09:53am 17 September 2025
NEWS
വർഗ്ഗീയ വിദ്വേഷം പടർത്തുന്ന വാർത്തകൾ
21/08/2025  07:23 PM IST
ആർ. പവിത്രൻ
വർഗ്ഗീയ വിദ്വേഷം പടർത്തുന്ന വാർത്തകൾ

അടുത്തിടെ നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട ചില ദേശീയ ദിനപ്പത്രങ്ങളും, പ്രമുഖ ചാനലുകളും അതീവപ്രാധാന്യത്തോടെ ഒരു സെൻസേഷണൽ വാർത്ത പ്രചരിപ്പിക്കുകയുണ്ടായി. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ 39 കാരനായ ഹിന്ദുവ്യാപാരി ലാൽചന്ദിനെ മുസ്ലീം ഭീകരർ കോൺക്രീറ്റ് സ്ലാബ് കൊണ്ട് തലയ്ക്കടിച്ചു അതിക്രൂരമായി കൊലപ്പെടുത്തി എന്നായിരുന്നു ആ വാർത്ത. ഫോട്ടോകളും വീഡിയോകളും സഹിതമായിരുന്നു വാർത്ത. കൊല്ലപ്പെട്ട ലാൽചന്ദ് ഹിന്ദുവാണെന്ന് അവർ ഉറപ്പിച്ചത് അദ്ദേഹത്തിന്റെ ബയോഡേറ്റ പരിശോധിക്കുകയോ, കുടുംബപശ്ചാത്തലം അന്വേഷിക്കുകയോ ചെയ്തിട്ടായിരുന്നില്ല. പേരുമാത്രം വച്ചുകൊണ്ടായിരുന്നു.

എന്നാൽ ഹിന്ദുത്വം തലയ്ക്ക് പിടിച്ച ഈ കുത്തകമാധ്യമങ്ങൾക്ക് തെറ്റി. ലാൽചന്ദ് മുസ്ലീമായിരുന്നു. പേര് സുഹാഗ്. പിതാവിന്റെ പേര് അയൂബ് അലി. ഉമ്മ ആലിയ ബീഗം ഭാര്യ ലക്കി ബീഗം, സഹോദരി സാജിദ ബീഗം, മക്കൾ സോഹനും സുഹാനയും. കടയുടെ പേര് സുഹാന മെറ്റൽ! വ്യാപാരിയായ ലാൽചന്ദിൽ നിന്ന് പണം കിട്ടാതായപ്പോൾ സ്ഥലത്തെ ഗുണ്ടകൾ നടത്തിയ കൊലപാതകമായിരുന്നത്. പ്രതികൾ അറസ്റ്റിലുമായി.
കൊല്ലപ്പെട്ടത് ഹിന്ദുവാണെന്ന് തെറ്റിദ്ധരിച്ചാണ് വാർത്ത നൽകിയതെന്ന് ആർ.എസ്.എസ് വാരിക 'ഓർഗനൈസറും' മറ്റ് മാധ്യമങ്ങളും തെറ്റ് തിരുത്തുകയുണ്ടായി. ഇന്ത്യൻ മാധ്യമങ്ങൾ വ്യാജവാർത്ത സൃഷ്ടിച്ച് വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുകയാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി.

