09:20am 09 November 2026
NEWS
തലസ്ഥാനത്ത് ഒരു താമര വിരിയണം
അതിനാദ്യം കോര്‍പറേഷൻ പിടിക്കണം
രാജീവിന്റെ പദ്ധതികൾ നടക്കുമോ ...?

18/04/2025  05:26 AM IST
News Bureau
രാജീവ് പണി തുടങ്ങി
HIGHLIGHTS

വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളാണ് രാജീവ് കണ്ണുവെച്ചിട്ടുള്ളത്. എന്നാൽ ഇതിൽ ഏറെപ്രിയം...

തിരുവനന്തപുരം :  ഇക്കുറി തലസ്ഥാനം പിടിക്കണം. നഗരസഭാകെട്ടിടത്തിൽ കാവിക്കൊടി പാറിക്കാൻ സാധിച്ചാൽ ആദ്യപടി കഴിഞ്ഞു. പിന്നെ തിരുവനന്തപുരത്ത് തന്നെ രണ്ട് നിയമസഭമണ്ഡലങ്ങൾ പിടിക്കാം. അതിന് സാധിച്ചില്ലെങ്കിൽ പിന്നെ അടുത്തിടെയൊന്നും ബി.ജെ.പി. ഇവിടെ രക്ഷപ്പെടാൻ പോകുന്നില്ല. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇലക്ഷൻ സ്ട്രാറ്റജിസ്റ്റുകൾ നൽകിയിരിക്കുന്ന റിപ്പോര്‍ട്ടിൽ ഇങ്ങിനെ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ ഊര്‍ജ്ജിതമാക്കാൻ രാജീവ് നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിൽ ഇപ്പോൾ മുഖ്യപ്രതിപക്ഷം ബി.ജെ.പിയാണ്. ഇവിടെ ഭരണപക്ഷമായി മാറണം. അങ്ങിനെ സംഭവിച്ചാൽ 2026ൽ തനിക്ക് തിരുവനന്തപുരത്തെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്നും നിയമസഭയിൽ എത്താം എന്നതും അദ്ദേഹത്തിന്റെ കണക്കുകൂട്ടലിലുണ്ട്. 
          വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളാണ് രാജീവ് കണ്ണുവെച്ചിട്ടുള്ളത്. എന്നാൽ ഇതിൽ ഏറെപ്രിയം വട്ടിയൂര്‍ക്കാവിനോടാണ്. എന്നാൽ ഇവിടെ കെ. മുരളീധരൻ കോൺഗ്രസ് ടിക്കറ്റിൽ മടങ്ങിയെത്തുമോ എന്നുറപ്പില്ല. ഇനി പഴയതുപോലെ എടുത്തുചാടി മത്സരിക്കാനില്ലെന്ന് മുരളീധരൻ പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍ ഒരു പാഠമായി കണ്ട് ഇനി കാര്യങ്ങൾ നോക്കിയും കണ്ടും മാത്രമേ ചെയ്യൂ എന്നാണ് അദ്ദേഹം പറയുന്നത്. മുരളിയുടെ വരവുകൂടി ഇല്ലാണ്ടായാൽ വട്ടിയൂര്‍ക്കാവിൽ തന്നെ രാജീവ് മത്സരിച്ചേക്കുമെന്നാണ് സൂചന. ഇതിനായി ആര്‍.എസ്.എസ്. സഹായത്തോടെ ഗ്രാസ് റൂട്ട് ലെവൽ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് നീക്കം. 
         അതേസമയം, ഉമ്മൻചാണ്ടിയുടെ കാലശേഷം ദുര്‍ബലമായ തലസ്ഥാനത്തെ കോൺഗ്രസ് ക്യാമ്പിൽ നിന്നും കൂടുതൽ നേതാക്കളെ ബി.ജെ.പി. പാളയത്തിൽ എത്തിക്കാനും നീക്കങ്ങൾ തകൃതിയാണ്. ചില പ്രമുഖ പ്രാദേശികനേതാക്കൻമാര്‍ അധികം വൈകാതെ ബി.ജെ.പിയിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. ഏതായാലും, ഇക്കുറി ഇല്ലേൽ ഇനി അടുത്തിടെയൊന്നുമില്ല എന്ന മട്ടിലാണ് ബി.ജെ.പി. തങ്ങളുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img