05:20am 06 November 2026
NEWS
നമ്മളും വിൽക്കുന്നത് ഭക്ഷണമാണ്
ബേക്കറിയോട് വിവേചനം എന്തിന് ?

10/02/2025  09:49 AM IST
അനീഷ് മോഹനചന്ദ്രന്‍
പാവം പലഹാരം !
HIGHLIGHTS

ഇവിടെ ബേക്കറി ഉടമകൾ നിസ്സഹായരാണ്. ഹോട്ടലുകാരെ സര്‍വ്വീസ് സെഗ്മെന്റിൽ പെടുത്തുമ്പോൾ ബേക്കറികളെ എന്തുകൊണ്ട് അതേഗണത്തിൽ പെടുത്തിക്കൂടാ എന്നതാണ് അവരുടെ ചോദ്യം 

തിരുവനന്തപുരം : ഞങ്ങൾ നടത്തുന്നത് കച്ചവടമാണ്. സേവനത്തിൽ അധിഷ്ടിതമായ കച്ചവടം. അതുതന്നെയാണ് നാടായനാടുനീളെ ഹോട്ടലുകാരും ചെയ്യുന്നത്. പിന്നെ നമുക്ക് മാത്രം എന്തിനാണ് ഉയര്‍ന്നനിരക്കിൽ നികുതി ? ചോദ്യം ഉന്നയിക്കുന്നത് രാജ്യത്തെ ലക്ഷോപലക്ഷം ബേക്കറി ഉടമകളാണ്. അതിൽ തന്നെ മുൻനിരയിൽ നിൽക്കുന്നത് കേരളത്തിലെ ബേക്കറി ഉടമകളാണ്. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നം നിസ്സാരമാണ്, എന്നാൽ ഗൗരവകരവും. സംസ്ഥാനത്തെ ഹോട്ടലുകളിൽ വിൽക്കുന്ന നാടൻപലഹാരങ്ങൾക്ക് (വാഴക്കപ്പം, കൊഴുക്കട്ട, വട ഇത്യാദി) 18 ശതമാനം ജി.എസ്.ടിയാണ് ചുമത്തുന്നത്. അതിനാൽ ഇവയുടെ വില താരതമ്യേന കൂടുതലാണ്. എന്നാൽ ഇതേ സാധനങ്ങൾ ചായക്കടയിൽ എത്തുമ്പോൾ അഞ്ചുശതമാണ് ജി.എസ്.ടി. അങ്ങിനെ വരുമ്പോൾ അവിടെ വില കുറയും. തോട്ടടുത്ത ചായക്കടയിൽ പത്ത് രൂപയ്ക്ക് ലഭിക്കുന്ന സാധനം ബേക്കറിയിൽ കയറിയാൽ 12-15 രൂപ നൽകണം. ഇതെന്ത് ഏര്‍പ്പാട് ? കസ്റ്റമേഴ്സ് ഈ ചോദ്യം ഉന്നയിക്കാൻ തുടങ്ങിയതോടെ ബേക്കറി ഉടമകൾ വെട്ടിലായിരിക്കുകയാണ്. 
      ജി.എസ്.ടിയുടെ പ്രശ്നങ്ങൾ കസ്റ്റമേഴ്സിനോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. എന്തുപറഞ്ഞാലും അവരുടെ മറുപടി ഇത്രമാത്രം – നിങ്ങൾ നടത്തുന്നത് കൊള്ളയാണ്. ഇവിടെ ബേക്കറി ഉടമകൾ നിസ്സഹായരാണ്. ഹോട്ടലുകാരെ സര്‍വ്വീസ് സെഗ്മെന്റിൽ പെടുത്തുമ്പോൾ ബേക്കറികളെ എന്തുകൊണ്ട് അതേഗണത്തിൽ പെടുത്തിക്കൂടാ എന്നതാണ് അവരുടെ ചോദ്യം. നാടൻ പലഹാരങ്ങൾ ബേക്കറിയിൽ വിൽക്കുമ്പോൾ അവ ഏത് എച്ച്.എസ്.എൻ. കോഡിൽ വരും എന്നത് സംബന്ധിച്ച് കൃത്യമായി നിര്‍വ്വചിക്കാത്തതും പ്രശ്നകാരണമെന്നാണ് ബേക്കറി ഉടമകൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ സംഘടനപ്രതിനിധികൾ കേന്ദ്രമന്ത്രി നിര്‍മ്മലാസീതാരാമനെ നേരിട്ട് കണ്ടിട്ടും ഫലമുണ്ടായില്ലെന്നും അവര്‍ പരിതപിക്കുന്നു. വിഷയത്തിൽ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img