04:52am 08 November 2026
NEWS
ബി.ജെ.പിയുടെ രാജീവ് മോഡൽ
ഇന്ദിരാഭവനിൽ നടപ്പാക്കിയാലോ ?

26/03/2025  09:17 AM IST
അനീഷ് മോഹനചന്ദ്രന്‍
നേതാവിന്റെ ബുദ്ധി !
HIGHLIGHTS

പുറത്തുനിന്നൊരു ‘മുന്തിയ’ കാൻഡിഡേറ്റിനെ കൊണ്ടുവന്നാൽ ഒരുവെടിക്ക് രണ്ടോ മൂന്നോ പക്ഷി ആകാമല്ലോ എന്നാണ് ചില പ്രമുഖര്‍ ചിന്തിക്കുന്നത്. അതിൽ ചിലരുടെ ഉള്ളിൽ ഉരുത്തിരിയുന്ന പേര്... 

തിരുവനന്തപുരം : ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ വന്ന സാഹചര്യത്തിലാണ് സര്‍പ്രൈസ് കാൻഡിഡേറ്റ് എന്നോണം അവര്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അദ്ധ്യക്ഷനാക്കിയത്. കേന്ദ്രനേതൃത്വത്തിന്റെ ഇംഗിതത്തിന് അനുസൃതമായി കൈക്കൊണ്ട തീരുമാനം സംസ്ഥാനനേതൃത്വം അംഗീകരിക്കാൻ തയ്യാറായതോടെ പ്രശ്നങ്ങൾക്ക് താത്കാലിക വിരാമം കുറിക്കപ്പെട്ടു. എന്നാൽ ഇതേ ഫോര്‍മുല കോൺഗ്രിസ്സിൽ നടപ്പാക്കുമോ? കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കെ.പി.സി.സിയിലെ പ്രമുഖരിൽ ചിലരുടെ ചിന്ത നീങ്ങുന്നത് ആ വഴിക്കാണ്. സാമുദായികസമവാക്യങ്ങൾ പാലിച്ചുകൊണ്ട് പുതിയൊരു കെ.പി.സി.സി. പ്രസിഡന്റിനെ പാര്‍ട്ടിക്ക് ആവശ്യമാണ്. എന്നാൽ ആ തീരുമാനം ഗ്രൂപ്പ് സമവാക്യങ്ങളെ മറികടക്കാനും പാടില്ല. ഇവിടെയാണ് പാര്‍ട്ടി പ്രതിസന്ധിയിലാകുന്നത്. 
          ഈ സാഹചര്യത്തിൽ പുറത്തുനിന്നൊരു ‘മുന്തിയ’ കാൻഡിഡേറ്റിനെ കൊണ്ടുവന്നാൽ ഒരുവെടിക്ക് രണ്ടോ മൂന്നോ പക്ഷി ആകാമല്ലോ എന്നാണ് ചില പ്രമുഖര്‍ ചിന്തിക്കുന്നത്. അതിൽ ചിലരുടെ ഉള്ളിൽ ഉരുത്തിരിയുന്ന പേര് മുൻ കേന്ദ്രമന്ത്രി കൂടിയായ മുതിര്‍ന്ന നേതാവ് പി.സി. ചാക്കോയുടെ പേരാണ്. കോൺഗ്രസ്സിനോട് തെറ്റിപ്പിരിഞ്ഞ് എൻ.സി.പി. സംസ്ഥാനഅദ്ധ്യക്ഷനായ അദ്ദേഹം ഇപ്പോൾ തത്സ്ഥാനം രാജിവെച്ച് പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ച് നിൽക്കുകയാണ്. ചാക്കോയെ തിരെകെ കൊണ്ടുവന്നാൽ പലതുണ്ട് ഗുണം. ബി.ജെ.പിക്കാര്‍ പറയുന്നതുപോലെ ഒരു ‘ഘര്‍വാപ്പസി’ നടപ്പാക്കി പാര്‍ട്ടിയേയും മുന്നണിയേയും ബലപ്പെടുത്താം. ഉമ്മൻചാണ്ടിക്ക് ശേഷം ഒരു ക്രിസ്തീയമുഖം എന്ന ഫോര്‍മുല എത്തിനിൽക്കുന്ന താത്കാലിക പ്രതിസന്ധി മറികടക്കാം. ഇപ്പോൾ ഉയരുന്ന ക്രിസ്തീയനാമങ്ങൾ പലതും പലര്‍ക്കും സ്വീകാര്യമല്ല. ഇത് ചാക്കോയിലൂടെ മറികടക്കാം. പിണക്കം മാറി പാര്‍ട്ടിയിലെത്തുന്ന ചാക്കോയ്ക്ക് അര്‍ഹമായ സ്പേസ് നൽകുകയും ആകാം. 
         ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ വ്യക്തിഗതതാത്പര്യം ചിലര്‍ ചാക്കോയുമായി സംസാരിച്ചുകഴിഞ്ഞതായാണ് സൂചന. എന്നാൽ ചാക്കോ നിലപാട് വ്യക്തമാക്കിയിട്ടില്ലത്രേ. ചാക്കോ തിരികെ യു.ഡി.എഫിൽ എത്തിയാൽ അത് പിണറായിക്കിട്ട് ഒരു കൊട്ടാകും എന്ന നിലയ്ക്കും ചിലര്‍ ഈ നീക്കത്തെ കാണുന്നു. ഒപ്പം മുതിര്‍ന്ന നേതാക്കൻമാരുടെ സുശക്തമായ നിര ഒരുക്കുന്നതിലൂടെ പാര്‍ട്ടിയെ കൂടുതൽ ഊര്‍ജ്ജിതമാക്കാമെന്ന ചിന്തയും ഇതിന് പിന്നിലുണ്ട്. ചാക്കോയെ തന്റെ ‘കാര്‍മ്മികത്വത്തിൽ’ തിരികെ കൊണ്ടുവന്നാൽ നാളെ പാര്‍ട്ടിയിൽ തന്റെ നെക്സസ് കൂടുതൽ ശക്തമാക്കപ്പെടും എന്ന് ചിന്തിക്കുന്ന നേതാവും കോൺഗ്രസ്സിലുണ്ട് എന്നാണ് വിവരം. ഏതായാലും ചാക്കോ ഇപ്പോഴും മൗനത്തിലാണ്. അപ്പോഴും ഇന്ദിരാഭവനെ ചുറ്റിപ്പറ്റി ചര്‍ച്ചകളും ഊഹാപോഹങ്ങളും തകൃതിയായി മുന്നേറുകയാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img