05:08pm 06 November 2026
NEWS
ബ്രൂവറി സംവാദത്തിന് റെഡി !
ഞാനാദ്യം, അല്ല ഞാനാണ് ആദ്യം ...

21/02/2025  08:36 AM IST
News Desk
ഇതൊക്കെ എന്ത്  ?
HIGHLIGHTS

മുഖ്യമന്ത്രി സ്ഥാനത്തിന് താഴെയുള്ള ആരുമായും സംവദിക്കാൻ താനില്ല എന്നാണ് ചെന്നിത്തല തുറന്നടിച്ചത്. ഇതിലൂടെ തന്റെ റെയ്ഞ്ച് എന്താണെന്നും താൻ അടുത്ത് ലക്ഷ്യമിടുന്നത് എന്താണെന്നും ചെന്നിത്തല വ്യക്തമാക്കിക്കഴിഞ്ഞു ... 

തിരുവനന്തപുരം : ബ്രൂവറി വിഷയത്തിൽ സംവാദത്തിന് തയ്യാറാകാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് പറയുമ്പോൾ പ്രതിപക്ഷത്ത് സംവാദത്തിനായി ‘കൂട്ടത്തല്ല് ’. ആദ്യപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ റെഡി ആയപ്പോൾ അതേ അവകാശവാദവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റെഡി ആയിരിക്കുകയാണ്. മുഖ്യനുമായി സംവദിക്കാൻ താൻ തയ്യാറാണെന്ന് സതീശൻ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് കഴിഞ്ഞു. പണ്ട് വി.എസ്. കാലത്തെ ലോട്ടറി വിവാദസമയത്ത് അന്നത്തെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസകുമായി സംവദിക്കാൻ സതീശൻ തിരുവനന്തപുരം പ്രസ്ക്ലബിൽ എത്തിയിരുന്നു. പ്രസ്തുത സംവാദത്തിന് അന്ന് വലിയ മൈലേജ് ലഭിച്ചിരുന്നു. അതിന്റെ ഓര്‍മ്മൾ പുതുക്കാനും സര്‍ക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാനുമാണ് സതീശന്റെ നീക്കം. 
          എന്നാൽ ഓടുന്ന നായക്ക് രണ്ടുമുഴം മുന്നേ എന്ന തരത്തിൽ രമേശ് ചെന്നിത്തല ഒരുപടി കൂടി കടന്നുവെട്ടുകയാണ്. രാജേഷുമായി സംവദിക്കാൻ അനുയോജ്യൻ പാലക്കാട് എം.പി. ശ്രീകണ്ഠനാണെന്നും മുഖ്യനുമായി കൊമ്പുകൊരുക്കാൻ താൻ സജ്ജനാണെന്നുമാണ് ചെന്നിത്തല പറഞ്ഞത്. അതായത് മുഖ്യമന്ത്രി സ്ഥാനത്തിന് താഴെയുള്ള ആരുമായും സംവദിക്കാൻ താനില്ല എന്നാണ് ചെന്നിത്തല തുറന്നടിച്ചത്. ഇതിലൂടെ തന്റെ റെയ്ഞ്ച് എന്താണെന്നും താൻ അടുത്ത് ലക്ഷ്യമിടുന്നത് എന്താണെന്നും ചെന്നിത്തല വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ ഔദ്യോഗികപ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. 
          അതേസമയം ബ്രൂവറി വിഷയത്തിൽ ഒരു തുറന്നസംവാദത്തിന് മുഖ്യനും കൂട്ടരും സന്നദ്ധമാകില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ നൽകുന്ന സൂചന. എങ്ങിനെ നോക്കിയാലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കാതെ സര്‍ക്കാരിന് ഒഴിഞ്ഞുമാറേണ്ടി വരും. അല്ലെങ്കിൽ കര്‍ണ്ണാടകയിലെ കോൺഗ്രസ് സര്‍ക്കാരിന്റെ നയങ്ങൾ ഉദ്ധരിച്ച് തൊടുന്യായങ്ങൾ നിരത്തേണ്ടിവരും. എന്തുസംഭവിച്ചാലും പ്രതിപക്ഷവാദങ്ങൾക്കാകും കൂടുതൽ മാദ്ധ്യമശ്രദ്ധ ലഭിക്കുക. സര്‍ക്കാര്‍ വാദങ്ങൾ സോഷ്യൽ ഡിബേറ്റിനും വിധേയമായേക്കാം. തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ കൂടുതൽ വിവാദങ്ങൾക്ക് നിന്നുകൊടുക്കാതെ വിഷയം തണുപ്പിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്. അതേസമയം, കാര്യങ്ങൾ കൈവിട്ടുപോകുന്നപക്ഷം അദ്ദേഹം ഒരു പുനഃവിചിന്തനത്തിന് തയ്യാറായേക്കുമെന്നും സൂചനകളുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img