04:16pm 07 November 2026
NEWS
എന്താ ‘ഈ’ സഖാക്കൻമാര്‍
ഇങ്ങിനെ പെരുമാറുന്നത് ?

19/02/2025  08:45 AM IST
News Bureau
എന്താ ഇങ്ങിനെ ?
HIGHLIGHTS

ഇനിയും മുഖ്യമന്ത്രിയുടെ വല്യേട്ടൻമനോഭാവത്തിന് വിധേയപ്പെട്ട് കഴിഞ്ഞാൽ പാര്‍ട്ടി പിളരുമെന്ന് അവര്‍ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു  

തിരുവനന്തപുരം : സി.പി.ഐ. രണ്ടും കൽപ്പിച്ചാണെന്ന് തോന്നുന്നു. കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ നീക്കം ഒരുകാരണവശാലും അംഗീകരിക്കേണ്ടതില്ലെന്ന് അവരങ്ങ് തീരുമാനിച്ചു. നേരത്തേ, ബ്രൂവറി വിഷയത്തിലും സി.പി.ഐ. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നവിധം എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എന്നാൽ സി.പി.എം. കണ്ണുരുട്ടിയതോടെ അവരൊന്ന് അടങ്ങി. ഇതോടെ വിഷയം തണുത്തെന്ന് കരുതി ഇരിക്കുന്ന വേളയിലാണ് അവര്‍ വീണ്ടും നിലപാട് കടുപ്പിച്ച് രംഗത്തുവന്നിരിക്കുന്നത്. ഇന്ന് ചേരുന്ന നിര്‍ണ്ണായക ഇടതുമുന്നണിയോഗത്തിൽ സി.പി.ഐ. നിലപാട് കടുപ്പിക്കും. ഇതോടെ സംസ്ഥാനസര്‍ക്കാര്‍ ടോൾ വിഷയത്തിൽ എന്തുനിലപാട് കൈക്കൊള്ളും എന്നതിലേക്കാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ഇവിടെ സ്വാഭാവികമായും ഉയരുന്ന സംശയം ഇതാണ്. എന്തുകൊണ്ടാണ് സി.പി.ഐ. ഇങ്ങിനെ നിലപാട് കടുപ്പിക്കുന്നത് ? 
          സി.പി.എം. സംസ്ഥാനസമ്മേളനത്തിലേക്ക് കടക്കുന്നതിന് പിന്നാലെ സി.പി.ഐയിലും സമ്മേളനകാലങ്ങൾക്ക് തുടക്കമാവുകയാണ്. ഈ സാഹചര്യത്തിൽ പാര്‍ട്ടി പല ചോദ്യങ്ങൾക്കും ഉത്തരംനൽകേണ്ടി വരും. സംസ്ഥാനസര്‍ക്കാരിന് ദാസ്യപ്പെട്ട് കഴിയുന്നു എന്ന ആക്ഷേപം ഒഴിവാക്കാൻ എന്തെങ്കിലുമൊക്കെ ചെയ്തെന്ന് വരുത്തിതീര്‍ക്കുകയാണ് പ്രഥമലക്ഷ്യം. അതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ട സംഗതിയാണ് പാര്‍ട്ടിക്കുള്ളിൽ നടക്കുന്ന ശക്തമായ ആഭ്യന്തരയുദ്ധം. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഒരുവിഭാഗം ശക്തമായ നിലപാടാണ് സംസ്ഥാനകൗൺസിലിൽ കൈക്കൊണ്ടിരിക്കുന്നത്. ഇനിയും മുഖ്യമന്ത്രിയുടെ വല്യേട്ടൻമനോഭാവത്തിന് വിധേയപ്പെട്ട് കഴിഞ്ഞാൽ പാര്‍ട്ടി പിളരുമെന്ന് അവര്‍ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അത്തരത്തിൽ ഒരു ഭിന്നിപ്പ് ഉടലെടുത്താൽ ഒരുപക്ഷേ അടുത്തിടെ നവീകരിച്ച സംസ്ഥാനകമ്മറ്റി ഓഫീസ് പോലും പാര്‍ട്ടി ഔദ്യോഗികപക്ഷത്തിന് നഷ്ടമായെന്ന് വരാം. ഈ സാഹചര്യത്തിൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നപരിഹാരം കാണാനാണ് ബിനോയും കൂട്ടരും ശ്രമിക്കുന്നത്. എന്നാൽ സി.പി.ഐയുടെ സമ്മര്‍ദ്ദതന്ത്രങ്ങൾ എത്രത്തോളം ഫലംകാണും എന്നത് കാത്തിരുന്നുകാണേണ്ട സംഗതിയാണ്. ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്. തരംഗം പ്രതിഫലിക്കുന്ന പക്ഷം സംസ്ഥാനരാഷ്ട്രീയത്തിലും ശക്തമായ ചില മറ്റങ്ങൾ പ്രതിഫലിച്ചേക്കുമെന്നാണ് തലസ്ഥാനത്തുനിന്നും ലഭ്യമാകുന്ന വിവരം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img