08:32pm 09 November 2026
NEWS
പാലം കടക്കുവോളം നാരായണ...
ഇപ്പോൾ ഗോവിന്ദന് കൂരായണ ?

08/06/2025  07:00 AM IST
News Bureau
അടിയൊഴുക്ക് !
HIGHLIGHTS

ഇപ്പറയുന്നതൊക്കെ പുറംപൂച്ച് മാത്രമാണെന്നും ഇടതുഭരണം തുടര്‍ന്നാൽ പിണറായി തന്നെ മുഖ്യമന്ത്രി ആകുമെന്നും സി.പി.എമ്മിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍... 

തിരുവനന്തപുരം : പിണറായിസം എന്നൊരു ഇസമില്ല, ഉള്ളത് കമ്മ്യൂണിസം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലായിരിക്കും അടുത്ത തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിടുക. എന്നാൽ അദ്ദേഹം തന്നെ വീണ്ടും മുഖ്യമന്ത്രി ആകുമോ എന്നിപ്പോൾ പറയാനാകില്ല – സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ നിലപാട് വ്യക്തമാക്കുമ്പോൾ മലക്കംമറിച്ചിൽ പ്രകടം. പിണറായി വീണ്ടും മുഖ്യമന്ത്രി ആകുമെന്ന് നേരത്തേ പ്രസ്താവിച്ച ഗോവിന്ദൻ പാര്‍ട്ടി സെക്രട്ടറിയായി രണ്ടാംടേം ഉറപ്പിച്ചശേഷം മലക്കംമറിച്ചിൽ നടത്തുന്നത് പാര്‍ട്ടിക്കുള്ളിലെ അടിയൊഴുക്കിന്റെ തെളിവായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 
        പാര്‍ട്ടിസെക്രട്ടറി സ്ഥാനം ഉറപ്പിക്കുന്നതുവരെ നാരായണ അതുകഴിഞ്ഞപ്പോൾ കൂരായണ എന്ന നിലപാടിലേക്കാണ് ഗോവിന്ദൻ പോകുന്നത് എന്ന് പരിഹസിക്കുന്നവരുമുണ്ട്. എന്നാൽ ഇപ്പറയുന്നതൊക്കെ പുറംപൂച്ച് മാത്രമാണെന്നും ഇടതുഭരണം തുടര്‍ന്നാൽ പിണറായി തന്നെ മുഖ്യമന്ത്രി ആകുമെന്നും സി.പി.എമ്മിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ വിലയിരുത്തുന്നു. പാര്‍ട്ടി ജനറൽ സെക്രട്ടറിയായി എം.എ. ബേബി വന്നു എന്നതുമാത്രമാണ് ഇപ്പോൾ പിണറായിക്കുള്ള ഏക തിരിച്ചടി. പക്ഷേ, പാര്‍ട്ടി ഇപ്പോഴും പിണറായിയുടെ കൈകളിൽ തന്നെയാണ്. എന്നാൽ നിലമ്പൂര്‍ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. തോൽക്കുന്നപക്ഷം വീണ്ടും പ്രശ്നങ്ങൾ ഉരുത്തിരിയാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്. പിണറായി കാലത്ത് ഒരുപതിരഞ്ഞെടുപ്പിലും മുന്നണിക്ക് ജയിക്കാൻ സാധിച്ചിട്ടില്ല എന്നത് ഗൗരവമായിട്ടാണ് പാര്‍ട്ടി കാണുന്നത്. സര്‍ക്കാരിനോടുള്ള ജനങ്ങളിലുള്ള അവമതിപ്പാണ് ഇതിലൂടെ പ്രകടമാകുന്നതത്രേ. 2025 അവസാനം നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടാൽ അത് പാര്‍ട്ടിയുടെ മൊത്തം സമവായസിദ്ധാന്തങ്ങളെയും മാറ്റിമറിക്കും എന്നും വിലയിരുത്തലുകൾ വരുന്നുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img