വർഗ്ഗീയ വിദ്വേഷം പടർത്താൻ കിട്ടുന്ന ഒരവസരവും സംഘ് പരിവാർ അനുകൂല മാധ്യമങ്ങൾ പാഴാക്കാറില്ല. രാജ്യത്തിനകത്ത് മുസ്ലീം വിരുദ്ധത കത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ രാജ്യത്തിനുപുറത്തേക്ക് തിരിയും. ബംഗ്ലാദേശിൽ ഹിന്ദു വംശഹത്യയെന്ന പേരിൽ കഴിഞ്ഞ വർഷം നടത്തിയ പ്രചാരണം ഉദാഹരണം. അവിടെ ഹിന്ദുക്കൾക്കെതിരെ ആക്രമണങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദ് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടാനിടയായ 2024 ജൂലൈ 15 മുതൽ ആഗസ്റ്റ് 5 വരെയുള്ള പ്രതിഷേധസംഭവങ്ങളിൽ 1400 ലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതിൽ 99 ശതമാനവും മുസ്ലീം സമുദായക്കാരായിരുന്നു. ഒമ്പത് ഹിന്ദുക്കൾ കൊല്ലപ്പെട്ടതായി ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ പ്രസ്താവനയിറക്കിയെങ്കിലും, രണ്ട് ഹിന്ദുക്കളാണ് കൊല്ലപ്പെട്ടതെന്നും, അതിലൊരാൾ അവാമി ലീഗ് പ്രാദേശിക നേതാവും, മറ്റെയാൾ പോലീസുകാരനുമാണെന്നും 'അൽ ജസീറ' ചാനൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ആ സമയത്ത് നമ്മുടെ നാട്ടിലെ വലതുപക്ഷ മാധ്യമങ്ങൾ വ്യാജവീഡിയോകളും തെറ്റായ ചിത്രങ്ങളും ഷെയർ ചെയ്ത് ഹിന്ദു സമുദായത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അവരതിൽ വീണില്ല. വ്യാജപ്രചരണങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞതായിരുന്നു കാരണം.

രഥത്തിന് കീഴിലെ നമസ്‌കാരം

ബംഗ്ലാദേശിലെ 'ഹിന്ദു കൊലപാതക' വാർത്ത പുറത്തുവരുന്നതിന് മുമ്പാണ് ഒഡീഷയിലെ പുരിയിൽ ജഗന്നാഥരഥത്തിന് കീഴെ ഒരു സ്ത്രീ നമാസ് നിർവ്വഹിക്കുകയാണെന്ന വ്യാജവാർത്ത ഹിന്ദുത്വ അനുകൂലികൾ പ്രചരിപ്പിച്ചത്. 'മരത്തിൽ തീർത്ത കൂറ്റൻ രഥത്തിനുതാഴെ നമസ്‌ക്കരിക്കുന്ന സ്ത്രീയെ പോലീസ് നീക്കം ചെയ്തു' എന്നായിരുന്നു  പ്രചാരണം. 'വാർഷിക രഥയാത്രയുടെ തിളക്കം കെടുത്താൻ മുസ്ലീം പ്രാർത്ഥന നിർവ്വഹിക്കുന്ന സ്ത്രീ' എന്ന തലക്കെട്ടിൽ വീഡിയോയും പ്രചരിച്ചു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താനായി ബോധപൂർവ്വം രഥത്തിന് കീഴെ നമസ്‌ക്കരിക്കുന്നുവെന്നാണ് ചിലർ സമൂഹമാധ്യമങ്ങളിൽ വിവരിച്ചത്. ബാല എന്നയാൾ ഇതിന്റെ ഫൂട്ടേജ് എക്‌സിൽ പങ്കുവയ്ക്കുകയും, സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒന്നേമുക്കാൽ ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്.

കിട്ടിയ അവസരം മുതലാക്കി ഒരു സംഘ് പരിവാർ അനുകൂല മാധ്യമ പ്രവർത്തകൻ 'എക്‌സി'ലെ അക്കൗണ്ടിൽ വീഡിയോ ഷെയർ ചെയ്യുകയും, ഹിന്ദു ആഘോഷത്തിൽ നമാസ് നിർവ്വഹിച്ചത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എഴുതിപ്പിടിപ്പിക്കുകയും ചെയ്തു. ഇത് ഏറ്റുപിടിച്ച് സമീർ എന്നയാൾ 'ഹിന്ദുക്കളെ വെറുക്കുന്നവർ അവരുടെ വാഗ്ദത്ത ഭൂമിയിലേക്ക് പോയ്‌ക്കൊള്ളുക' എന്ന പ്രകോപനപരമായ അടിക്കുറിപ്പോടെ 'എക്‌സി'ൽ വീഡിയോ ഷെയർ ചെയ്തു. ഇതുകണ്ടത് എട്ടുലക്ഷത്തോളം പേർ!

