ഉലകനായകന്റെ നാടകം മാത്രം ?

മുൻകാലങ്ങളിൽ ഉണ്ടായ പല ‘കമൽ’ വിവാദങ്ങളും അതുമായി ബന്ധപ്പെട്ട കേസുമൊക്കെ പിന്നീട് ആരാലും ശ്രദ്ധിക്കപ്പെടാതെപോവുകയാണ്...
ചെന്നൈ : ഉലകനായകൻ കമൽഹാസന്റെ ഏത് സിനിമ റിലീസായാലും അതിന് മുന്നേ ഒരു വിവാദം മസ്റ്റാണ്. അത് പണ്ടേയ്ക്ക് പണ്ടേ അങ്ങിനെയാണ്. ആദ്യകാലത്തൊക്കെ കമല്‍ ഹിന്ദുവിരുദ്ധനാണെന്ന് ചൂണ്ടിക്കാട്ടി മതത്തിന്റെ വക്താക്കളോ സംഘടനകളോ ആണ് പരാതി നൽികിയിരുന്നത്. എന്നാലിപ്പോൾ തൊട്ടതും പിടിച്ചതുമൊക്കെ വിവാദമാവുകയാണ്. മണിരത്നം തിരക്കഥ എഴുതി സംവിധാനം ചെയ്ത കമൽ ചിത്രം തഗ് ലൈഫിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ഏറ്റവും ഒടുവിൽ വിവാദമുണ്ടായിരിക്കുന്നത്.
കന്നട ഭാഷ തമിഴിൽ നിന്നുത്ഭവിച്ചതാണെന്നായിരുന്നു കമലിന്റെ വാദം. കന്നട നടൻ ശിവരാജ്കുമാറിനെ വേദിയിലിരുത്തിക്കൊണ്ട് കമൽ നടത്തിയ പരാമര്‍ശം വലിയ വിവാദമാവുകയും തഗ് ലൈഫിന്റെ പ്രദര്‍ശനം കര്‍ണ്ണാടക സെൻസര്‍ബോര്‍ഡ് തടയുകയും ചെയ്തിരിക്കുകയാണ്. ഇതിനെതിരെ കമലിന്റെ രാജ്കമൽ ഫിലിംസ് കോടതിയിൽ പോയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ കാണുന്ന വിവാദമെല്ലാം ആസൂത്രിതമായി തട്ടിക്കൂട്ടിയ പി.ആര്‍. വര്‍ക്കാണെന്ന് ഒരുവിഭാഗം ആക്ഷേപിക്കുന്നു.
മുൻകാലങ്ങളിൽ ഉണ്ടായ പല ‘കമൽ’ വിവാദങ്ങളും അതുമായി ബന്ധപ്പെട്ട കേസുമൊക്കെ പിന്നീട് ആരാലും ശ്രദ്ധിക്കപ്പെടാതെപോവുകയാണ് ചെയ്തിട്ടുള്ളത്. ഇതിനെല്ലാം പിന്നിൽ കോടികൾ എറിഞ്ഞുള്ള കളികളാണെന്ന് കമൽവിരുദ്ധചേരി അഭിപ്രായപ്പെടുന്നു. കര്‍ണ്ണാടക ഭരിക്കുന്നത് കമൽകൂട്ടുകക്ഷി ആയിട്ടുള്ള ഇന്തി മുന്നണിയിലെ പ്രമുഖ പാര്‍ട്ടിയായ കോൺഗ്രസ് തന്നെയാണ്. വേണമെങ്കിൽ കമലിന് ഒരു ഫോൺ കോളിലൂടെ വിഷയം തണുപ്പിക്കാവുന്നതേയുള്ളൂ. എന്നാൽ അതിന് മുതിരാതെ കമൽ കേസിന് പോവുകയാണ് ചെയ്തത്. മക്കൾ രാഷ്ട്രീയത്തെ നഖശിഖാന്തം എതിര്‍ത്ത് രാഷ്ട്രീയപ്രവേശം നടത്തിയ കമൽ താൻ അങ്ങേയറ്റം എതിര്‍ത്ത ഡി.എം.കെയുമായി ചേര്‍ന്ന് രാജ്യസഭാ എം.പി. ആയിരിക്കുകയാണ്. ഇതിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാണ്. ഇതിൽ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് തഗ് ലൈഫ് വിവാദം കുത്തിപ്പൊക്കിയതെന്നും ചിലര്‍ വിലയിരുത്തുന്നു.
Photo Courtesy - Google











