ഇനി കെജരിവാൾ എന്തു ചെയ്യും ?

എന്നാൽ അത്തരമൊരു നീക്കം സ്വപ്നത്തിൽ പോലും അംഗീകരിക്കാനോ ചിന്തിക്കാനോ കോൺഗ്രസിന് സാധിക്കുമോ എന്ന് കണ്ടറിയണം
ന്യൂഡെൽഹി : തോറ്റു. നല്ല ഭംഗിയായിട്ട് തോറ്റു ! സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പണ്ട് പറഞ്ഞത് തന്നെയാണ് ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷൻ അരവിന്ദ് കേജരിവാൾ ഇപ്പോൾ പറയുന്നത്. പക്ഷേ, അടുത്ത് എന്ത് എന്നതാണ് പ്രസക്തമായ ചോദ്യം ? ഇന്ത്യ മുന്നണിയുടെ ഭാഗമായ ആം ആദ്മി പാര്‍ട്ടി (ആപ്) ഡെൽഹിയിൽ നിന്നും നിഷ്കാസനം ചെയ്യപ്പെട്ടപ്പോൾ അതിന്റെ അമരക്കാരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹാട്രിക് നേട്ടവുമായി ‘സംപൂജ്യ’രായി. ഇതോടെ ആപിനുള്ള പ്രസക്തിപോലും ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇല്ലാതെയായി എന്നതാണ് വസ്തുത. രാജ്യതലസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നുതിരഞ്ഞെടുപ്പുകളിലും ഒരു സീറ്റ് പോലും ലഭിക്കാതിരിക്കുക എന്നതിൽപ്പരം അപമാനം വേറെന്താണുള്ളത് ? കോൺഗ്രസുകാര്‍ തന്നെ ഈ ചോദ്യം ചോദിക്കുമ്പോൾ ആം ആദ്മിക്ക് ചിന്തിക്കാൻ രണ്ടുവഴികളാണ് മുന്നിലുള്ളത്.
അതിൽ പ്രധാനം ഇന്ത്യ മുന്നണിയുടെ ഭാഗമായിതന്നെ നിന്നുകൊണ്ട് നിലവിലെ പോരാട്ടം തുടരുക. ബി.ജെ.പിക്കെതിരെ രാഷ്ട്രീയശക്തിയായി വളരാനും അതിലൂടെ ഡെൽഹി തിരിച്ചുപിടിക്കാനും ശ്രമിക്കുക. അതിനോടൊപ്പം ഇപ്പോൾ കൈവശമുള്ള പഞ്ചാബ് നഷ്ടമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. രണ്ടാമത്തെ വഴി കോൺഗ്രസിനെ റീപ്ലെയ്സ് ചെയ്യാനുള്ള സമാന്തരസംവിധാനമായി മാറുക. അതിനായി ഇന്ത്യ മുന്നണിയുടെ സാരഥ്യത്തിലേക്ക് കെജരിവാൾ സ്വയം ഉയരുക. ഇതിൽ ഏതാകും കെജരിവാൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രസക്തമായ ചോദ്യം. രണ്ടാമത്തെ ഓപ്ഷനോട് ഇന്ത്യസഘ്യത്തിലെ ഇതരപാര്‍ട്ടികൾക്ക് യോജിപ്പ് ഉണ്ടാകാനേ തരമുള്ളൂ. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉൾപ്പെടെയുള്ളവര്‍ ഒരുപക്ഷേ ഇതിനോടൊപ്പം നിന്നേയ്ക്കും. എന്നാൽ അത്തരമൊരു നീക്കം സ്വപ്നത്തിൽ പോലും അംഗീകരിക്കാനോ ചിന്തിക്കാനോ കോൺഗ്രസിന് സാധിക്കുമോ എന്ന് കണ്ടറിയണം. കെജരിവാളിന്റെ നിലപാടും ഇതിൽ നിര്‍ണ്ണായകമാകും.
ഏതായാലും ഡെൽഹിയിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ഇടതുപാര്‍ട്ടികളേയും വല്ലാണ്ട് നിരാശപ്പെടുത്തുന്നുണ്ട്. ഇന്ത്യ സഘ്യം കൂടുതൽ ദുര്‍ബലമാകുന്നു എന്നത് ഒരു ഭാഗത്ത്. മറുഭാഗത്ത് ഇടതുചിന്താധാരയോട് ജനങ്ങൾ അകലംപാലിക്കുന്നു എന്ന കൃത്യമായ സന്ദേശം മറുഭാഗത്ത്. ഇവിടെ ക്രിയാത്മകമായ ഇടപെടൽ നടത്താനോ സ്വയം ബദൽ സംവിധാനമായോ ഉയരാനുള്ള ശേഷി രാജ്യത്തെ ഇടതുപാര്‍ട്ടികൾക്കില്ല എന്നത് ഒരു സമകാലികയാഥാര്‍ത്ഥ്യം.
Photo Courtesy - Google











