ജി.എസ്.ടി. നമ്മുടെ വയറ്റത്തടിക്ക്വോ ?

ഇതുസംബന്ധിച്ച് സമവായം കാണാൻ ബീഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി കൺവീനറായ ഉപസമിതി യോഗം ചേര്‍ന്നെങ്കിലും തീരുമാനമായില്ല. ജൂൺ അവസാനമോ ജൂലൈ ആദ്യമോ ചേരുന്ന ജി.എസ്.ടി. കൗൺസിലിൽ...
ന്യൂഡെൽഹി : വിലക്കയറ്റം കാരണം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി പുതിയൊരു ഭീഷണി. ജി.എസ്.ടി. നികുതിഘടനയിലെ 12 ശതമാനം സ്ലാബ് ഒഴിവാക്കാൻ ജി.എസ്.ടി. കൗൺസിൽ ആലോചിക്കുന്നു എന്നതാണ് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഇത് ഒന്നുകിൽ 5 ശതമാനമാക്കി കുറയ്ക്കണം, അല്ലേൽ 18 ശതമാനമാക്കി വര്‍ദ്ധിപ്പിക്കണം. ആദ്യത്തേത് സംഭവിച്ചാൽ വിലക്കുറവും രണ്ടാമത്തേത് സംഭവിച്ചാൽ കുത്തനെയുള്ള വിലക്കയറ്റവുമാകും സംഭവിക്കുക. നിലവിൽ നാല് സ്ലാബുകളാണ് ജി.എസ്.ടിയിലുള്ളത്. അവ യഥാക്രമം 5,12,18,28 എന്നിങ്ങനെയാണ്. ഇതിൽ 12 ശതമാനം പൂര്‍ണ്ണമായി ഒഴിവാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് സമവായം കാണാൻ ബീഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി കൺവീനറായ ഉപസമിതി യോഗം ചേര്‍ന്നെങ്കിലും തീരുമാനമായില്ല. ജൂൺ അവസാനമോ ജൂലൈ ആദ്യമോ ചേരുന്ന ജി.എസ്.ടി. കൗൺസിലിൽ അന്തിമതീരുമാനം ആയേക്കുമെന്നാണ് സൂചന.
ജനങ്ങൾക്ക് മുന്നിൽ ആകെയുള്ള പ്രതീക്ഷ ആസന്നമായ ബീഹാര്‍ തിരഞ്ഞെടുപ്പ് മാത്രമാണ്. അതുമുന്നിൽ കണ്ട് കടുത്തതീരുമാനങ്ങൾ ഒഴിവാക്കുമെന്നും ജനങ്ങൾ പ്രത്യാശിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെയും വിലക്കയറ്റ ഭീഷണി ഉയരാനുള്ള സാദ്ധ്യതയുണ്ട്. സംസ്ഥാനധനന്ത്രി കെ.എൻ. ബാലഗോപാൽ ഉപസമിതിയിൽ അംഗമാണ്. ബാലഗോപാൽ ഉൾപ്പെടെ നിരവധി അംഗങ്ങൾ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അന്തിമതീരുമാനം എന്താകുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടതുണ്ട്.
12 ശതമാനസ്ലാബിൽ പെടുന്നവ –
കണ്ടൻസ്ഡ് മിൽക്ക്, ചീസ്, ഈത്തപ്പഴം, ശീതീകരിച്ച പച്ചക്കറി, ഉണങ്ങിയപഴം, പാസ്ത, ജാം, ജെല്ലികൾ, ടൂത്ത് പൗഡര്‍, കുട, സൈക്കിൾ, ബാഗുകൾ, ആയിരത്തിൽതാഴെ വിലവരുന്ന ചെരിപ്പുകൾ, ഫീഡിംഗ് ബോട്ടിൽ, മയണൈസ്, കുറഞ്ഞനിരക്കിലെ വിമാനടിക്കറ്റുകൾ അങ്ങിനെ സാധാരണക്കാരന് ഉപയോഗപ്പെടുന്ന പലതും ഈ ഗണത്തിലാണ് ഉൾപ്പെടുന്നത്.
Photo Courtesy - Google











