എം. സ്വരാജിന് പണിയാകുമോ ...
സത്യാനന്തരകാലത്തെ ‘നേര്‍’ക്കാഴ്ച
ഒരു വാക്കുപോലും ദേശാഭിമാനിയിൽ നിന്നും ആരും പാര്‍ട്ടിയോട് ചോദിച്ചതുമില്ല. ഇത് പിണറായി ക്യാമ്പിനെ വല്ലാണ്ട് അലോസരപ്പെടുത്തുന്നുണ്ട്
തിരുവനന്തപുരം : സത്യാനന്തരകാലത്തെ നേര് നേരത്തേ ജനങ്ങളെ അറിയിക്കാൻ ഇറങ്ങിത്തിരിച്ച സി.പി.എം. നേതാവാണ് എം. സ്വരാജ്. തൃപ്പൂണ്ണിത്തുറ എം.എൽ.എ. ആയിരുന്ന കാലം മുതൽ സ്വരാജ് ഇതിനായി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാലിന്ന് അദ്ദേഹം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററാണ്. തത്സ്ഥാനത്ത് സ്വരാജ് എത്തിയശേഷം ദേശാഭിമാനി ഒരു അബദ്ധപഞ്ചാംഗമായി മാറുന്നു എന്ന് പാര്‍ട്ടിക്കാര്‍ തന്നെ അടക്കം പറയുന്നു.
നടി കവിയൂര്‍ പൊന്നമ്മ മരിച്ചതിന്റെ തൊട്ടടുത്ത ദിവസം മോഹൻലാലിന്റെ പേരിൽ ദേശാഭിമാനിയിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത ലേഖനത്തിൽ തന്റെ പെറ്റമ്മയും സിനിമയിലെ അമ്മയും തന്നെവിട്ടുപോയി എന്ന് മോഹൻലാൽ പറഞ്ഞതായി എഴുതുകയുണ്ടായി. മോഹൻലാലിന്റെ അമ്മ ജീവിച്ചിരിക്കേ അദ്ദേഹം ഒരിക്കലും അങ്ങിനെ പറയുകയോ എഴുതുകയോ ചെയ്യില്ല. ഇതോടെ പ്രസ്തുത ലേഖനം ദേശാഭിമാനി വ്യാജമായി ചമച്ചതാണെന്ന് തെളിഞ്ഞു. ഇതിന്റെ പേരിൽ ഒരു ന്യൂസ് എഡിറ്ററെ സസ്പെന്റ് ചെയ്യുകയും പിറ്റേന്ന് വാലും തലയുമില്ലാത്ത ഖേദം പ്രകടിപ്പിക്കലും ദേശാഭിമാനി നടത്തി. ഏത് വാര്‍ത്തയിലെ തെറ്റാണ്, എന്താണ് ആ തെറ്റിന് കാരണം എന്നൊന്നും നേര് നേരത്തേ അറിയിക്കുന്ന പത്രം പറഞ്ഞില്ല. സത്യാനന്തരകാലത്തെ സത്യത്തിന്റെ വക്താവ് കൂടിയായ സ്വരാജും മിണ്ടിയില്ല.
ഇപ്പോൾ ദേ അതിനേക്കാൾ വലിയ പുലിവാലാണ് ടിയാൻ പിടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് നിലമ്പൂര്‍ എം.എൽ.എ. പി.വി. അൻവര്‍ നടത്തിയ വാര്‍ത്താസമ്മേളനം ദേശാഭിമാനിയുടെ ഒന്നാംപേജിലാണ് പ്രസിദ്ധീകരിച്ചത്. വാര്‍ത്താസമ്മേളനം നടത്തരുതെന്ന പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ചുകൊണ്ട് നടത്തിയ പ്രസ്മീറ്റ് ഒരിക്കലും ദേശാഭിമാനി പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നു. അതാണ് കീഴ്വഴക്കം. ഇതേക്കുറിച്ച് ഒരു വാക്കുപോലും ദേശാഭിമാനിയിൽ നിന്നും ആരും പാര്‍ട്ടിയോട് ചോദിച്ചതുമില്ല. ഇത് പിണറായി ക്യാമ്പിനെ വല്ലാണ്ട് അലോസരപ്പെടുത്തുന്നുണ്ട്. തനിക്കെതിരായ പാര്‍ട്ടിയിലെ ചിലരുടെ നീക്കമാണോ പ്രസ്തുത വാര്‍ത്തയ്ക്ക് പിന്നിൽ എന്നുപോലും അദ്ദേഹം സംശയിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. വ്യാജവാര്‍ത്തകൾക്കെതിരെയും വാര്‍ത്തകൾ വളച്ചൊടിക്കുകയും മുക്കുകയും ചെയ്യുന്ന മാധ്യമസംസ്കാരത്തിനെതിരെ ശക്തിയുക്തം സംസാരിക്കുന്ന മുഖ്യമന്ത്രിയാണ് സ്വന്തം പാര്‍ട്ടിയുടെ മുഖപത്രത്തിൽ വന്ന വാര്‍ത്തയിൽ അസ്വസ്ഥനാകുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം. മാത്രമല്ല പാര്‍ട്ടിപത്രത്തിൽ വന്ന ഹിമാലയൻ ബ്ലണ്ടറിനെക്കുറിച്ച് അദ്ദേഹം ഒരക്ഷരം പോലും മിണ്ടുന്നുമില്ല.
ഇവിടെ മോഹൻലാൽ മാനനഷ്ടകേസ് ഫയൽ ചെയ്താലോ സിവിൽ, ക്രിമിനൽ നടപടകൾ ആരംഭിച്ചാലോ ദേശാഭിമാനി അടിമുടി പ്രതിസന്ധിയിലാകും. എന്നാൽ അദ്ദേഹം അതിന് മുതിരില്ലെന്നും മോഹൻലാലിനെ ചില സി.പി.എം. ഉന്നതര്‍ നേരിട്ട് ബന്ധപ്പെട്ട് മാപ്പുപറഞ്ഞതായുമാണ് സൂചന. ഏതായാലും ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ സ്ഥാനത്ത് ഇരിക്കുന്ന സ്വരാജിന്റെ കാര്യം ഏതാണ്ട് തീരുനമായ മട്ടാണ് എന്ന് പാര്‍ട്ടികേന്ദ്രങ്ങൾ തന്നെ അടക്കം പറയുന്നു.
Photo Courtesy - Google