ഇരകൾക്ക് ആശ്വാസം, പ്രതികൾ കുടുങ്ങി ...

രക്ഷിതാക്കളിൽ നിന്നും കാശ് വാങ്ങിയിട്ടുണ്ടെന്ന് ധര്‍മ്മരാജ് റസ്സാലം തന്നെ നേരത്തേ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ലഭ്യമായ പണം കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങൾക്കായി ചിലവിട്ടെന്നും അത് തിരികെ നൽകാൻ പുതിയ ഭരണസമിതി തയ്യാറാകുന്നില്ല എന്നുമായിരുന്നു സത്യവാങ്മൂലം
തിരുവനന്തപുരം : വൈകി ലഭിക്കുന്ന നീതി അത് നിഷേധിക്കുന്നതിന് തുല്യമാണ്. എങ്കിലും വിചാരണ നടപടികൾ ആരംഭിക്കുന്നതിന് മുന്നേ ഭാഗികമായെങ്കിലും നീതി ലഭിച്ചു എങ്കിൽ അത് വലിയൊരു ആശ്വാസം തന്നെയാണ്. ഒപ്പം മറ്റുപല സാമ്പത്തിക തട്ടിപ്പുകേസുകളിൽ ബാധിക്കപ്പെട്ടവര്‍ക്ക് പ്രതീക്ഷയും പകരുന്നു. പറഞ്ഞുവരുന്നത് കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം നൽകി കുടുക്കിലായവര്‍ക്ക് നഷ്ടമായ പണം ലഭ്യമായ സാഹചര്യത്തെക്കുറിച്ചാണ്. സി.എസ്.ഐ. സഭയുടെ കീഴിലെ മെഡിക്കൽ കോളേജിൽ മെഡിക്കൽ അഡ്മിഷൻ കിട്ടാൻ തലവരിയായി 20-25 ലക്ഷം നൽകിയ രക്ഷിതാക്കൾക്കാണ് നഷ്ടമായ പണം തിരികെ ലഭിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഡോ. ബെനറ്റ് എബ്രഹാം, രണ്ടാംപ്രതി മുൻ ബിഷപ്പ് ഡോ. ധര്‍മ്മരാജ് റസ്സാലം, മൂന്നാം പ്രതി റ്റി.റ്റി. പ്രവീൺ, നാലാം പ്രതി പി. തങ്കരാജ്, അഞ്ചാം പ്രതി സൗത്ത് കേരള മെഡിക്കൽ മിഷൻ എന്നിവിടങ്ങളിൽ നിന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്തുക്കളാണ് ബാധിക്കപ്പെട്ടവര്‍ക്ക് വീതംവെച്ച് നൽകാൻ കോടതി വിധി ഉണ്ടായത്. ഈ സാഹചര്യത്തിൽ ഇ.ഡി. കഴിഞ്ഞദിവസം ബാധിക്കപ്പെട്ടവര്‍ക്ക് ഡി.ഡി. കൈമാറിയിട്ടുണ്ട്.
കേസിൽ വിചാരണ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. അത് പൂര്‍ത്തിയാകുമ്പോൾ ഇപ്പോഴത്തെ പ്രതികൾ നിരപരാധികളാണെന്ന് തെളിഞ്ഞാൽ ഇ.ഡി. നൽകിയ തുക തിരികെ നൽകണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പണം നൽകിയത്. എന്നാൽ ഇതിനുള്ള സാദ്ധ്യത തുലോംകുറവാണ് എന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. കാരണം തങ്ങൾ രക്ഷിതാക്കളിൽ നിന്നും കാശ് വാങ്ങിയിട്ടുണ്ടെന്ന് ധര്‍മ്മരാജ് റസ്സാലം തന്നെ നേരത്തേ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ലഭ്യമായ പണം കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങൾക്കായി ചിലവിട്ടെന്നും അത് തിരികെ നൽകാൻ പുതിയ ഭരണസമിതി തയ്യാറാകുന്നില്ല എന്നുമായിരുന്നു സത്യവാങ്മൂലം. എന്നാൽ ഇതെല്ലാം കളവാണെന്ന് ഇ.ഡിയുടെ അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്. പ്രതികളെ സംബന്ധിച്ചിടത്തോളം എങ്ങിനെങ്കിലും ഇലയ്ക്കും മുള്ളിനും കേടില്ലാതെ തടി ഊരിയെടുക്കണം എന്ന ചിന്തമാത്രമാണ് ഇപ്പോഴുള്ളത്.
കാരണക്കോണം കേസിലെ കോടതി വിധി ഇതരസാമ്പത്തികതട്ടിപ്പ് കേസുകളിൽ ബാധിക്കപ്പെട്ടവരും പ്രതീക്ഷയോടെയാണ് കാണുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കൾ തങ്ങൾക്ക് തിരികെ ലഭിക്കും എന്ന പ്രതീക്ഷ ബാധിക്കപ്പെട്ടവര്‍ക്കുണ്ട്. കരുവന്നൂരിൽ തട്ടിപ്പിന് നേതൃത്വം നൽകിയ സി.പി.എം. നേതാക്കൾ ഇപ്പോൾ അടപടലം പെട്ട അവസ്ഥയിലാണ്.
Photo Courtesy - Google











