മുഖ്യൻ അടുത്തെന്ത് ചെയ്യും ?

മുൻ ചീഫ് സെക്രട്ടറി ശാരദാമുരളീധരനെ തത്സ്ഥാനത്ത് കൊണ്ടുവരാൻ ഒരാലോചന നടക്കുന്നുണ്ട്. എന്നാൽ വിശ്രമജീവിതം യാത്രകളിലൂടെ ആസ്വദിക്കാൻ ഇറങ്ങിപ്പുറപ്പെട്ട...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരുനീക്കം കൂടി പാളി കേട്ടോ... തനിക്ക് അനഭിമതനായ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകനെ തദ്ദേശസ്വയംഭരണപരിഷ്കരണ കമ്മീഷൻ എന്നൊരു സംവിധാനം തട്ടിക്കൂട്ടി അതിൽ കുടിയിരുത്തി ഒതുക്കാൻ നടത്തിയ നീക്കമാണ് ഏറ്റവുമൊടുവിൽ പാളിയത്. മുൻ സംസ്ഥാനപൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാറിനെ ചട്ടവിരുദ്ധമായി പുറത്താക്കിക്കൊണ്ട് തന്റെ അധികാരസപര്യ ആരംഭിച്ച മുഖ്യൻ പല ഐ.എ.എസുകാരേയും വരച്ചവരയിൽ നിര്‍ത്താൻ പലപ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. ചിലതൊക്കെ ഫലംകണ്ടെങ്കിലും നെഞ്ചുറപ്പോടെ പോരാടിയ ഉദ്യോഗസ്ഥരിൽ ചിലര്‍ അടിക്ക്തിരിച്ചടി നിയമപരമായി കൊടുത്തിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ബി. അശോകിന് അനുകൂലമായി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്നും വന്നിരിക്കുന്ന വിധി.
അശോകിനെ അദ്ദേഹത്തിന്റെ അനുമതി തേടാതെ ഏകപക്ഷീയമായി ഡെപ്യൂട്ടേഷനിൽ അയക്കുന്നത് ചട്ടവിരുദ്ധമെന്നാണ് ട്രിബ്യൂണൽ നിരീക്ഷിച്ചിരിക്കുന്നത്. ഇതോടെ അശോകിന് കൃഷിവകുപ്പിൽ തുടരാം. എന്നാൽ അശോകിനെ ‘തളച്ചിടാൻ’ വേണ്ടി തട്ടിക്കൂട്ടിയ തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ ഇനി എങ്ങിനെ മുന്നോട്ട് കൊണ്ടുപോകുമെന്നതാണ് പ്രസക്തമായ ചോദ്യം. മുമ്പ് മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കുടിയിരുത്താനായി തുടങ്ങിയ ഭരണപരിഷ്കാരകമ്മീഷന്റെ ഒരുലോഡ് നിര്‍ദ്ദേശങ്ങൾ സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഷെൽഫിൽ ചിതലരിക്കുമ്പോഴാണ് തദ്ദേശസ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് പരിഷ്കരിച്ച് റെഡിയാക്കാൻ പുതിയൊരു സംവിധാനം തട്ടിക്കൂട്ടിയത് എന്നതും ഇവിടെ ചിന്തനീയമാണ്.
ഏതായാലും അശോകിന്റെ കാര്യത്തിൽ തീരുമാനമായസ്ഥിതിക്ക് ഇനി തദ്ദേശ കമ്മീഷൻ വേണ്ടെന്ന് വെച്ചാൽ അത് സര്‍ക്കാരിന് വലിയ ക്ഷീണമാകും. അപ്പോൾ പിന്നെ വിരമിച്ച ഏതെങ്കിലും ഉന്നതഉദ്യോഗസ്ഥനെയോ പാര്‍ട്ടിയുടെ തണലിൽ സേഫ് ലാവണം തേടുന്ന അഭിനവവിദഗ്ദ്ധൻമാരേയോ അവിടെ കുടിയിരുത്തേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിൽ ആലോചനകൾ സജീവമായിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.
മുൻ ചീഫ് സെക്രട്ടറി ശാരദാമുരളീധരനെ തത്സ്ഥാനത്ത് കൊണ്ടുവരാൻ ഒരാലോചന നടക്കുന്നുണ്ട്. എന്നാൽ വിശ്രമജീവിതം യാത്രകളിലൂടെ ആസ്വദിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ശാരദ മടങ്ങിയെത്തുമോ എന്നതാണ് ചോദ്യം. വിരമിക്കലിന് ശേഷം ഒരുസ്ഥാനവും താൻ ഏറ്റെടുക്കില്ലെന്നും ഭാര്യകൂടി വിരമിച്ചാൽ തലസ്ഥാനം വിടുമെന്നുമാണ് മുൻചീഫ് സെക്രട്ടറിയും ശാരദയുടെ ഭര്‍ത്താവുമായ ഡോ. വി. വേണു നേരത്തേ പറഞ്ഞിട്ടുള്ളത്. പുതിയ സാഹചര്യത്തിൽ, സര്‍ക്കാരിന്റെ മാനംകാക്കാൻ വേണ്ടി വേണുവും കുടുംബവും തീരുമാനം മാറ്റുമോ എന്നത് കാത്തിരുന്നുകാണേണ്ട സംഗതിയാണ്. അതേസമയം, ശാരദ പോട്ടേ... പകരം ഞാൻ വരട്ടേ... എന്ന ചോദ്യവുമായി ചിലര്‍ കേരള യൂണിവേഴ്സിറ്റി-ജനറൽ ആശുപത്രി റൂട്ടിൽ കറങ്ങുന്നയാതും സൂചനകൾ പുറത്തുവരുന്നുണ്ട്.
Photo Courtesy - Google











