06:47pm 10 November 2026
NEWS
രാജീവ് അത് ഏറ്റുപിടിക്കേണ്ടായിരുന്നു
ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാകുന്നു

31/07/2025  08:08 AM IST
News Bureau
‘പണി’യായി?
HIGHLIGHTS

വിഷയം പൊളിറ്റിക്കലി ഗുണം ചെയ്യുന്നത് കോൺഗ്രസിനാണ്. ആ സാദ്ധ്യത പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തെ നേതാക്കൻമാര്‍ അങ്ങോട്ട്... 

തിരുവനന്തപുരം : ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദം ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാക്കുന്നു. തെറ്റിധാരണയുടെ പുറത്താണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും വേണ്ടിവന്നാൽ അവിടത്തെ സര്‍ക്കാരിനെ കാര്യങ്ങൾ ബോധ്യമാക്കാൻ താൻ നേരിട്ടുപോകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതാണ് ഭിന്നതയ്ക്ക് പിന്നിലെ കാതൽ. വിഷയം സെൻസിറ്റീവ് ആയതിനാൽ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഒഴുക്കൻ നയസമീപനമായിരുന്നു ബി.ജെ.പി. കൈക്കൊള്ളേണ്ടിയിരുന്നത് എന്നാണ് ഒരുവിഭാഗം നേതാക്കൻമാരുടെ വാദം. ഛത്തീസ്ഗഡിലെ കാര്യങ്ങൾ നോക്കാൻ അവിടത്തെ സര്‍ക്കാരും പാര്‍ട്ടി സംവിധാനങ്ങളുമുണ്ട്. മലയാളികളുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും ഡിപ്ലോമാറ്റിക് സ്റ്റാന്റ് എടുത്ത് മാറിനിൽക്കാൻ സ്പേസ് ഉണ്ടായിരുന്നു. രാജീവ് അത് ചെയ്യാത്തത് പ്രശ്നംസങ്കീര്‍ണ്ണമാക്കി എന്നും നേതാക്കൻമാര്‍ ആക്ഷേപിക്കുന്നു. 
        അതേസമയം, തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ മാറിനിൽക്കാൻ സാധിക്കില്ല എന്നതാണ് ടീം രാജീവ് പറയുന്നത്. ക്രൈസ്തവരെ വിശ്വാസത്തിലെടുത്ത് മാത്രമേ 2026ൽ നേടാൻ സാധിക്കൂ. ആ സാഹചര്യത്തിൽ ബി.ജെ.പി. കേരളഘടകം ക്രൈസ്തവര്‍ക്കൊപ്പമുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനാണ് താൻ ശ്രമിച്ചതെന്ന് രാജീവ് പറയുന്നു. എന്നാൽ ഇനി ആരെന്തുചെയ്താലും കാര്യങ്ങൾ കൈവിട്ടുപോയെന്ന് മറുഭാഗം വാദിക്കുന്നു. വിഷയം പൊളിറ്റിക്കലി ഗുണം ചെയ്യുന്നത് കോൺഗ്രസിനാണ്. ആ സാദ്ധ്യത പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തെ നേതാക്കൻമാര്‍ അങ്ങോട്ട് പുറപ്പെട്ടുകഴിഞ്ഞു. ഇനി ആരും ഇവിടെ ഒന്നും ചെയ്യേണ്ടതില്ലെന്നും രാജീവ് വിരുദ്ധപക്ഷം വാദിക്കുന്നു. 
      ബി.ജെ.പിക്ക് പുറത്തുള്ള ഇതരഹൈന്ദവസംഘടനകളും രാജീവിനെതിരെ വാളോങ്ങുന്നുണ്ട്. ബജരംഗദളിനെ തള്ളിപ്പറഞ്ഞ രാജീവിനെ വി.എച്ച്.പി. നേതാവും സംവിധായകനുമായ വിജി തമ്പി കുറ്റപ്പെടുത്തി. വി.എച്ച്.പിയുടെ യുവജനവിഭാഗമാണ് ബജരംഗദളെന്നും അതേക്കുറിച്ച് പഠിപ്പിക്കാൻ രാജീവ് മിനക്കെടേണ്ടതില്ലെന്നുമായിരുന്നു തമ്പിയുടെ പ്രതികരണം. ഫലത്തിൽ ബി.ജെ.പി. ക്യാമ്പിൽ ഉണ്ടായ വിള്ളലും വിമതസ്വരവും ഇതരഹൈന്ദവസംഘടനകളും ഉയര്‍ത്തുന്നുണ്ട് എന്നത് രാജീവിനെ കൂടുതൽ സമ്മര്‍ദ്ദത്തിലാക്കുന്നു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img