11:21am 30 April 2026
NEWS
പ്രിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ഇന്ത്യൻ റെയിൽവേ ‘മാറുന്നു’ ...

21/06/2025  07:23 AM IST
അനീഷ് മോഹനചന്ദ്രന്‍
നല്ല ട്രാക്ക്...
HIGHLIGHTS

ജൂലൈ ഒന്നുമുതൽ ആധാര്‍ ലിങ്ക്ഡ് അല്ലാത്ത ഐ.ആര്‍.സി.ടി.സി. അക്കൗണ്ടുകളിൽ നിന്നും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കില്ല... 

ന്യൂഡെൽഹി : റെയിൽ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത ! വെയിറ്റിംഗ് ലിസ്റ്റിൽ അടിമുടി ‘ശുദ്ധികലശം’ നടത്തി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ എല്ലാ കോച്ച് സെഗ്മെന്റുകളിലും ആകെ ബെര്‍ത്തുകളുടെ 25 ശതമാനം വരെ മാത്രമേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് അനുവദിക്കുകയുള്ളൂ. അങ്ങിനെ വരുമ്പോൾ ടിക്കറ്റ് വെയ്റ്റിംഗിലായാലും ബെര്‍ത്ത് ഏറെക്കുറേ ഉറപ്പിക്കാനാകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നേരത്തേ വ്യാപകമായി വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ അനുവദിക്കുമായിരുന്നു. അങ്ങിനെ വരുമ്പോൾ പലര്‍ക്കും ബെര്‍ത്ത് കൺഫോമായി കിട്ടില്ല. മാത്രമല്ല കൺഫോംഡ് അല്ലാത്ത ടിക്കറ്റുമായി റിസര്‍വ്ഡ് കോച്ചുകളിൽ കയറുന്നവര്‍ക്ക് നിൽക്കാനോ ഇരിക്കാനോ പോലും പലപ്പോഴും ഇടം ലഭിക്കുമായിരുന്നില്ല. പുതിയ സംവിധാനം വരുന്നതോടെ ഈ അവസ്ഥ ഏറെക്കുറേ മാറും. മാത്രമല്ല, വെയ്റ്റിംഗ് ലിസ്റ്റുകാര്‍ക്ക് കുറഞ്ഞപക്ഷം ഒരു ഷെയറിംഗ് ബെര്‍ത്തെങ്കിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 
         ജൂലൈ ഒന്നുമുതൽ ആധാര്‍ ലിങ്ക്ഡ് അല്ലാത്ത ഐ.ആര്‍.സി.ടി.സി. അക്കൗണ്ടുകളിൽ നിന്നും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കില്ല. അങ്ങിനെ വരുമ്പോൾ ട്രാവൽ ഏജന്റുമാരുടെ ബൾക്ക് ബുക്കിംഗ് ഉൾപ്പെടെയുള്ള തിരിമറികൾ കുറയും. ഇത് ജനുവിൻ യാത്രക്കാര്‍ക്കാകും ഗുണകരമായി മാറുക. മാത്രമല്ല, ടിക്കറ്റ് ഉറപ്പാകാത്ത സാഹചര്യത്തിൽ തത്കാൽ ആവശ്യമായവര്‍ക്ക് അവ യഥാക്രമം ലഭിക്കാനും സാഹചര്യമൊരുങ്ങും. അതേസമയം, നിയന്ത്രണങ്ങൾ വരുമ്പോൾ അതിനെ മറികടക്കാൻ ട്രാവൽ ഏജന്റുമാര്‍ പുതിയ തട്ടിപ്പുകൾ കൊണ്ടുവരും. അവ ഓരോന്നായി കണ്ടെത്തി പഴുതടയ്ക്കുമെന്നും റെയിൽവേ മന്ത്രാലയം ഉറപ്പുനൽകുന്നു. 
       റെയിൽവേ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ ശ്ലാഘനീയമെന്നാണ് യാത്രക്കാരുടെ പൊതുവിലയിരുത്തൽ. എന്നാൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിലും ടൊയിലറ്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിലും റെയിൽവേ ഇനിയും ശ്രദ്ധചെലുത്തണം എന്നാണ് യാത്രക്കാര്‍ക്ക് പറയാനുള്ളത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img