03:35pm 29 April 2026
NEWS
തത്കാലം തട്ടിപ്പുകാര്‍ പുറത്ത് !
പുതിയവേലയിറക്കിയാൽ നടപടി

05/06/2025  08:57 AM IST
സ്വന്തം ലേഖകൻ
തട്ടിപ്പ് ടീംസ് ഔട്ട് ?
HIGHLIGHTS

എ.ഐ. സഹായത്തോടെ ടിക്കറ്റുകൾ ബൾക്കായി വിറ്റ് പ്രതിവര്‍ഷം കോടികൾ തട്ടുന്ന സ്വകാര്യകോര്‍പറേറ്റുകളേയും ടെക് ഭീമൻമാരേയും കുടുക്കാനാണ് റെയിൽവേയുടെ നീക്കംഎ.ഐ. സഹായത്തോടെ ടിക്കറ്റുകൾ ബൾക്കായി വിറ്റ് പ്രതിവര്‍ഷം കോടികൾ തട്ടുന്ന സ്വകാര്യകോര്‍പറേറ്റുകളേയും ടെക് ഭീമൻമാരേയും കുടുക്കാനാണ് റെയിൽവേയുടെ നീക്കം 

ന്യൂഡെൽഹി : ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ തട്ടിപ്പുകാട്ടുന്ന വിരുതൻമാരെ പടിക്കുപുറത്ത് നിര്‍ത്താൻ ഇന്ത്യൻ റെയിൽവേ. തത്കാൽ ബുക്കിംഗുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാനും യഥാര്‍ത്ഥ ഗുണഭോക്താക്കൾക്ക് മതിയായ സേവനം ഉറപ്പാക്കാനുമാണ് നടപടി. ഇതിന്റെ ഭാഗമായി ഐ.ആര്‍.സി.ടി.സി. അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കനാണ് അധികൃതരുടെ നീക്കം. 
         മേയ് 24 മുതൽ ജൂൺ 2 വരെയുള്ള ഓൺലൈൻ തത്കാൽ ടിക്കറ്റ് ബുക്കിങ് വിശകലനം ചെയ്തപ്പോൾ, വിൻഡോ തുറന്നതിന് ശേഷം (രാവിലെ 10‌ മണിക്ക്) ആദ്യ മിനിറ്റിൽ എ.സി ക്ലാസ് ടിക്കറ്റുകളിൽ ശരാശരി 5,615 എണ്ണം മാത്രമാണ് ബുക്ക് ചെയ്തിട്ടുള്ളത്. എന്നാൽ, രണ്ടാം മിനിറ്റിൽ ഇത് 22,827 ടിക്കറ്റുകളായി ഉയർന്നു. ആദ്യ 10 മിനിറ്റിനുള്ളിൽ 62.5 ശതമാനം ടിക്കറ്റുകളും, ബാക്കിയുള്ള 37.5 ശതമാനം ടിക്കറ്റുകൾ വിൻഡോ തുറന്ന് 10 മിനിറ്റ് മുതൽ ചാർട്ട് തയ്യാറാക്കുന്നത് വരെയുമാണ് ബുക്ക് ചെയ്തത്. നോൺ എ.സി. (രാവിലെ 11 മുതൽ) വിഭാഗങ്ങളിലും സമാനമായ പ്രവണത കണ്ടു. ആദ്യ മിനിറ്റിൽ 4 ശതമാനം ടിക്കറ്റുകളും, രണ്ടാം മിനിറ്റിൽ 17.5 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ആദ്യ 10 മിനിറ്റിനുള്ളിൽ ഏകദേശം 66.4 ശതമാനം ടിക്കറ്റുകൾ വിറ്റുപോയപ്പോൾ, ആദ്യ മണിക്കൂറിനുള്ളിൽ 84.02 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു. വിൻഡോ തുറന്ന് 8 മുതൽ 10 മണിക്കൂറിന് ശേഷവും ഏകദേശം 12 ശതമാനം തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 
         മേൽപ്പറഞ്ഞ കണക്കുകളിൽ അസ്വാഭാവികത ഉണ്ടെന്നാണ് റെയിൽവേ കണ്ടെത്തിയിരിക്കുന്നത്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിക്കുന്നതാണ് പ്രശ്നകാരണമെന്ന് റെയിൽവേ അധികൃതര്‍ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 24 ദശലക്ഷത്തിലധികം ഉപയോക്താക്കളെ റെയിൽവേ ഇത്തരത്തിൽ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഏകദേശം 2 ദശലക്ഷം അക്കൗണ്ടുകൾ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് സംശയമുള്ള അക്കൗണ്ടുകളായി അടയാളപ്പെടുത്തി. ഇവയുടെ ആധാറും മറ്റ് രേഖകളും പരിഗണിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായും റെയിൽവേ അധികൃതര്‍ പറയുന്നു. 
        ഐ.ആർ.സി.ടി.സി പോര്‍ട്ടലിൽ 130 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. അതിൽ 12 ദശലക്ഷം മാത്രമാണ് ആധാർ വെരിഫൈ ചെയ്ത അക്കൗണ്ടുകൾ. ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ അക്കൗണ്ടുകൾക്കും പ്രത്യേക പരിശോധന നടത്താൻ ഐ.ആർ.സി.ടി.സി. തീരുമാനിച്ചിട്ടുണ്ട്. സംശയകരമെന്ന് കണ്ടെത്തുന്ന അക്കൗണ്ടുകൾ റദ്ദ് ചെയ്യും. യഥാർത്ഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിലൂടെ എ.ഐ. സഹായത്തോടെ ടിക്കറ്റുകൾ ബൾക്കായി വിറ്റ് പ്രതിവര്‍ഷം കോടികൾ തട്ടുന്ന സ്വകാര്യകോര്‍പറേറ്റുകളേയും ടെക് ഭീമൻമാരേയും കുടുക്കാനാണ് റെയിൽവേയുടെ നീക്കം. എന്നാലിത് ഫലപ്രദമായി നടപ്പാക്കിയാൽ പുതിയ ടെക് തട്ടിപ്പുകൾക്കുള്ള സാദ്ധ്യതയും റെയിൽവേ തള്ളിക്കളയുന്നില്ല. അങ്ങിനെ സംഭവിക്കുന്നപക്ഷം ശക്തമായ തുടര്‍നടപടികളുണ്ടാകുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. പുതിയ സംവിധാനം ജൂൺ അവസാനം മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img