എതിര്‍പ്പുകൾ തുലയട്ടേ ...

പാര്‍ട്ടി നിലപാടിനോട് പ്രശാന്തിന് വ്യക്തിപരമായി യോജിപ്പില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. പക്ഷേ, ഇവിടെ എതിര്‍സ്വരം ഉയര്‍ത്തിയിട്ട്...
കൊല്ലം : വിപ്ലവഗാനത്തിന്റെ പിന്നാലെ അധികം പോകേണ്ട. ചുവരുണ്ടെങ്കിലേ ചിത്രം എഴുതാൻ സാധിക്കൂ. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് സെക്രട്ടറിയേറ്റിൽ നിന്നും ലഭിച്ച നിര്‍ദ്ദേശം ഇതായിരുന്നു. കടയ്ക്കൽ തിരുവാതിരയുമായി ബന്ധപ്പെട്ട ആഘോഷപരിപാടിക്കിടെ വിപ്ലവഗാനം ആലപിച്ചതും സി.പി.എം., ഡി.വൈ.എഫ്.ഐ. കൊടികൾ എൽ.ഇ.ഡി. വാളിൽ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇനി അധികം മുന്നോട്ടുപോകേണ്ട എന്നതാണ് ഉന്നതങ്ങളിൽ നിന്നും പ്രശാന്തിന് നൽകിയ നിര്‍ദ്ദേശം.
കടയ്ക്കൽ ക്ഷേത്രത്തിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണെന്ന് പ്രശാന്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അടുത്ത ബോര്‍ഡ് യോഗത്തിൽ ഇക്കാര്യം അജണ്ടയായി നിശ്ചയിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി ദേവസ്വം വിജിലൻസ് അന്വേഷണവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ദേവസ്വംവക ക്ഷേത്രത്തിലെ പരിപാടി പാര്‍ട്ടി പരിപാടി ആക്കി മാറ്റിയത് ഭക്തരുടേയും നാട്ടുകാരുടേയും എതിര്‍പ്പിന് കാരണമായിട്ടുണ്ട്. എന്നാലിത് അവഗണിച്ച് പാര്‍ട്ടി താത്പര്യങ്ങൾക്ക് അനുസരിച്ച് മുന്നോട്ടുപോകാനാണ് ഉന്നതങ്ങളിൽ നിന്നും ദേവസ്വം പ്രസിഡന്റിന് നൽകിയിരിക്കുന്ന നിര്‍ദ്ദേശം.
ഈ സാഹചര്യത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണമൊക്കെ വെറും പ്രഹസനമായി മാറുമെന്നാണ് അറിയുന്നത്. ഏറിവന്നാൽ ഉത്സവാഘോഷ കമ്മറ്റിയുടെ ഭാഗത്തുനിന്നും ജാഗ്രതകുറവുണ്ടായി എന്ന് നിരീക്ഷിച്ച് പ്രശ്നങ്ങളും വിവാദവുമൊക്കെ ഒതുക്കിതീര്‍ക്കാനാണ് സാദ്ധ്യത. എന്നാൽ പാര്‍ട്ടി നിലപാടിനോട് പ്രശാന്തിന് വ്യക്തിപരമായി യോജിപ്പില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. പക്ഷേ, ഇവിടെ എതിര്‍സ്വരം ഉയര്‍ത്തിയിട്ട് കാര്യമില്ലെന്ന് മറ്റാരെക്കാളും നന്നായി പ്രശാന്തിനറിയാം.
Photo Courtesy - Google











