10:07am 30 April 2026
NEWS
ഒടുവിൽ കോൺഗ്രസ്സുകാര്‍ തീരുമാനിച്ചു
ഇനിയും തരൂരിനെ വിട്ടുപിടിക്കേണ്ട...

26/06/2025  08:15 AM IST
News Bureau
ഖാര്‍ഗ്ഗേ വായതുറന്നു
HIGHLIGHTS

തരൂരിന്റെ ഇംഗ്ലീഷ് നല്ലതായതുകൊണ്ടാണ് അദ്ദേഹത്തെ പ്രവര്‍ത്തകസമിതിയിൽ ഉൾപ്പെടുത്തിയതെന്ന് പറഞ്ഞ് പരിഹസിക്കാനും ഖാര്‍ഗ്ഗെ മറന്നില്ല... 

ന്യൂഡെൽഹി : ഒടുവിൽ കോൺഗ്രസ്സ് അനങ്ങിത്തുടങ്ങി. മോദിസ്തുതിയുമായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന തിരുവനന്തപുരം എം.പി. ഡോ. ശശി തരൂരിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ദേശീയ അദ്ധ്യക്ഷൻ മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗെയാണ് ആദ്യവെടി പൊട്ടിച്ചത്. ചിലര്‍ക്ക് രാജ്യത്തേക്കാൾ വലുത് മോദിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മോദിയെ സ്തുതിച്ച് തരൂര്‍ ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തെക്കുറിച്ച് പ്രതികരിക്കവേയാണ് ഖാര്‍ഗ്ഗേ തന്റെ നിലപാട് വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂര്‍ വിഷയത്തിലും ഇതരആനുകാലിക സംഭവവികാസങ്ങളിലും പാര്‍ട്ടി നിലപാടിന് കടകവിരുദ്ധമായാണ് തരൂര്‍ സംസാരിച്ചത്.   
         ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശപര്യടനം നടത്തിയ സംഘത്തിൽ അംഗമായ തരൂര്‍ വിദേശരാജ്യങ്ങളിലും സ്വന്തം പാര്‍ട്ടി നിലപാട് തള്ളിയിരുന്നു. പോയിടങ്ങളിലെല്ലാം രാജ്യത്തെ പ്രകീര്‍ത്തിച്ച തരൂര്‍ മോദിയുടേയും എൻ.ഡി.എ. സര്‍ക്കാരിന്റേയും ധീരമായ നിലപാടിനെ വാഴ്ത്തുകയും ചെയ്തു. എന്നാൽ ഒരു കോൺഗ്രസ്സ് പ്രവര്‍ത്തകൻ എപ്പോഴും പാര്‍ട്ടിയുടെ നിലപാടാണ് പറയേണ്ടതെന്നും വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും ഖാര്‍ഗ്ഗെ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞു. തരൂര്‍ വിഷയത്തിൽ പാര്‍ട്ടി തുടര്‍ന്ന ദീര്‍ഘമായ മൗനത്തിന് വിരാമംകുറിച്ചുകൊണ്ടായിരുന്നു ഖാര്‍ഗ്ഗെയുടെ പ്രതികരണം. ഇത് കൃത്യമായ ചില സൂചനകൾ നൽകുന്നുണ്ട്. ഇന്നല്ലെങ്കിൽ നാളെ തരൂരിനെ പുറത്താക്കാൻ പാര്‍ട്ടി നിര്‍ബന്ധിതമാകും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. 
        മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങൾക്ക്, തരൂരിന്റെ ഇംഗ്ലീഷ് നല്ലതായതുകൊണ്ടാണ് അദ്ദേഹത്തെ പ്രവര്‍ത്തകസമിതിയിൽ ഉൾപ്പെടുത്തിയതെന്ന് പറഞ്ഞ് പരിഹസിക്കാനും ഖാര്‍ഗ്ഗെ മറന്നില്ല എന്നതും മേൽപ്പറഞ്ഞതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഇംഗ്ലീഷ് കൊള്ളാം എന്നതിനപ്പുറം തരൂരിനെ ഒന്നിനും കൊള്ളില്ല എന്നാണ് ഖാര്‍ഗ്ഗെ പരോക്ഷമായി ഉദ്ദേശിച്ചത്. അധികം വൈകാതെ തരൂരിനെ വരുതിയിലാക്കാൻ പാര്‍ട്ടി ചില നീക്കുപോക്കുകൾ നടത്തുമെന്നാണ് ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ലഭ്യമാകുന്ന വിവരം. അതുതന്നെയാണ് തരൂരും പ്രതീക്ഷിക്കുന്നത്. ഇതറിയാവുന്നതിനാലാണ് പാര്‍ട്ടി തരൂരിനെ ഇത്രയുംനാൾ വിട്ടുപിടിച്ചതും. എന്നാലിനി പാര്‍ട്ടി സമീപനത്തിൽ അടിമുടി മാറ്റമുണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img