04:49am 10 November 2026
NEWS
‘ഭാരതാംബ’ നൽകിയ ഗോൾഡൻചാൻസ്
മാക്സിമം മുതലെടുക്കാൻ സി.പി.ഐ.

09/06/2025  06:42 AM IST
News Bureau
എല്ലാം പുകമറ
HIGHLIGHTS

സി.പി.ഐ. മന്ത്രിമാരുടെ പ്രവര്‍ത്തനമുൾപ്പെടെ വരും സമ്മേളനങ്ങളിൽ വിശകലനം ചെയ്യപ്പെടാനുള്ള സാദ്ധ്യതയും നേതാക്കൾ… 

തിരുവനന്തപുരം : ഇടതുപക്ഷത്ത് രാഷ്ട്രീയഅസ്ഥിത്വപ്രതിസന്ധി നേരിടുന്ന സി.പി.ഐക്ക് ഭാരതാംബ വിവാദം പകര്‍ന്നുനൽകുന്നത് പുത്തൻഉണര്‍വ്. ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സി.പി.ഐ. പ്രാദേശിക സമ്മേളനങ്ങളിൽ ഭാരതാംബയാണ് സജീവചര്‍ച്ചാവിഷയം. ഇതര സംസ്ഥാനവിഷയങ്ങൾ പലതും അപ്രസക്തമാക്കിക്കൊണ്ട് സി.പി.ഐയുടെ ചര്‍ച്ചകൾ ആ വഴിക്ക് നീങ്ങുമ്പോൾ തൃശൂര്‍ പൂരം കലക്കൽവിവാദവും അങ്ങിങ്ങ് ഉയര്‍ന്നുവരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായി തുടരുമ്പോഴും പൂരവിവാദത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അനുകൂലനിലപാട് ഉണ്ടാകാത്തത് (എ.ഡി.ഡി.പി. എം.ആര്‍. അജിത്കുമാറിനെ തള്ളിപ്പറയുന്ന കാര്യത്തിൽ) പാര്‍ട്ടിക്ക് വലിയ ക്ഷീണമായിരുന്നു. ഇത് സമ്മേളനങ്ങളിൽ അങ്ങിങ്ങ് ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് യാദൃശ്ചികമായി ഭാരതാംബവിവാദം ഉയര്‍ന്നുവന്നത്. 
         വിഷയം സംസ്ഥാനസമ്മേളനംവരെ കത്തിച്ചുനിര്‍ത്തിയാൽ പാര്‍ട്ടിയുടെ വര്‍ഗ്ഗീയതയ്ക്ക് എതിരായ പോരാട്ടം ജനങ്ങളിലേക്ക് എത്തിക്കാനും ചര്‍ച്ചകൾ ആ വഴിക്ക് തിരിച്ചുവിടാനും സാധിക്കുമെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ ചര്‍ച്ചകളുടെ ചൂടാറുന്നതോടെ സംസ്ഥാനസര്‍ക്കാരിനെതിരായ അഴിമതി ആരോപണവും മുഖ്യമന്ത്രിക്കും മകൾക്കുമെതികായ കേസുകളിലും വിവാദങ്ങളിലും പാര്‍ട്ടികൈക്കൊണ്ട നിസംഗതയുമൊക്കെ ചര്‍ച്ചയായി ഉയര്‍ന്നുവന്നേയ്ക്കാം എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. സി.പി.ഐ. മന്ത്രിമാരുടെ പ്രവര്‍ത്തനമുൾപ്പെടെ വരും സമ്മേളനങ്ങളിൽ വിശകലനം ചെയ്യപ്പെടാനുള്ള സാദ്ധ്യതയും നേതാക്കൾ തള്ളുന്നില്ല. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും ‘ആക്രമണം’ പ്രതീക്ഷിക്കാം. എന്നാൽ മാറിവരുന്ന രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങൾക്കനുസൃതമായി പുതിയ ചര്‍ച്ചകൾ തുറന്ന് വിവാദങ്ങളുടെ കെട്ടടക്കാം എന്നാണ് സംസ്ഥാനകൗൺസിലിന്റെ തീരുമാനം.  

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img