08:10am 29 April 2026
NEWS
അവിടെ കുറഞ്ഞാലും ഇവിടെ കുറയില്ല
ഇതൊരു ‘പ്രത്യേകതരം’ സിസ്റ്റമാണ് ...

08/04/2025  08:02 AM IST
അനീഷ് മോഹനചന്ദ്രന്‍
ജനം മണ്ടൻമാരല്ല...
HIGHLIGHTS

പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകൾ നേരിടുന്ന സമയത്തൊന്നും ആഗോളതലത്തിൽ വില കൂടിയാലും നാട്ടിൽ പെട്രോൾ, ഡീസൽ വില വര്‍ദ്ധിക്കാറില്ല... 

ന്യൂഡെൽഹി : ക്രൂഡ് ഓയിൽ വില ആഗോളതലത്തിൽ വര്‍ദ്ധിക്കുമ്പോൾ ഇവിടെയും വര്‍ദ്ധിപ്പിക്കും, കുറഞ്ഞാൽ ഇവിടെയും കുറയ്ക്കും. ആത്യന്തികമായി ഇതിന്റെ നേട്ടം ജനങ്ങൾക്കാണ്. ഈയൊരുപ്രഖ്യാപനത്തോടെയാണ് രണ്ടാം യു.പി.എ. സര്‍ക്കാര്‍ ആദ്യം പെട്രോളിന്റെ വിലനിര്‍ണ്ണായാധികാരവും രണ്ടാമത് ഡീസലിന്റെ വിലനിര്‍ണ്ണയ അധികാരവും എണ്ണക്കമ്പനികൾക്ക് നൽകിയത്. എന്നാൽ ആഗോളതലത്തിൽ കൂടുമ്പോൾ ഇവിടെ വില കൂടുന്നതല്ലാതെ കുറയുമ്പോൾ ആനുപാതികമായ കുറവ് റീട്ടൈൽ രംഗത്ത് കണ്ടില്ല എന്താണ് അനുഭവസാക്ഷ്യം. അന്നതിനെ അതിരൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ കക്ഷി ബി.ജെ.പിയാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. യു.പി.എ. സര്‍ക്കാരിന്റെ നയം തിരുത്താൻ തയ്യാറാകാത്ത ബി.ജെ.പി. സര്‍ക്കാര്‍ വര്‍ദ്ധിതവീര്യത്തോടെ എണ്ണയിലെ കൊള്ളയടി തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. 
          ഏറ്റവും ഒടുവിൽ, ട്രമ്പിന്റെ നികുതിയുദ്ധത്തിൽ വിറച്ച് ആഗോളവിപണി തകര്‍ന്നടിയുമ്പോൾ അതിന്റെ ആഫ്റ്റര്‍ എഫക്ട് എന്നോണം ക്രൂഡ് ഓയിൽ വിലയും ഇടിയുന്നുണ്ട്. കഴിഞ്ഞദിവസം ബാരലിന് 65 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില ഇന്ന് 64 നിലവാരത്തിലും താഴെയാണ് വിൽക്കപ്പെടുന്നത്. സ്വാഭാവികമായും പെട്രോളിന്റെ വില 80 രൂപയ്ക്ക് താഴെ വരേണ്ടതാണ് (ആനുപാതിക ഇടിവ് രേഖപ്പെടുത്തിയാൽ). ദൗര്‍ഭാഗ്യവശാൽ അതുണ്ടാകുന്നില്ലെന്ന് മാത്രമല്ല പെട്രോൾ വില അതേപ്പടി നിലനിര്‍ത്തുകയാണ് (ശരാശരി 107 ലെവൽ) കമ്പനികൾ ചെയ്യുന്നത്. അതേസമയം കേന്ദ്രസര്‍ക്കാരാകട്ടെ, നാമമാത്രമായി കമ്പനികൾക്ക് ഏര്‍പ്പെടുത്താവുന്ന കുറവ് അധിക സെസിലൂടെ ഇല്ലാതാക്കുകയും ചെയ്തു. ലിറ്ററിന് രണ്ടുരൂപയുടെ സെസാണ് കേന്ദ്രം ഇപ്പോൾ ചുമത്തിയിരിക്കുന്നത്. ഇത് നൽകേണ്ട ഉത്തരവാദിത്തം എണ്ണകമ്പനികൾക്കായതിനാൽ അവര്‍ പെട്രോളിന്റേയും ഡീസലിന്റേയും വില കുറയ്ക്കാൻ പോകുന്നില്ലെന്ന് സാരം. അതേസമയം, പാചകവാതകത്തിന്റെ വില സിലിണ്ടര്‍ ഒന്നിന് 50 രൂപ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഫലത്തിൽ ഇത് ജനങ്ങൾക്ക് ഇരുട്ടടിയാണ്. 
          തത്വത്തിൽ, ആഗോളതലത്തിൽ വില കുറയുമ്പോൾ ഇവിടെയും കുറയും എന്നത് ഇപ്പോഴും ഒരു സങ്കൽപ്പം മാത്രമായി ശേഷിക്കുന്നു. ഇവിടെ കുറ്റക്കാര്‍ എണ്ണക്കമ്പനികളാണെന്ന പതിവുപല്ലവിയാണ് കേന്ദ്രത്തിന് വിളമ്പാനുള്ളത്. അതേസമയം, രാജ്യം പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകൾ നേരിടുന്ന സമയത്തൊന്നും ആഗോളതലത്തിൽ വില കൂടിയാലും നാട്ടിൽ പെട്രോൾ, ഡീസൽ വില വര്‍ദ്ധിക്കാറില്ല എന്നതാണ് കൗതുകരമായ സംഗതി. പോളിംഗ് അവസാനിച്ചുകഴിഞ്ഞാൽ തൊട്ടടുത്ത ദിവസം വില കുതിച്ചുയരുകയും ചെയ്യും. ഇതിൽ കാര്യങ്ങളെല്ലാം വ്യക്തമാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img