ഒന്നുതള്ളാതെ പൊയ്ക്കോ...

പട്ടേലിന്റെ വരവോടെ സൈബര്‍ കുറ്റാന്വേഷണരംഗത്തൊക്കെ പുത്തൻമാറ്റത്തിന് സാഹചര്യമൊരുങ്ങിയേക്കും എന്നാണ് ലഭ്യമാകുന്ന വിവരം
ന്യൂഡെൽഹി : ഇനി ലോകപൊലീസിനെ നിയന്ത്രിക്കാൻ മോദിയുടെ അയൽവാസി? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകര്‍ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ മീഡിയ ഹാന്റിലുകളിൽ പ്രചരിപ്പിക്കുന്ന ടാഗ് ലൈൻ ഇതാണ്. എന്താണെന്നല്ലേ ? അമേരിക്കയിലെ ഏറ്റവും വലിയ അന്വേഷണഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷന്റെ (എഫ്.ബി.ഐ.) തലപ്പത്ത് ഇന്ത്യൻ വംശജനായ കശ്യപ് പട്ടേൽ എത്തിയിരിക്കുകയാണ്. ഇന്ത്യൻ വംശജനായ കശ്യപ് ഗുജറാത്തിൽ നിന്നും കാനഡ വഴി അമേരിക്കയിൽ കുടിയേറിയ ആളാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന കശ്യപ് അവിടെ കാഷ് പട്ടേൽ എന്നാണ് അറിയപ്പെടുന്നത്.
അമേരിക്കയുടെ നയങ്ങൾക്കും താത്പര്യങ്ങൾക്കും അനുസൃതമായി മാത്രമേ പട്ടേലിന് പ്രവര്‍ത്തിക്കാൻ സാധിക്കുകയുള്ളൂ എങ്കിലും കുറ്റാന്വേഷണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യയുമായി മികച്ചൊരു സൗഹാര്‍ദ്ദ അന്തരീക്ഷം പട്ടേലിന്റെ വരവോടെ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിൽ പ്രധാനം സൈബര്‍കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോളഭീമൻമാരായ ഫേസ്ബുക്കും യു ട്യൂബും വാട്സ് ആപ്പുമൊന്നും പലപ്പോഴും ഇന്ത്യൻ ഏജൻസികളോട് അത്രകണ്ട് സഹകരിക്കാറില്ല. തങ്ങൾക്ക് അമേരിക്കയുടെ നിയമങ്ങൾ മാത്രമാണ് ബാധകം എന്നതിനാൽ ഇന്ത്യൻഏജൻസികൾ കൈമാറുന്ന സന്ദേശങ്ങൾ പോലും പലപ്പോഴും ഈ ടെക് ഭീമൻമാര്‍ പരിഗണിക്കാറില്ല.
പട്ടേലിന്റെ വരവോടെ സൈബര്‍ കുറ്റാന്വേഷണരംഗത്തൊക്കെ പുത്തൻമാറ്റത്തിന് സാഹചര്യമൊരുങ്ങിയേക്കും എന്നാണ് ലഭ്യമാകുന്ന വിവരം. മാത്രമല്ല ഇന്റര്‍പോളിന്റെ സഹായത്തോടെ കുറ്റവാളികളെ നാട്ടിലെത്തിക്കാനും മറ്റും പട്ടേലിന്റെ ഇടപെടലുകൾ ഉണ്ടായേക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, ആര് എവിടെ വന്നാലും അമേരിക്കയ്ക്ക് അമേരിക്കയുടെ നയങ്ങളിൽ നിന്നും വ്യതിചലിക്കാനാകില്ലെന്നും മറിച്ചുള്ളതെല്ലാം രാഷ്ട്രീയ അവകാശവാദങ്ങൾ മാത്രമാണെന്നും മോദിവിരുദ്ധക്യാമ്പ് പ്രതികരിക്കുന്നു.
Photo Courtesy - Google











