ഇനി ബജറ്റ് അവതരിപ്പിച്ചാൽ മതി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സെസ് എന്തെങ്കിലും ഏര്‍പ്പെടുത്തുമോ ?
തിരുവനന്തപുരം : 2025-26 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള സംസ്ഥാനബജറ്റ് അവതരിപ്പിക്കാൻ ശേഷിക്കുന്നത് ഏതാനും മണിക്കുറുകൾ മാത്രം. അപ്പോഴും മലയാളികൾക്ക് ചോദിക്കാനുള്ളത് ഇത്രമാത്രം. നമുക്ക് എന്ത് ലഭിക്കും ? സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്ന കാര്യത്തിൽ കേന്ദ്രബജറ്റ് അടിമുടി നിരാശപ്പെടുത്തിയെന്നാണ് പൊതുവിലയിരുത്തൽ. ഈ സാഹചര്യത്തിൽ സംസ്ഥാനസര്‍ക്കാര്‍ അധികവിഭവസമാഹരണത്തിന് എന്തുചെയ്യും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സെസ് എന്തെങ്കിലും ഏര്‍പ്പെടുത്തുമോ എന്നതാണ് പ്രധാന ആശങ്ക. മുമ്പ് പ്രളയകാലത്ത് സെസ് ഏര്‍പ്പെടുത്തിയത് പോലെ ഇനിയും ഇരുട്ടടി ഉണ്ടാകുമോ എന്നതാണ് ഏവരേയും കുഴപ്പിക്കുന്നത്. അതേസമയം തദ്ദേശതിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ കടുപ്പിച്ച തീരുമാനങ്ങൾ ഒന്നുമുണ്ടാകില്ല എന്നും വിലയിരുത്തപ്പെടുന്നു. ബജറ്റ് ജനപ്രിയമാക്കാൻ ധനമന്ത്രി കെ.എം. ബാലഗോപാൽ എന്തുചെയ്യും എന്നതാണ് മറ്റൊരു ചോദ്യം.
കിഫ്ബി പദ്ധതികൾ കീറാമുട്ടിയായി നിൽക്കുന്നു എന്നതാണ് സമാജികരുടെ പൊതുവികാരം. ഇതേസാഹചര്യത്തിൽ തന്നെയാണ് കിഫ്ബി വഴി നിര്‍മ്മിക്കുന്ന റോഡുൾക്കും പാലങ്ങൾക്കും ചുങ്കംചുമത്താൻ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനും ഒച്ചപ്പാടിനും ഇടയാക്കിയേക്കും. ഒരുപക്ഷേ, കിഫ്ബി സംബന്ധിച്ച പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കാനും സാദ്ധ്യത കാണുന്നുണ്ട്.
Photo Courtesy - Google











