08:37am 10 November 2026
NEWS
സത്യം അങ്ങിനെ തുറന്നുപറയരുത് കേട്ടോ...
മുഖ്യന്റെ വാക്ക് വിരട്ടലിൽ ഒതുങ്ങുമോ ?

02/07/2025  08:23 AM IST
News Bureau
നടപടി വരുമോ ?
HIGHLIGHTS

അദ്ദേഹത്തെ സസ്പെന്റ് ചെയ്താൽ അത് കൂടുതൽ ക്ഷീണം വരുത്തുമെന്നതിനാൽ നടപടി ഹോൾഡ് ചെയ്യാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്....

തിരുവനന്തപുരം : ഡോ. ഹാരിസിനെതിരെ നടപടി വരുമോ? സര്‍ക്കാര്‍ മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച ഡോ. ഹാരിസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷവിമര്‍ശം ഉന്നയിച്ച സാഹചര്യത്തിൽ ചോദ്യം പ്രസക്തമാകുന്നു. ഡോ. ഹാരിസ് കുഴപ്പക്കാരനല്ലെങ്കിലും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങൾ നല്ലരീതിയിൽ നടക്കുന്ന സ്ഥാപനത്തിന് ദോഷകരമായി മാറിയെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം കണ്ണൂരിൽ പറഞ്ഞത്. ഏത് സ്ഥാപനത്തിലും ചില പ്രശ്നങ്ങളുണ്ടാകും. ചികിത്സാഉപകരണങ്ങളൊക്കെ ചില സമയങ്ങളിൽ ലഭ്യമാകുന്നതിൽ കാലതാമസമൊക്കെ വന്നേയ്ക്കും. അതിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ചില മാധ്യമങ്ങൾക്ക് ന്യൂസ് പുറത്തുവിടുന്നതിനേക്കാളും താത്പര്യം തങ്ങളുടെ വ്യൂസ് പറയനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 
         അതേസമയം, താൻ ഉന്നയിച്ച വിഷയങ്ങളുടെ പേരിൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സമരം സംഘടിപ്പിക്കുന്നത് ശരിയല്ലെന്നും തന്റെ ഉദ്ദേശ്യലക്ഷ്യത്തെത്തന്നെ അത് മാറ്റിമറിക്കുമെന്നും ഹാരിസ് ഇന്ന് രാവിലെ പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം, സാധാരണക്കാരായ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കണം. താൻ പരാതി ഉന്നയിക്കുന്നതുവരെ ഉണ്ടാകാതിരുന്ന നടപടി ഒറ്റരാത്രി കൊണ്ട് കൈക്കൊണ്ടു. ഇന്ന് യൂറോളജി വിഭാഗത്തിൽ അവശ്യം വേണ്ട ചികിത്സാഉപകരമങ്ങൾ എത്തി. ഇതെങ്ങിനെ സാധിച്ചുവെന്നും ഡോ. ഹാരിസ് ചോദിക്കുന്നു. അതേസമയം, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഹാരിസിനെതിരെ നടപടി കൈക്കൊള്ളണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പിൽ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. പക്ഷേ, അദ്ദേഹത്തെ സസ്പെന്റ് ചെയ്താൽ അത് കൂടുതൽ ക്ഷീണം വരുത്തുമെന്നതിനാൽ നടപടി ഹോൾഡ് ചെയ്യാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. 
      അതേസമയം, എന്തുവിലകൊടുത്തും ഹാരിസനൊപ്പം നിൽക്കും എന്നാണ് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചിരിക്കുന്നത്. ആരെന്ത് പറഞ്ഞാലും ഹാരിസ് പറയുന്നത് ശരിയാണ്. അദ്ദേഹത്തിനൊപ്പം നിൽക്കേണ്ടത് ഡോക്ടര്‍മാരുടെ ധാര്‍മ്മിക ബാദ്ധ്യതയാണെന്നും അസോസിയേഷൻ നേതാക്കൻമാര്‍ പറഞ്ഞു. ഡോ. ഹാരിസിനെതിരെ നടപടി ഉണ്ടായാൽ ഡോക്ടര്‍മാര്‍ മിന്നൽപണിമുടക്ക് നടത്താൻ സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img