05:02pm 10 November 2026
NEWS
ആറ്റിങ്ങലും കഴക്കൂട്ടവും താമര !
ഒരുവെടിക്ക് രണ്ടുപക്ഷി, നടക്കുമോ ?

24/07/2025  12:29 PM IST
News Bureau
ഒന്നിൽപിഴച്ചാൽ മൂന്ന്
HIGHLIGHTS

വി. ജോയ് എന്ന സി.പി.എം. ജില്ലാസെക്രട്ടറി മത്സരിച്ചിട്ടും കേവലം 6000 വോട്ടിന്റെ വ്യത്യാസത്തിലാണ് ബി.ജെ.പി. 

തിരുവനന്തപുരം : ആറ്റിങ്ങലും കഴക്കൂട്ടത്തും ഒരേസമയം കണ്ണുംനട്ട് മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ വി. മുരളീധരൻ. 2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ തലനാരിഴയ്ക്ക് നഷ്ടമായ വിജയം ഒന്നാഞ്ഞ് പരിശ്രമിച്ചാൽ അടുത്തതവണ കൈക്കലാക്കാമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം. അതേസമയം, 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടമാണ് മുരളീധരൻ ലക്ഷ്യമിടുന്ന മണ്ഡലം. കടകംപള്ളി സുരേന്ദ്രൻ അടുത്തതവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഏറെക്കുറേ ഉറപ്പാണ്. കാരണം അദ്ദേഹം അടുപ്പിച്ച് രണ്ടുടേം പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തിൽ വട്ടിയൂര്‍ക്കാവ് എം.എൽ.എ. വി.കെ. പ്രശാന്തിനെ കഴക്കൂട്ടത്തേയ്ക്ക് മാറ്റി പരീക്ഷിക്കാൻ പാര്‍ട്ടി തയ്യാറായാൽപ്പോലും അത് തനിക്കൊരു ഭീഷണി ആകില്ലെന്ന കണക്കുകൂട്ടലിലാണ് മുരളീധരൻ. അവിടെ ജയം ഉറപ്പിക്കാൻ വേണ്ട കരുക്കളെല്ലാം അദ്ദേഹം ഗ്രൗണ്ട് ലെവലിൽ നീക്കുന്നുമുണ്ട്. 
        എന്നാൽ 2026ൽ യു.ഡി.എഫ്. സര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷയിൽ ആറ്റിങ്ങൽ എം.പി. അടൂര്‍പ്രകാശിന് ഒരിളക്കം സംഭവിച്ചിട്ടുണ്ട്. അദ്ദേഹം ഒരുപക്ഷേ, നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചാൽ ആറ്റിങ്ങൽ എം.പി. സീറ്റ് ഒഴിവുവരും. അങ്ങിനെങ്കിൽ അവിടെ വീണ്ടുമൊരങ്കത്തിന് ഇറങ്ങിയാൽ ജയം സുനിശ്ചിതമെന്നാണ് മുരളീധരൻ കണക്കുകൂട്ടുന്നത്. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ വി. ജോയ് എന്ന സി.പി.എം. ജില്ലാസെക്രട്ടറി മത്സരിച്ചിട്ടും കേവലം 6000 വോട്ടിന്റെ വ്യത്യാസത്തിലാണ് ബി.ജെ.പി. അവിടെ പിന്നിലായിപ്പോയത്. എന്നാൽ ഒന്നാഞ്ഞ് പിടിച്ചാൽ ജയിക്കാൻ സാധിക്കുമെന്ന തികഞ്ഞ പ്രതീക്ഷിയിലാണ് മുരളീധരൻ. അതുകൊണ്ടുതന്നെ കഴക്കൂട്ടത്തും ആറ്റിങ്ങലിലും ഒരേസമയം ചുവടുറപ്പിച്ചാണ് മുരളീധരന്റെ പ്രയാണം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img