05:39pm 09 November 2026
NEWS
പൊലീസ് മേധാവി ആകാൻ മോഹം !
അജിത്കുമാറിന്റെ മോഹം നടക്കുമോ ?

17/04/2025  05:21 AM IST
അനീഷ് മോഹനചന്ദ്രന്‍
കംപ്ലീറ്റ് ചരടുവലി
HIGHLIGHTS

സര്‍ക്കാരിന് വിധേയപ്പെട്ട് അടിമയായി കഴിയാൻ തനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം തത്പരകക്ഷികളോട് പറഞ്ഞതായാണ് സൂചന 

തിരുവനന്തപുരം :  അടുത്ത സംസ്ഥാന പൊലീസ് മേധാവി ആര് ? ഐ.പി.എസ്. ഉന്നതര്‍ മുതൽ ഇങ്ങ് താഴെത്തട്ടിലെ പൊലീസ് ഉദ്യോഗസ്ഥര്‍ വരെ പരസ്പരം ചോദിക്കുന്ന ചോദ്യമിതാണെങ്കിലും ഉത്തരം ആര്‍ക്കുമറിയില്ല. അതാരാകണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് അറിയാവുന്നത്. ജൂൺ 30 ന് നിലവിലെ മേധാവി ഷേഖ് ധര്‍വേഷ് സാഹിഹ് വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിക്കാൻ ആറുപേരുടെ സാദ്ധ്യതാപട്ടിക സംസ്ഥാനം തയ്യാറാക്കി. ഇത് മേയ് ആദ്യവാരം യു.പി.എസ്.സിക്ക് സമര്‍പ്പിക്കും. ഇതിൽ നിന്നും മൂന്നുപേരെ ഷോര്‍ട് ലിസ്റ്റ്ചെയ്ത് യു.പി.എസ്.സി. തിരിച്ചുനൽകും. അതിൽ സംസ്ഥാനത്തിന് ഇഷ്ടമുള്ളയാളെ നിയമിക്കാം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ സാദ്ധ്യതാപട്ടികയിൽ ഇടംനേടിയിട്ടുണ്ടെങ്കിലും പൊലീസ് മേധാവി ആകാൻ സാദ്ധ്യത തുലോം കുറവാണെന്നാണ് ലഭ്യമാകുന്ന വിവരം. 
          സീനിയോറിട്ടി പ്രകാരം 1989 ബാച്ചുകാരനായ നിതിൻ അഗര്‍വാൾ രവാഡ എ ചന്ദ്രശേഖര്‍ (1991), യോഗേഷ് ഗുപ്ത (1993), മനോജ് എബ്രഹാം(1994), സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത്കുമാര്‍ (1995) എന്നിവരാണ് ആറംഗ പട്ടികയിലുള്ളത്. ഇതിൽ ആദ്യമൂന്നുപേരെയാകും യു.പി.എസ്.സി. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുക. അങ്ങിനെ വന്നാൽ ഒരുപക്ഷേ യോഗേഷ് ഗുപ്ത ആയിരിക്കും സംസ്ഥാനത്തിന്റെ ചോയ്സ്. എന്നാൽ മികച്ച ട്രാക്ക് പരിഗണിക്കപ്പെടുകയാണെങ്കിൽ ഒരുപക്ഷേ ഇതിൽനിന്നും നിതിൻ അഗര്‍വാളിന്റെ പേര് കേന്ദ്രം വെട്ടാൻ സാദ്ധ്യതയുണ്ട്. അങ്ങിനെങ്കിൽ മനോജ് എബ്രഹാം അന്തിമപട്ടികയിൽ ഇടംനേടിയേക്കാം. എന്നാൽ ഇതിൽ ഉറപ്പൊന്നുമില്ല. അങ്ങിനെ സംഭവിക്കുന്നപക്ഷം മനോജ് എബ്രഹാമിനെ പരിഗണിക്കാൻ ഐ.പി.എസ്. ഉന്നതരിൽ പലരും ശ്രമിക്കുന്നുണ്ട്. യോഗേഷ് ഗുപ്തയെ വെട്ടാൻ കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിലുള്ള ഡോ. സഞ്ചീബ് കുമാര്‍ പട്ജോഷിയെ മടക്കിക്കൊണ്ടുവരാനും ചിലര്‍ ശ്രമിച്ചിരുന്നു. പക്ഷേ, സര്‍ക്കാരിന് വിധേയപ്പെട്ട് അടിമയായി കഴിയാൻ തനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം തത്പരകക്ഷികളോട് പറഞ്ഞതായാണ് സൂചന. 
           ഏതായാലും മുതിര്‍ന്ന ഓഫീസര്‍മാരെയെല്ലാം മറികടന്ന് അജിത് കുമാറിനെ പൊലീസ് മേധാവി ആക്കുന്നത് നിലവിലെ സാഹചര്യത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല, അജിത് കുമാറിനോട് പാര്‍ട്ടിക്കും മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സി.പി.ഐക്കും തീരെ താത്പര്യമില്ല. എന്നാൽ മലയാളി എന്ന നിലയ്ക്ക് മനോജ് എബ്രഹാമിന്റെ പേര് പലരും നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാൽ പലരും നിര്‍ദ്ദേശിക്കുന്നു എന്നതുകൊണ്ടുതന്നെ മുഖ്യൻ ആ നിര്‍ദ്ദേശം അവഗണിക്കാനും സാദ്ധ്യതയുണ്ട്. ഏതായാലും മനോജ് എബ്രഹാം ഈമാസം 30ന് ഡി.ജി. റാങ്കിലേക്ക് ഉയര്‍ത്തപ്പെടും. അങ്ങിനെ വരുമ്പോൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ റോളിലേക്ക് എസ്. ശ്രീജിത്ത് പരിഗണിക്കപ്പെട്ടേയ്ക്കാൻ സാദ്ധ്യതയുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img