അങ്ങ് ഡെൽഹിയിൽ പിടിക്കും ....!

കേരളത്തിൽ നിന്നും മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനേയും മുൻമന്ത്രി വി. മുരളീധരനേയും കേന്ദ്രത്തിൽ അക്കോമഡേറ്റ് ചെയ്യാനാണ് സാദ്ധ്യത...
തിരുവനന്തപുരം : എനിക്കിവിടെ മാത്രമല്ലടാ പിടീ... അങ്ങ് ഡെൽഹീലുമുണ്ട്.... പറയുന്നത് സിനിമാഡയലോഗല്ല. സംസ്ഥാന ബി.ജെ.പി. ഘടകത്തിലെ ചില പ്രമുഖരുടെ ഉള്ളിലിരിപ്പ് ഇങ്ങിനൊക്കെയാണ്. സംസ്ഥാനസമിതി പുനഃസംഘടിപ്പിച്ചരപ്പോൾ തഴയപ്പെട്ട പല പ്രമുഖരും തങ്ങളുടെ പാര്‍ട്ടി സ്വാധീനം അണികൾക്ക് മുന്നിൽ പ്രകടിപ്പിക്കാനായി ഡെൽഹിയിലെ സ്ഥാനമാനങ്ങൾക്കായി നീക്കുപോക്കുകൾ തുടങ്ങിയിരിക്കുകയാണ്. ആസന്നമായ കേന്ദ്രപുനഃസംഘടനയിൽ താക്കോൽസ്ഥാനങ്ങൾ സംഘടിപ്പിച്ച് ദേശീയനേതാവായി ഉയര്‍ത്തപ്പെട്ടു എന്ന പ്രതീതി സൃഷ്ടിക്കാനും അതിലൂടെ ഇവിടുണ്ടായ ഡാമേജ് മറച്ചുപിടിക്കാനുമാണ് തത്പരകക്ഷികൾ ശ്രമിക്കുന്നത്. എന്നാൽ അവിടെയും നേതാക്കൻമാരുടെ കൂട്ടിമുട്ടൽ പ്രകടമാണ്.
കേരളത്തിൽ നിന്നും മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനേയും മുൻമന്ത്രി വി. മുരളീധരനേയും കേന്ദ്രത്തിൽ അക്കോമഡേറ്റ് ചെയ്യാനാണ് സാദ്ധ്യത. എന്നാൽ മുൻ സംസ്ഥാനഅദ്ധ്യക്ഷൻ പി.കെ. കൃഷ്ണദാസിന്റെ പേരിനും പ്രാമുഖ്യം ഏറെയാണ്. ഇതിൽ ആര്.എസ്.എസ്. നിലപാടും നിര്‍ണ്ണായകമാണ്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പല പ്രമുഖരും മത്സരിക്കാൻ തയ്യാറായി നിൽക്കുകയാണ്. കേന്ദ്രത്തിൽ മാന്യമായ പദവി ഇല്ലേൽ കേരളത്തിൽ സുരക്ഷിതമായ ഒരു സീറ്റ് – അങ്ങിനെ ചില സമവായനീക്കങ്ങളും ചിലര്‍ നടക്കുന്നുണ്ട്. 2026ൽ ചില എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കാൻ ശ്രമിക്കുന്നുണ്ട്. അങ്ങിനെങ്കിൽ ഒഴിവ് വരുന്ന സീറ്റിൽ മത്സരിച്ച് പാര്‍ലമെന്റ് മോഹം വിരിയിക്കാൻ ശ്രമിക്കുന്ന പ്രമുഖരും ബി.ജെ.പിയിലുണ്ടെന്നറിയുന്നു.
കേന്ദ്രത്തിൽ സ്ഥാനംലഭിച്ചാലും ഇല്ലേലും നേമം മണ്ഡലത്തിനായി നീക്കുപോക്കുകൾ നടത്തിയ നേതാക്കൻമാരും സംസ്ഥാനത്തുണ്ട്. രാജീവ് ചന്ദ്രേശഖറുമായി പരസ്യമായി കൊമ്പുകോര്‍ക്കാതെ അണിയറനീക്കത്തിലൂടെ നേമം ടിക്കറ്റ് ഒപ്പിക്കാനാണ് ഒരു പ്രമുഖന്റെ നീക്കം. ഇക്കുറി അഞ്ച് സീറ്റ് നിയമസഭയിൽ നേടുക എന്നതാണ് രാജീവിന് കേന്ദ്രം നൽകിയിരിക്കുന്ന നിര്‍ദ്ദേശം. അതിനായി ഒരേസമയം അടുത്തടുത്ത രണ്ട് മണ്ഡലങ്ങൾ കണ്ണുവെച്ചിരിക്കുന്ന നേതാവും ഇവിടുണ്ട്. എന്നാൽ ഇവരെയൊക്കെ ജനം സ്വീകരിക്കുമോ ഇല്ലെയോ എന്നത് കാത്തിരുന്ന് കാണേണ്ട വിഷയമാണ്.
Photo Courtesy - Google











