01:47am 08 November 2026
NEWS
അപ്പനും മോനും എന്തോ കണ്ടിട്ടുണ്ട്
ബി.ജെ.പിയെ വിരട്ടിയാൽ നേടുമോ ?

27/03/2025  06:18 AM IST
News Desk
അടവുനയം ?
HIGHLIGHTS

പി.സി. ജോര്‍ജ്ജ് ബി.ജെ.പിയിൽ എത്തിയതുമുതൽ ബി.ഡി.ജെ.എസ്. നേതാവും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാര്‍ ബി.ജെ.പി. നേതൃത്വവുമായി ലേശം ഉരച്ചിലിലാണ്. കേന്ദ്രം തനിക്ക് മന്ത്രിസ്ഥാനം... 

തിരുവനന്തപുരം: തുഷാര്‍ എന്താണ് ചിന്തിക്കുന്നത്? ബി.ഡി.ജെ.എസ്. ഇതെങ്ങോട്ടാ? എന്തിന്റെ പേര് പറഞ്ഞാകും അവര്‍ മുന്നണിമാറ്റത്തിലേക്ക് കടക്കുക? ചോദ്യങ്ങൾ നിരവധിയാണ്. കഴിഞ്ഞദിവസം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചതോടെ മേൽപ്പറഞ്ഞ ചോദ്യങ്ങൾ വീണ്ടും ചര്‍ച്ചയാവുകയാണ്. അടുത്തതവണയും പിണറായി വിജയൻ അധികാരത്തിൽ വരും എന്ന് വെള്ളാപ്പള്ളി ആണയിട്ട് പറയുന്നു. അതോടൊപ്പം ബി.ജെ.പി. എല്ലാവരും വന്നടിയുന്ന മാലിന്യകൂമ്പാരമാണെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ഇതേ എസ്.എൻ.ഡി.പി. യോഗത്തിന്റെ ആശീര്‍വാദത്തോടെ ആരംഭിച്ച ബി.ഡി.ജെ.എസ്. ബി.ജെ.പി. ഉൾപ്പെടുന്ന എൻ.ഡി.എ. സംവിധാനത്തിന്റെ ഭാഗമാണ് ഇപ്പോഴും എന്നതാണ് ഇതിലെ രസകരമായ സംഗതി. 
           ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്ജ് ബി.ജെ.പിയിൽ എത്തിയതുമുതൽ ബി.ഡി.ജെ.എസ്. നേതാവും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാര്‍ ബി.ജെ.പി. നേതൃത്വവുമായി ലേശം ഉരച്ചിലിലാണ്. കേന്ദ്രം തനിക്ക് മന്ത്രിസ്ഥാനം വരെ ഓഫര്‍ ചെയ്തിട്ടുണ്ടെങ്കിലും താൻ സ്വീകരിക്കാതെ വിട്ടുകളഞ്ഞതാണെന്ന് പോലും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ പോക്ക് തുടര്‍ന്നാൽ ബി.ഡി.ജെ.എസ്. എൻ.ഡി.എയിൽ നിന്നുതന്നെ വിട്ടുപോകേണ്ടിവരുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. തുഷാറിന് ചാടിക്കയറി ഒന്നും പറയാൻ സാധിക്കില്ല. അതുകൊണ്ട് അദ്ദേഹം പിതാവിനെക്കൊണ്ട് ചില സാമ്പിൾ ഡോസുകൾ പൊട്ടിക്കുകയാണ്. വെള്ളാപ്പള്ളിയുടെ പ്രതികരണത്തോടുള്ള സമുദായത്തിന്റെ സമീപനവും മറ്റും വിലയിരുത്തിയശേഷമാകും തുടര്‍നടപടി. അതേസമയം, വെള്ളാപ്പള്ളി നടത്തുന്ന വിവാദപരാമര്‍ശങ്ങളിലൂടെ ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കി തുഷാറിന് മാന്യമായ ഒരു സ്പേസ് ഒരുക്കാനുള്ള കളികളാണെന്നും ചില കേന്ദ്രങ്ങൾ വിലയിരുത്തുന്നു. ബി.ജെ.പിയുടെ പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ വെള്ളാപ്പള്ളി സുഖിപ്പിച്ചത് ഇതിലേക്കുള്ള ചൂണ്ടുപലകയായി വിലയിരുത്തപ്പെടുന്നു.
          അതേസമയം, തനിക്ക് കോട്ടയം സീറ്റ് ലഭിക്കാതെ പോയത് തുഷാര്‍ കാരണമാണെന്ന് പി.സി. ജേര്‍ജ്ജ് കുറ്റപ്പെടുത്തുന്നുണ്ട്. ഷോണിന് പകരം അനൂപ് ആന്റണിയെ പത്തനംതിട്ട പരീക്ഷിക്കാൻ കാരണവും തുഷാറാണെന്ന് പി.സിയും സംഘവും കരുതുന്നു. എന്നാൽ ഇവര്‍ക്കിടയിലുള്ള യഥാര്‍ത്ഥപ്രശ്നം എന്താണെന്ന് ആര്‍ക്കും കൃത്യമായി അറിവുള്ള കാര്യമല്ല. അതേസമയം, തുഷാറിനെ അനുനയിപ്പിച്ച് ബി.ഡി.ജെ.എസിനെ എൻ.ഡി.എക്കൊപ്പം ഉറപ്പിച്ച് നിര്‍ത്താൻ ചില നീക്കങ്ങൾ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്നതായാണ് വിവരം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img