02:05pm 04 November 2026
NEWS
ജയിലിൽ വീണ്ടും ‘പവര്‍’ കളി
ഉദ്യോഗസ്ഥര്‍ തമ്മിൽ ഉരസൽ

17/01/2025  09:10 AM IST
അനീഷ് മോഹനചന്ദ്രന്‍
ആര്‍ക്കറിയാം ?
HIGHLIGHTS

വിവാദനായകനായി നിൽക്കുന്ന സൂപ്രണ്ട് കോൺഗ്രസ്സ് അനുഭാവി ആണെന്നും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രശ്നങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമത്രേ... 

തിരുവനന്തപുരം : ജയിൽ ആസ്ഥാനത്ത് കലിപ്പ് തുടരുന്നു. തനിക്കെതിരെ പാര പണിയുന്ന ചില ഉദ്യോഗസ്ഥരാണ് ബോബി വിവാദത്തിന് പിന്നിലെന്ന് മദ്ധ്യമേഖലാ ജയിൽ ഡി.ഐ.ജി. അജയകുമാര്‍ പറയുന്നു. വിവാദ വ്യവസായ ബോബി ചെമ്മന്നൂരിന് താൻ പ്രത്യേകിച്ച് ഒരു സൗകര്യവും നൽകിയിട്ടില്ലെന്നും ജയിൽ സന്ദര്‍ശനം സ്വാഭാവിക നടപടി മാത്രമാണ് എന്നുമാണ് അജയകുമാര്‍ പറയുന്നത്. എന്നാൽ അജയകുമാര്‍ ബോബിക്ക് വഴിവിട്ട സഹായം ചെയ്തുവെന്നും അജയകുമാറിനൊപ്പം തൃശൂരിലെ ഒരു പവര്‍ ബ്രോക്കര്‍ ജയിലിലെത്തി ബോബിയെ കണ്ടിരുന്നു എന്നുമാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ജയിൽ മേധാവി ബൽറാംകുമാര്‍ ഉപാദ്ധ്യായ അജയകുമാറിനോട് വിശദീകരണം ചോദിക്കുകയും അദ്ദേഹത്തെ പരസ്യമായി ശാസിക്കുകയും ചെയ്തു. 
           ജയിൽ സന്ദര്‍ശനവേളയിൽ ഡി.ഐ.ജിക്കൊപ്പം ഒരു സ്ത്രീ സ്വകാര്യ കാറിൽ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതും ബോബിയെ കണ്ടതുമായി ഒരു ബന്ധവുമില്ലത്രേ. എന്നാൽ താൻ ജയിൽ സന്ദര്‍ശനം നടത്തിയത് സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്സിലെ മദ്യപാനം കൈയ്യോടെ പിടികൂടാനാണ് എന്നാണ് ഡി.ഐ.ജി. പറയുന്നത്. ഇതിലെ ചൊരുക്ക് തീര്‍ക്കാൻ സൂപ്രണ്ട് തനിക്കെതിരായി തെറ്റായ വിവരങ്ങൾ ബന്ധപ്പെട്ടവര്‍ക്ക് ചോര്‍ത്തി നൽകി എന്നാണ് ഡി.ഐ.ജി. കരുതുന്നത്. ഇതോടെ, കഴിഞ്ഞകുറച്ചുനാളുകളായി ഒന്ന് ഒതുങ്ങിനിന്ന മൂപ്പിളമ പ്രശ്നം ജയിൽ വകുപ്പിൽ വീണ്ടും തലപൊക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഇപ്പോൾ വിവാദനായകനായി നിൽക്കുന്ന സൂപ്രണ്ട് കോൺഗ്രസ്സ് അനുഭാവി ആണെന്നും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രശ്നങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമെന്നുമാണ് ലഭ്യമാകുന്ന വിവരം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img