08:02am 20 April 2026
NEWS
മമത ഉന്നയിച്ചത് ബംഗാളിന്റെ
പൊതുവികാരം. പക്ഷേ ....?

16/07/2025  07:25 AM IST
News Bureau
എന്താകും ?
HIGHLIGHTS

ഇന്ത്യൻ സിനിമാ ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഈ വീട് പൊളിക്കാനുള്ള പ്രവർത്തി ഇതിനകം ആരംഭിച്ചു... 

ന്യൂഡെൽഹി : ദീദിയുടെ രോദനം ബംഗാളിന്റെ പൊതുവികാരമാണ്. എന്നാൽ ഇതെല്ലാം കേൾക്കേണ്ടതും നടപടി എടുക്കേണ്ടതും ഇന്ത്യയെ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്ന ബംഗ്ലാദേശ് ഭരണകൂടവും. എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം. വിഖ്യാത ചലച്ചിത്രസംവിധായകനും ഇന്ത്യയുടെ അഭിമാനവുമായ സത്യജിത് റേയുടെ ധാക്കയിലുള്ള (ബംഗ്ലാദേശ്) പൈതൃക വസതി ബംഗ്ലാദേശ് സർക്കാർ പൊളിച്ച് മാറ്റാൻ പോവുകയാണെന്ന വാര്‍ത്തയാണ് ചിന്തകൾക്കാധാരം. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കത്തയച്ചിരിക്കുകയാണ്. ബംഗാളികളുടെ പൊതുവികാരമാണ് മമത കത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. ധാക്കയിലെ മൈമെൻസിങ്ങ് നഗരത്തിലെ നൂറ്റാണ്ട് പഴക്കമുള്ള, സ്വത്ത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്രകിഷോർ റേ ചൗധരിയുടേതായിരുന്നു. ഇന്ത്യൻ സിനിമാ ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഈ വീട് പൊളിക്കാനുള്ള പ്രവർത്തി ഇതിനകം ആരംഭിച്ചു എന്നാണ് അവിടെ നിന്നുള്ള വാര്‍ത്തകളിൽ നിന്നും മനസ്സിലാക്കുന്നത്. 
       മമതയുടെ വാക്കുകൾ ഇങ്ങിനെ -  ഇപ്പോൾ കേൾക്കുന്ന വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ബംഗാളി സംസ്‌കാരത്തിന്റെ മുൻനിരവാഹകരിൽ ഒരാളാണ് റേ. അദ്ദേഹത്തിന്റെ പൈതൃകഗേഹം സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ബംഗാളി നവോത്ഥാനത്തിന്റെ സ്തംഭമാണ് ഉപേന്ദ്ര കിഷോർ. അതിനാൽ, അദ്ദേഹത്തിന്റെ വീട് ബംഗാളിന്റെ സാംസ്‌കാരിക ചരിത്രവുമായി  ബന്ധപ്പെട്ടിരിക്കുന്നു. ബംഗ്ലാദേശിലെ റേയുടെ പൈതൃക ഭവനം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മുഹമ്മദ് യൂനുസ് സർക്കാരിനോടും ആ രാജ്യത്തെ എല്ലാ മനസ്സാക്ഷിയുള്ള ജനങ്ങളോടും അഭ്യർത്ഥിക്കുകയാണെന്നും ഒപ്പം ഇന്ത്യൻ സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും മമത എക്സിൽ കുറിച്ചു. 
      ബംഗ്ലാദേശിലെ ആഭ്യന്തരകലാപത്തെ തുടര്‍ന്ന് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയിലേക്കാണ് പലായനം ചെയ്തത്. അവിടെ ഹസീനയുടെ അസാന്നിധ്യത്തിൽ വിചാരണ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹസീനയെ വിട്ടുനൽകണം എന്ന ബംഗ്ലാദേശ് സര്‍ക്കാരിന്റെ ആവശ്യം ഇന്ത്യ നിരാകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ റേ കുടുംബത്തിന് വേണ്ടി ഇന്ത്യ ഉന്നയിക്കുന്ന ആവശ്യം ഏതുതരത്തിലാകും സ്വീകരിക്കപ്പെടുക എന്നത് കാത്തിരുന്നുകാണേണ്ട വിഷയമാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img