എന്താണ് ആ ഹിഡൺ അജണ്ട ?

ദ്രാവിഡവികാരം തൊട്ടുണര്‍ത്തി പത്ത് വോട്ടുപിടിക്കാനുള്ള തന്ത്രങ്ങളെല്ലാം പ്രാദേശിക പാര്‍ട്ടികൾ പയറ്റുമ്പോൾ ബി.ജെ.പി. അക്ഷരാര്‍ത്ഥത്തിൽ വിയര്‍ക്കുകയാണ്. തമിഴ് എന്ന വികാരം അതിശക്തമായി നിലനിൽക്കുന്ന ദ്രാവിഡ മണ്ണിൽ ഹിന്ദി എടുക്കാച്ചരക്കാണ്
ചെന്നൈ : ഒന്നുകിൽ രണ്ടും കൽപ്പിച്ച്. അല്ലെങ്കിൽ എല്ലാപ്രതീക്ഷകളും ഉപേക്ഷിച്ച് ! തമിഴകരാഷ്ട്രീയത്തിൽ ബി.ജെ.പി. പയറ്റാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഇപ്പോഴും അവ്യക്തം. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ത്രിഭാഷാപദ്ധതി ബി.ജെ.പിയുടെ തമിഴകമോഹങ്ങൾക്ക് തിരിച്ചടി ആകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന സംഗതി. ദേശീയനയത്തിന്റെ ഭാഗമായി ഇംഗ്ലീഷും പ്രാദേശികഭാഷയും അല്ലാതെ ഒരുഭാഷകൂടി വേണം എന്നതാണ് കേന്ദ്രനിര്‍ദ്ദേശം. അതിന്ന ഭാഷയാണ് എന്ന് നയത്തിൽ വ്യക്തമാക്കുന്നില്ല. എന്നാൽ പ്രസ്തുത നയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അസന്നിഗ്ദ്ധമായി പറയുന്നു. ഇത് ഏറ്റുപിടിക്കുകയാണ് പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം.
ദ്രാവിഡവികാരം തൊട്ടുണര്‍ത്തി പത്ത് വോട്ടുപിടിക്കാനുള്ള തന്ത്രങ്ങളെല്ലാം പ്രാദേശിക പാര്‍ട്ടികൾ പയറ്റുമ്പോൾ ബി.ജെ.പി. അക്ഷരാര്‍ത്ഥത്തിൽ വിയര്‍ക്കുകയാണ്. തമിഴ് എന്ന വികാരം അതിശക്തമായി നിലനിൽക്കുന്ന ദ്രാവിഡ മണ്ണിൽ ഹിന്ദി എടുക്കാച്ചരക്കാണ്. ഇതറിഞ്ഞിട്ടും ത്രിഭാഷാപഠനവും അതിന്റെ ന്യായീകരണവും ബി.ജെ.പി. പരീക്ഷിക്കുന്നുണ്ടെങ്കിൽ അവര്‍ കൃത്യമായ എന്തോ ഒരു അജണ്ട ഉള്ളിന്റെ ഉള്ളിൽ കണ്ടിട്ടുണ്ടാകും. ഒന്നുകിൽ ആ ഹിഡൻ അജണ്ട തങ്ങൾക്ക് വളക്കൂറാകും എന്നവര്‍ കരുതുന്നു. അല്ലെങ്കിൽ ഇനി തമിഴകത്ത് എന്ത് ചെയ്തിട്ടും കാര്യമില്ല എന്നവര്‍ തിരിച്ചറിയുന്നു. ഇവിടെ എന്താണ് ബി.ജെ.പി. കരുതി വെച്ചിരിക്കുന്നത് എന്നറിയണമെങ്കിൽ 2026വരെ കാത്തിരുന്നേ മതിയാകൂ.
തമിഴക വെട്രികഴകത്തിലൂടെ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്ന നടൻ വിജയും ഹിന്ദിക്കെതിരെ ആഞ്ഞടിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഹിന്ദിയെ തള്ളിപ്പറയുന്ന എല്ലാ നേതാക്കൻമാരുടെ മക്കളും ഹിന്ദി പഠിച്ചവരല്ലേ എന്നതാണ് ബി.ജെ.പി. ഉന്നയിക്കുന്ന മറുചോദ്യം. അധികമായി പഠിക്കുന്നത് ഒരു ഭാഷയാണ്, കാപട്യമല്ല. അറിവിലൂടെ സാദ്ധ്യതകൾ ഏറുകയാണ് ചെയ്യുന്നത്. ഇത് മനസ്സിലാക്കാതെ ദ്രാവിഡ പാര്‍ട്ടികൾ കേവലരാഷ്ട്രീയനേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത് എന്നാണ് ബി.ജെ.പി. സംസ്ഥാനഅദ്ധ്യക്ഷൻ അണ്ണാമലൈ ആരോപിക്കുന്നത്.
Photo Courtesy - Google











