‘ശോഭ’യ്ക്ക് മങ്ങലേൽക്കുന്നുവോ...?

സുരേന്ദ്രന് കഴിഞ്ഞദിവസം രാവിലെ തന്നെ ഡെൽഹിയിൽ നിന്നും വിളിയെത്തിയിരുന്നു. സംസ്ഥാനപ്രസിഡന്റിനെ സമവായത്തിലൂടെ ഐകകണ്ഡമായി തിരഞ്ഞെടുക്കണം. അവിടെ കല്ലുകടികൾ ഉണ്ടാകാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യണം...
തിരുവനന്തപുരം : ശോഭ ഇടഞ്ഞുതന്നെ ! അവസാനഘട്ടം വരെ പ്രതീക്ഷ വെച്ചുപുലര്‍ത്തി. പക്ഷേ, സമവായത്തിന്റെ കരുനീക്കങ്ങളുമായി ആര്‍.എസ്.എസ്. രംഗത്തുവന്നതോടെ സാക്ഷാൽ മോദിയും ആ വഴിക്ക് നീങ്ങി. അതോടെ ബി.ജെ.പിയുടെ പുതിയ സംസ്ഥാനപ്രസിഡന്റായി രാജീവ് ചന്ദ്രശേഖര്‍ അവരോധിക്കപ്പെട്ടു. അപ്രതീക്ഷിതമല്ലെങ്കിലും ഡെൽഹി കേന്ദ്രീകരിച്ച് നടന്ന നീക്കങ്ങളിൽ നഷ്ടം ശോഭ സുരേന്ദ്രന് തന്നെയാണ്. ഒരുവട്ടം കൂടി താൻ എത്തിയേക്കുമെന്ന പ്രതീക്ഷയിൽ കരുനീക്കം നടത്തിയ കെ. സുരേന്ദ്രന് കഴിഞ്ഞദിവസം രാവിലെ തന്നെ ഡെൽഹിയിൽ നിന്നും വിളിയെത്തിയിരുന്നു. സംസ്ഥാനപ്രസിഡന്റിനെ സമവായത്തിലൂടെ ഐകകണ്ഡമായി തിരഞ്ഞെടുക്കണം. അവിടെ കല്ലുകടികൾ ഉണ്ടാകാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യണം. സുരേന്ദ്രൻ അത് അക്ഷരംപ്രതി അനുസരിച്ചു. എന്നാൽ ശോഭാസുരേന്ദ്രൻ തന്റെ ഉള്ളിന്റെയുള്ളിലെ നീരസം മറച്ചുവെച്ചില്ല. അവര്‍ രാജീവിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ചടങ്ങിൽ വൈകിയാണ് എത്തിയത്.
വാഹനം ലഭിക്കാൻ വൈകി എന്നാണ് ശോഭ നൽകുന്ന വിശദീകരണമെങ്കിലും എല്ലാവര്‍ക്കും കാര്യം പിടികിട്ടിയിട്ടുണ്ട്. സുരേന്ദ്രന് ശേഷം താൻ എന്ന ഫോര്‍മുല അംഗീകരിക്കപ്പെടാതെ പോയതിലുള്ള നീരസം പറയാതെ പറഞ്ഞ ശോഭ കേന്ദ്രനേതൃത്വത്തിലെ ചില ഉന്നതരുമായി കഴിഞ്ഞദിവസങ്ങളിൽ ചര്‍ച്ച നടത്തിയിരുന്നു. 2026ൽ വിന്നബിൾ ആയ ഒരു സീറ്റ് നേരത്തേ അനുവദിച്ച് കിട്ടണം. അവിടെ ജയിക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും പാര്‍ട്ടി ദേശീയനേതൃത്വം തന്നെ ചെയ്യണം. തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളും ഫണ്ട് ഒഴുക്കും എല്ലാം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടക്കാത്തപക്ഷം കാലുവാരലിന് സാദ്ധ്യത ഏറെയാണെന്നും ആത്യന്തികമായി അതിന്റെ നഷ്ടം പാര്‍ട്ടിക്കാണെന്നും അവര്‍ കേന്ദ്രത്തെ അറിയിച്ചു.
എന്നാൽ കഴിഞ്ഞദിവസം വൈകിയെത്തിയ ശോഭ പാര്‍ട്ടിക്ക് അതീതയായി നിൽക്കുന്നു എന്ന ചില വിലയിരുത്തലുകൾ വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ശോഭവിരുദ്ധപക്ഷം ഇതൊരു ആയുധമാക്കാനാണ് സാദ്ധ്യത. അതേസമയം, സംസ്ഥാനപ്രസിഡന്റ് സ്ഥാനത്തിനായി പരിഗണിക്കപ്പെട്ടവരുടെ പട്ടികയിലെ മുൻനിരക്കാരിൽ ഒരാളായ എം.ടി. രമേശിന് ചില ഉയര്‍ന്നപദവികൾ ലഭിക്കാനുള്ള സാദ്ധ്യത കാണുന്നുണ്ട്. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ മാനസപുത്രനായ രമേശിന് ചില ഉറപ്പുകൾ പാര്‍ട്ടി നൽകിയിട്ടുണ്ടെന്നും അറിയുന്നു. സ്ഥാനമൊഴിഞ്ഞ സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രനും മാന്യമായ അക്കോമഡേഷൻ ലഭിക്കാനാണ് സാദ്ധ്യത. ഏതായാലും ശോഭയുടെ തുടര്‍നീക്കങ്ങൾ എന്താകും എന്നതിലേക്കാണ് ബി.ജെ.പി. ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ ഉറ്റുനോക്കുന്നത്. ശോഭ പാര്‍ട്ടിവിടുമെന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിന് പിന്നിൽ ബി.ജെ.പിയിലെ ഗ്രൂപ്പിസത്തിന്റെ വക്താക്കളാണ് എന്നാണ് ശോഭക്യാമ്പ് പറയുന്നത്.
Photo Courtesy - Google