11:52pm 07 November 2026
NEWS
സോറി ! നേര് നേരത്തേ അറിഞ്ഞില്ല
ഇനിയൊരൽപ്പം ചെളിവാരിഎറിയൽ

13/03/2025  08:31 AM IST
News Desk
നമ്മൾ ഒന്നും അറിഞ്ഞില്ല...
HIGHLIGHTS

കേന്ദ്രത്തിന്റെ ഇടപെടലും സുരേഷ്ഗോപിയുടെ മാസ് എൻട്രിയുമൊക്കെ സമൂഹമാധ്യമങ്ങളിൽ ഘോഷിക്കപ്പെട്ടതോടെ പൊതുസമൂഹം ആശമാര്‍ക്കൊപ്പം നിലകൊണ്ടു 

തിരുവനന്തപുരം : ആശമാരുടെ സമരം ഒരു കരയ്ക്കടുക്കുമെന്ന പ്രതീതി നിലനിൽക്കുമ്പോൾ അവര്‍ക്കെതിരെ ആഞ്ഞടിച്ച് സി.പി.എം. മുഖപത്രമായ ദേശാഭിമാനി രംഗത്ത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി ആശമാര്‍ ഒത്തുകളിക്കുന്നെന്ന പരോക്ഷവിമര്‍ശം ഉന്നയിക്കുന്ന മുഖപ്രസംഗം ദേശാഭിമാനി പ്രസിദ്ധീകരിച്ചത് കൃത്യമായ രാഷ്ട്രീയ  ലക്ഷ്യങ്ങളോടെയാണ്. ആശമാര്‍ക്കെതിരെ നിശിതമായ വിമര്‍ശമാണ് മുഖപ്രസംഗത്തിലുടനീളം ഉന്നയിക്കുന്നത്. ആശമാര്‍ ആവശ്യങ്ങൾ അടിക്കടി മാറ്റുന്നു എന്നതാണ് മറ്റൊരുപ്രധാന ആക്ഷേപം. കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങൾ അവര്‍ മറച്ചുപിടിക്കുന്നു എന്നും മുഖപ്രസംഗത്തിൽ പറയുന്നു. 
          വാസ്തവത്തിൽ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ്ഗോപി ആശമാരുടെ സമരപന്തൽ സന്ദര്‍ശിച്ചതാണ് സി.പി.എം. നേതൃത്വത്തെ ചൊടിപ്പിച്ചത്. സമരത്തിന്റെ ആദ്യഘട്ടത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ എത്തിയ സുരേഷ്ഗോപി പിന്നീട് ഡെൽഹിയിലെത്തി കേന്ദ്രമന്ത്രി നദ്ദയുമായി സംസാരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നൽകിയ കാശിന്റെ കണക്കുകൾ പുറത്തുവിട്ടു. ഇത് സംസ്ഥാനത്തിന് വലിയ ക്ഷീണമാണ് വരുത്തിവെച്ചത്. തുടര്‍ന്ന് അദ്ദേഹം കേന്ദ്രവുമായി സംസാരിച്ച് ആശമാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രിയെകൊണ്ട് പ്രഖ്യാപനം നടത്തിക്കുകയും ചെയ്തു. ഇതോടെ പന്ത് ബി.ജെ.പിയുടെ കോര്‍ട്ടിലേക്ക് മാറി. 
          കേന്ദ്രത്തിന്റെ ഇടപെടലും സുരേഷ്ഗോപിയുടെ മാസ് എൻട്രിയുമൊക്കെ സമൂഹമാധ്യമങ്ങളിൽ ഘോഷിക്കപ്പെട്ടതോടെ പൊതുസമൂഹം ആശമാര്‍ക്കൊപ്പം നിലകൊണ്ടു. അവര്‍ക്കനുകൂലമായ സഹതാപതരംഗം കത്തിപ്പടരുന്നത് തദ്ദേശതിരഞ്ഞെടുപ്പിലുൾപ്പെടെ തിരിച്ചടിയാകുമെന്ന് ഇടതുപക്ഷം വിശിഷ്യാ സി.പി.എം. തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിൽ സമരം എങ്ങിനെയെങ്കിലും ഒത്തുതീര്‍പ്പാക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായി കേന്ദ്രത്തിന്റെ അവഗണനയും രാഷ്ട്രീയകളികളും തുറന്നുകാട്ടാനുള്ള ശ്രമമാണ് ദേശാഭിമാനിയിലൂടെ അവര്‍ ചെയ്യുന്നത്. എന്നാൽ ആശമാരെ അധിക്ഷേപിച്ചുകൊണ്ടുള്ള മുഖപ്രസംഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img