05:16pm 11 November 2026
NEWS
ഒടുവിൽ മുഖ്യൻ തന്നെ ഇറങ്ങി !
ഇന്ന് രാജ്ഭവനിൽ മഞ്ഞുരുകുമോ ?

20/07/2025  06:44 AM IST
News Bureau
ഓണം കൂടാൻ പോരുമോ ?
HIGHLIGHTS

പുതിയ ഗവര്‍ണര്‍ ചുമതലയേറ്റശേഷമുള്ള ആദ്യഓണമാണ് വരാൻ പോകുന്നത്. സര്‍ക്കാരിന്റെ ഓണാഘോഷപരിപാടിയിൽ...

തിരുവനന്തപുരം : ചരിത്രം ആവര്‍ത്തിക്കുന്നുവോ...? അതെ. സംസ്ഥാനസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒടുവിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങുകയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവര്‍ണര്‍ രാജേന്ദ്രഅര്‍ലേകറെ കാണാൻ രാജ്ഭവനിൽ എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ മഞ്ഞുരുക്കം സാദ്ധ്യമാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മുൻഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനുമായും സംസ്ഥാനസര്‍ക്കാര്‍ നിരന്തര യുദ്ധത്തിലായിരുന്നു. അന്നും മുഖ്യൻ നേരിട്ട് സമവായത്തിന് ഇറങ്ങിയിരുന്നു. എന്നാൽ അന്ന് ‘താത്കാലിക വെടിനിര്‍ത്തൽ’ മാത്രമാണ് സാദ്ധ്യമായത്. പിന്നീടുള്ള നാളുകളിൽ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് പരിധികൾവിട്ട് മുന്നോട്ടുപോകുന്നതാണ് കേരളം കണ്ടത്. ഇക്കുറി ആ ചരിത്രം ആവര്‍ത്തിക്കുമോ എന്നതും നിരീക്ഷണവിധേയമാക്കേണ്ട കാര്യമാണ്. 
       സര്‍വ്വകലാശാല വിഷയത്തിലാണ് മുൻഗവര്‍ണറുമായി സര്‍ക്കാര്‍ കൊമ്പു കോര്‍ത്തത്. ഇപ്പോഴും പ്രശ്നം അതുതന്നെയാണ്. ആയതിനാൽ മഞ്ഞുരുക്കം അത്ര എളുപ്പമാകില്ല. മുഖ്യന്റെ രാജ്ഭവൻ സന്ദര്‍ശനത്തിന് മുന്നോടിയായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു കേരളായൂണിവേഴ്സിറ്റി വൈസ് ചാൻസിലര്‍ മോഹൻ കുന്നുമ്മേലുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ സര്‍ക്കാര്‍ നോമിനിയായി സിൻഡിക്കേറ്റ് നിയമിച്ച രജിസ്ട്രാര്‍ അനിൽകുമാറിനെ പിൻവലിച്ചേ മതിയാകൂ എന്ന നിലപാടിൽ വി.സി. ഉറച്ചുനിന്നു. ഗവര്‍ണര്‍ നിയമിച്ച രജിസ്ട്രാര്‍ക്ക് പൂര്‍ണ്ണഅധികാരം നൽകണമെന്നും അദ്ദേഹം ശഠിച്ചു. ഇതിലൊക്കെ സമവായം കാണാനാണ് മുഖ്യന്റെ പുതിയ നീക്കം. പുതിയ ഗവര്‍ണര്‍ ചുമതലയേറ്റശേഷമുള്ള ആദ്യഓണമാണ് വരാൻ പോകുന്നത്. സര്‍ക്കാരിന്റെ ഓണാഘോഷപരിപാടിയിൽ ഗവര്‍ണറാണ് മിക്കപ്പോഴും മുഖ്യാതിഥിയായി എത്തുന്നത്. വിശേഷിച്ച് പുതിയ ഗവര്‍ണര്‍ ചാര്‍ജ്ജെടുത്തതിന് തൊട്ടുപിന്നാലെ നടക്കുന്ന ഓണാഘോഷത്തിൽ. ഇക്കുറി രാജേന്ദ്ര ആര്‍ലേകറെ സര്‍ക്കാര്‍ ഓണത്തിന് ക്ഷണിക്കുമോ, ഇനി അഥവാ ക്ഷണിച്ചാൽ അദ്ദേഹം വരുമോ എന്നതും വിഷയമാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img