09:58pm 09 November 2026
NEWS
ഒരുസൈഡിൽ കള്ളം പറഞ്ഞൊപ്പിച്ചു
മറുസൈഡിൽ എല്ലാം കുളമാക്കി ...
ബിനോയ് വിശ്വം ത്രിശങ്കുവിൽ !

14/06/2025  11:31 AM IST
അനീഷ് മോഹനചന്ദ്രന്‍
ബിനോയ് പെട്ടു !
HIGHLIGHTS

സി.പി.ഐയിലെ ഉൾപ്പാര്‍ട്ടി പോര് ശക്തമാണെന്ന് ഏതാനും ദിവസങ്ങൾക്ക് മുന്നേതന്നെ കേരളശബ്ദം ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിനോയ്ക്കെതിരെ ചില നീക്കങ്ങൾ പാര്‍ട്ടിയിൽ നടക്കുന്നതായും... 

തിരുവനന്തപുരം : ശ്ശോ ഒരുവിധം ഒപ്പിച്ചു വരികയായിരുന്നു! അപ്പോഴേക്കും മാപ്പ് പറഞ്ഞ് നാറ്റിച്ചു. ഇതെല്ലാം കുത്തിപ്പൊക്കി എടുക്കാൻ ഓരോ മാധ്യമങ്ങളും... സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അവസ്ഥ ഏതാണ്ട് ഇങ്ങിനൊക്കെയാണ്. സംസ്ഥാനസെക്രട്ടറി കൊള്ളത്തില്ലെന്ന തരത്തിൽ സി.പി.ഐ. പ്രദേശിക നേതാക്കൾ പറയുന്ന ഓഡിയോ പുറത്തുവന്നതാണ് ബിനോയ് വിശ്വത്തെ പൊല്ലാപ്പിലാക്കിയിരിക്കുന്നത്. സെക്രട്ടറി എന്ന നിലയിൽ ബിനോയ് പരാജയമാണെന്ന് ഓഡിയോ സന്ദേശത്തിൽ പറയുന്നു. സംസ്ഥാന നിര്‍വാഹക സമിതി അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാസെക്രട്ടറി കെ.എം. ദിനകരനുമാണ് ബിനോയെ വിമര്‍ശിച്ചത്. ഒരു കാര്‍ യാത്രയ്ക്കിടെ ഇരുവരും തമ്മിൽ സ്വകാര്യമായി സംസാരിച്ച വിവരം എങ്ങിനെയോ പുറത്തുവരികയായിരുന്നു. ഇത് വിവാദമായതോടെ പുറത്തുവന്ന ഓഡിയോ സി.പി.ഐക്കാരുടേതല്ലെന്ന വാദവുമായി ബിനോയ് വിശ്വം പ്രതിരോധം തീര്‍ത്തു. 
        എന്നാൽ വിവാദത്തിൽപ്പെട്ട അതേ നേതാക്കൾ ബിനോയെ കണ്ട് ഇപ്പോൾ മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു. ഇതോടെ ബിനോയുടെ വാദങ്ങൾ അടപടലം പൊളിഞ്ഞിരിക്കുന്നു. ഇനി നേതാക്കൻമാര്‍ക്കെതിരെ നടപടി എടുത്താൽ മാപ്പുപറച്ചിൽ സ്ഥിരീകരിക്കപ്പെടും. മാത്രമല്ല പാര്‍ട്ടിക്കാരല്ല തനിക്കെതിരെ സംസാരിച്ചതെന്ന ആദ്യവാദവും തകര്‍ന്നടിയും. എന്നാൽ നടപടി എടുക്കാതിരുന്നാൽ അത് വ്യക്തിപരമായി തനിക്ക് ക്ഷീണമാകുമെന്നും ബിനോയ് വിശ്വം കരുതുന്നു. സി.പി.ഐയിലെ ഉൾപ്പാര്‍ട്ടി പോര് ശക്തമാണെന്ന് ഏതാനും ദിവസങ്ങൾക്ക് മുന്നേതന്നെ കേരളശബ്ദം ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിനോയ്ക്കെതിരെ ചില നീക്കങ്ങൾ പാര്‍ട്ടിയിൽ നടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്ന ഓഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതും പാര്‍ട്ടി ഒന്നടങ്കം പ്രതിസന്ധിയിൽ ആയിരിക്കുന്നതും. 
        ആസന്നമായ സംസ്ഥാനസമ്മേളനത്തിൽ തനിക്ക് ഒരു ടേം കൂടി സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള സാദ്ധ്യത ഉറപ്പിക്കാനാണ് ബിനോയുടെ നീക്കം. എന്നാൽ അത് തടയാനും പുതിയ നേതൃത്വം വരേണ്ടതുണ്ടെന്നും മറുപക്ഷം വാദിക്കുന്നു. ഇതിൽ ആര്‍ക്കാണ് അന്തിമജയം എന്നറിയാൻ ഇനിയും ദിവസങ്ങൾ പിന്നിടേണ്ടതുണ്ട്. ബിനോയ് മാറിയാലും ഇല്ലെങ്കിലും സംസ്ഥാനസമ്മേളനത്തിൽ അദ്ദേഹത്തെ കടന്നാക്രമിക്കാൻ എതിര്‍ചേരി കോപ്പുകൾ കൂട്ടുന്നതായാണ് വിവരം. സി.പി.ഐയുടെ നാലുമന്ത്രിമാരുടെ പ്രകടനത്തിലും ആക്ഷേപങ്ങൾ ശക്തിയുക്തം ഉയര്‍ന്നേക്കുമെന്നാണ് സൂചന. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img