ഇന്ന് രമേശനോ സതീശനോ ?

ഇതൊക്കെ നടക്കണമെങ്കിൽ ആദ്യം ജയിക്കണം എന്നത് പല യു.ഡി.എഫ്. നേതാക്കൻമാരും മറക്കുന്നു
തിരുവനന്തപുരം : എ.കെ. ആന്റണി വേണോ, ഉമ്മൻചാണ്ടി വേണോ ? അന്ന് മുസ്ലീംലീഗിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആദര്‍ശം പറഞ്ഞ നടക്കുന്ന ആന്റണിയേക്കാൾ പാര്‍ട്ടി താത്പര്യങ്ങൾ സംരക്ഷിക്കാൻ ഉമ്മൻചാണ്ടി തന്നെയാണ് ബെസ്റ്റ് ചോയ്സ്. തുടര്‍ന്ന് നടന്ന രാഷ്ട്രീയഉപചാപങ്ങൾക്കൊടുവിലാണ് 2001ൽ 100 സീറ്റുമായി അധികാരത്തിലേറിയ ആന്റണി രാജിവെച്ച് ഒഴിഞ്ഞത്.
വര്‍ഷങ്ങൾക്കിപ്പുറം സമാനമായ സാഹചര്യത്തിലേക്കാണ് ലീഗ് എത്തി നിൽക്കുന്നത്. 2026ൽ യു.ഡി.എഫ്. അധികാരത്തിൽ വരുന്ന പക്ഷം രമേശ് ചെന്നിത്തല വേണോ വി.ഡി. സതീശൻ വേണോ എന്നതാണ് ചോദ്യം ? എന്നാൽ പണ്ടത്തെപ്പോലെ ഉചിതമായ ഒരു തീരുമാനം കൈക്കൊള്ളാൻ ലീഗിന് സാധിക്കുന്നില്ല. കാരണം ഉമ്മൻചാണ്ടിക്ക് തുല്യം ഉമ്മൻചാണ്ടി മാത്രം. അതിനോട് തുലനം ചെയ്യാവുന്ന ഒരു നേതാവും ഇന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇല്ല. എന്നിരുന്നാലും തമ്മിൽ ഭേദം തൊമ്മൻ എന്ന് ചിന്തിക്കുമ്പോൾ ചെന്നിത്തലയാകും അവരുടെ ചോയ്സ്. കാരണം, സതീശന് ആന്റണി മോഡൽ ആദര്‍ശത്തിന്റെ അസ്കിത ലേശമുണ്ടോ എന്നവര്‍ സംശയിക്കുന്നു. മാത്രമല്ല, മതസാമുദായിക നേതാക്കൻമാരുമായി അത്രകണ്ട് സമരസപ്പെട്ട് പോകുന്ന നേതാവല്ല സതീശൻ. അതും അദ്ദേഹത്തിന് ലേശം ഇടിവ് വരുത്തുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള ചര്‍ച്ചകൾ നടത്താറായില്ലെന്ന് സാക്ഷാൽ ആന്റണി തന്നെ കഴിഞ്ഞിദിവസം വ്യക്തമാക്കിയതോടെ ഊഹാപോഹങ്ങൾക്കും ചരടുവലികൾക്കും ലേശം അയവുവന്നിട്ടുണ്ട്. എന്നാൽ പിന്നാമ്പുറത്തുകൂടി കളികൾ ഇപ്പോഴും തകൃതിയാണ്. ഇതൊക്കെ നടക്കണമെങ്കിൽ ആദ്യം ജയിക്കണം എന്നത് പല യു.ഡി.എഫ്. നേതാക്കൻമാരും മറക്കുന്നു എന്നതാണ് മറ്റൊരു രസകരമായ സംഗതി. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഏതാണ്ട് ജയം ഉറപ്പെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. എന്നാലിത് രാഷ്ട്രീയതിരിച്ചടികൾക്ക് കാരണമാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
Photo Courtesy - Google











