നിരീക്ഷിക്കപ്പെടണം, പലതും തട്ടിപ്പ് !

വിദേശത്തെ തട്ടിക്കൂട്ട് യൂണിവേഴ്സിറ്റികളിലും മറ്റും കുറഞ്ഞനിരക്കിൽ ഓഫര്‍ ചെയ്യുന്ന കോഴ്സുകൾ പലതും അംഗീകാരമില്ലാത്തതാണ്. മാത്രമല്ല, അവിടെ പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി സാദ്ധ്യത തുലോം കുറവാണ്
തിരുവനന്തപുരം : സംസ്ഥാനത്തെ വിദേശറിക്രൂട്ട്മെന്റ് ഏജൻസികളെ നിരീക്ഷിക്കണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. യു.കെ, യു.എസ്, കാനഡ തുടങ്ങി പാശ്ചാത്യമേഖലാരാജ്യങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ കൂണ് പോലെ മുളച്ചുപൊന്തുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. ക്രെഡിബിൾ ആയ നിരവധി സ്ഥാപനങ്ങൾ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യം ചൂഷണം ചെയ്യുന്ന തട്ടിപ്പുസ്ഥാപനങ്ങളും നിരവധിയാണ്. റഷ്യ-ഉക്രൈൻ യുദ്ധമുഖത്ത് കൂലിപ്പട്ടാളത്തെ എത്തിച്ച തട്ടിപ്പുസംഘങ്ങൾ ഇപ്പോഴും പലപേരുകളിലായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നു.
വിദേശവിദ്യാഭ്യാസത്തിന്റെ മറവിലാണ് ചെറുപ്പക്കാര്‍ അധികവും വിദേശത്തേയ്ക്ക് പോകുന്നത്. പലരും പഠനശേഷം അതാത് രാജ്യങ്ങളിൽ പി.ആര്‍. എടുത്ത് സ്ഥിരതാമസമാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ വിദേശത്തെ തട്ടിക്കൂട്ട് യൂണിവേഴ്സിറ്റികളിലും മറ്റും കുറഞ്ഞനിരക്കിൽ ഓഫര്‍ ചെയ്യുന്ന കോഴ്സുകൾ പലതും അംഗീകാരമില്ലാത്തതാണ്. മാത്രമല്ല, അവിടെ പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി സാദ്ധ്യത തുലോം കുറവാണ്. ഈ സാഹചര്യത്തിൽ പലരും അനധികൃത തൊഴിലാളികളായി അവിടെ തുടരും. ഇവര്‍ പിടിക്കപ്പെട്ടാൽ ഡീപ്പോര്‍ട്ട് ചെയ്യപ്പെടും. തിരെക നാട്ടിലെത്തുന്നവര്‍ ലക്ഷങ്ങളുടെ കടക്കാരാമായി മാറും എന്നതാണ് ഇതിലെ ദുരവസ്ഥ.
വിദേശറിക്രൂട്ട്മെന്റ് ഏജൻസികളുടെ കടന്നുവരവാണ് നമ്മുടെ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ കുട്ടികളില്ലാതെ വരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന്. നാട്ടിലെ യൂണിവേഴ്സിറ്റികളെ രക്ഷപ്പെടുത്തണമെങ്കിൽ വിദേശ റിക്രൂട്ട്മെന്റ് ഏജൻസികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കേണ്ടതുണ്ടെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
Photo Courtesy - Google