവോ കഴിവോ പ്രാഗത്ഭ്യമോ ഒന്നും പരിഗണനാവിഷയമല്ല. മുൻ പൊലീസ് മേധാവിമാരായ ഷേഖ് ധര്‍വേഷ് സാഹിബും അനിൽകാന്തും അങ്ങിനെ നേട്ടങ്ങൾ കൊയ്തവരാണ്.  പിണറായി വിജയൻ നിയമിച്ച പൊലീസ് മേധാവിമാരിൽ ലോക്നാഥ് ബഹ്റ മാത്രമാണ് മാധ്യമങ്ങളോട് അടുത്തുനിന്നിട്ടുള്ളത്. പക്ഷേ, അപ്പോഴും അദ്ദേഹം സര്‍ക്കാരിന്റെ പെറ്റ്ബോയ് ആയിരുന്നു എന്നതും എടുത്തുപറയേണ്ട സംഗതിയാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img