ഇക്കുറി ‘വെട്ടേറ്റത് ’ ടി.വി. രാജേഷിന്

അദ്ദേഹത്തിന്റെ ആത്മമിത്രവും അനുയായിയുമായ ടി.വി. രാജേഷിനേയും വെട്ടി. കണ്ണൂരിലെ ജയരാജൻ ഫാൻസുകാരെ സംബന്ധിച്ചിടത്തോളം...
കണ്ണൂര്‍ : ആദ്യം പി.ജയരാജൻ. ഇപ്പോൾ ദേ ടി.വി. രാജേഷ്. ഒന്നിനുപുറകേ ഒന്നായി കണ്ണൂരിലെ പല പ്രമുഖരും പാര്‍ട്ടിയിൽ അപ്രസക്തരാകുന്നു. മുതിര്‍ന്ന നേതാവ് എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതിന് പിന്നാലെ അദ്ദേഹത്തിന് ജില്ലാസെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നപ്പോൾ പരിഗണിക്കപ്പെട്ടത് മുൻ എം.പി. കെ.കെ. രാഗേഷാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിൽക്കുന്ന രാഗേഷിനെ തന്നെ പ്രത്യേക ദൗത്യവുമായി കണ്ണൂരിൽ അവരോധിച്ചത് മറ്റാരുമല്ല. സാക്ഷാൽ മുഖ്യന്ത്രി തന്നെ ! വാസ്തവത്തിൽ കണ്ണൂരിലെ പാര്‍ട്ടി സഖാക്കൻമാര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത് മുൻ എം.എൽ.എ. ടി.വി. രാജേഷ് ജില്ലാസെക്രട്ടറി ആകുമെന്നായിരുന്നു. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്തായി.
ഇക്കുറി കണ്ണൂരിൽ നിന്നും സംസ്ഥാനസെക്രട്ടറിയേറ്റിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന നേതാവ് പി. ജയരാജനായിരുന്നു. അദ്ദേഹത്തിന്റെ പേര് വെട്ടാൻ പിന്നിൽ നിന്നുകളിച്ചവര്‍ തന്നെ ഇക്കുറി അദ്ദേഹത്തിന്റെ ആത്മമിത്രവും അനുയായിയുമായ ടി.വി. രാജേഷിനേയും വെട്ടി. കണ്ണൂരിലെ ജയരാജൻ ഫാൻസുകാരെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ്. മുഖ്യന് ഇഷ്ടമില്ലാത്തവരൊന്നും പാര്‍ട്ടിയിൽ ഒരുപരിധിക്കപ്പുറം വളരില്ല അല്ലെങ്കിൽ വളര്‍ത്തില്ല എന്നതാണ് സമകാലിക യാഥാര്‍ത്ഥ്യം. ഇത് കണ്ണൂരിൽ ശക്തമായ അടിയൊഴുക്കുകൾക്ക് കളമൊരുക്കുന്നുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ഇവിടെ എല്ലാവര്‍ക്കും അറിയേണ്ടത് ഒരുചോദ്യത്തിനുള്ള ഉത്തരം മാത്രം. എന്തുകൊണ്ടാണ് പി. ജയരാജൻ പിണറായി വിജയന്റെ കണ്ണിലെ കരടായി മാറിയത്. കാരണം പി.ജെയുടെ ഗുഡ്ബുക്കിൽ ഇടമുള്ളതുകൊണ്ട് മാത്രമാണ് ടി.വി. രാജേഷ് ഇന്ന് പുകഞ്ഞകൊള്ളിയായി പുറത്തുനിൽക്കേണ്ടി വരുന്നത്.
Photo Courtesy - Google