'ജഗന്നാഥന്റെ രഥത്തിനു താഴെയിരുന്ന സ്ത്രീയെ പോലീസ് എന്തിന് നീക്കം ചെയ്തു' എന്ന തലക്കെട്ടിൽ ജൂൺ 28 ന് ഒഡീഷയിലെ 'ഖബർദാർ ലൈവ്' എന്ന ഫേസ്ബുക്ക് പേജിൽ വന്ന വിശദീകരണം നുണകൾ പൊളിച്ചു. തന്നെ വലിച്ചിഴക്കുന്ന പോലീസുകാരനോട് ഇതെന്ത് പെരുമാറ്റമാണെന്ന് സ്ത്രീ പറയുന്നതും, ജഗന്നാഥ വിഗ്രഹവുമേന്തി രഥം ഉരുളാനുള്ള സമയമായെന്ന് അയാൾ മറുപടി നൽകുന്നതും ഒരു മിനിറ്റ് 22 സെക്കന്റ് നീളുന്ന വീഡിയോ ക്ലിപ്പിൽ കാണാം. തന്നോട് ഇവിടെ ഇരിക്കാനാണ് പറഞ്ഞതെന്നും മറ്റുള്ളവരെ ചൂണ്ടി അവരും അവിടെ നിൽക്കുന്നുണ്ടല്ലോയെന്നും സ്ത്രീ പറയുന്നു. മുസ്ലീംകൾ നമസ്‌ക്കരിക്കുമ്പോൾ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ നിർബന്ധമായും മറച്ചിരിക്കണമെന്നതൊന്നും നുണപ്രചാരകർക്ക് പ്രശ്‌നമായില്ല. സംഭവത്തിന് വർഗ്ഗീയ നിറം നൽകാനുള്ള നീക്കത്തെ അപലപിച്ച ക്ഷേത്രസുരക്ഷയുടെ ചുമതലയുള്ള ഒഡീഷ പോലീസ് ഉദ്യോഗസ്ഥൻ കൗശിക് നായക്, ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. സ്ത്രീയുടെ കുടുംബവുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ അവർ ഹിന്ദുസ്ത്രീയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

ദുരഭിമാനക്കൊലയിലും വർഗ്ഗീയത

ഹരിയാനയിലെ ഗുരുഗ്രാമിൽ മുൻ ടെന്നീസ് കളിക്കാരിയും കോച്ചുമായ രാധിക യാദവ് എന്ന ഇരുപത്തിയഞ്ചുകാരി പിതാവിന്റെ വെടിയേറ്റ് മരിച്ച സംഭവവും വർഗ്ഗീയത കത്തിക്കാനുള്ള അവസരമാക്കി ഹിന്ദുത്വ മീഡിയ. ടെന്നീസ് അക്കാദമി നടത്തുന്ന രാധിക ജൂലൈ 10 ന് രാവിലെ ഭക്ഷണം പാകം ചെയ്യുമ്പോഴാണ് കൊല്ലപ്പെടുന്നത്. സാമ്പത്തിക ഭദ്രതയുള്ള താൻ മകളുടെ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്ന് നാട്ടുകാർ പരിഹസിക്കുന്നതിനാൽ ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ പിതാവ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, രാധിക തയ്യാറായില്ല. ഇത് ഇരുവരും തമ്മിൽ തർക്കങ്ങൾക്ക് കാരണമായി.

ക്രൂരകൃത്യത്തിലേക്ക് നയിക്കാൻ ഇതാണ് കാരണമെന്ന് ചോദ്യം ചെയ്യലിൽ ദീപക് യാദവ് സമ്മതിച്ചതായി പോലീസിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ്സ്(ജൂലൈ 11, 2025) റിപ്പോർട്ട് ചെയ്യുകയുണ്ടായി. കൊലപാതകം മൂന്നുദിവസം മുമ്പേ ദീപക് ആസൂത്രണം ചെയ്തിരുന്നു. ഭാര്യയെ മറ്റൊരു മുറിയിൽ പൂട്ടിയിടുകയും, മകനെ പുറത്തേക്ക് അയയ്ക്കുകയും രാധികയുടെ നായയെപ്പോലും പുറത്താക്കുകയും ചെയ്തശേഷമാണ് ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ റിവോൾവർ ഉപയോഗിച്ച് മകളെ മൂന്നുതവണ അയാൾ പിന്നിൽ നിന്ന് വെടിവച്ചത്.

എന്നാൽ, ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ ഇൻ ആമുൽ ഹഖുമായി രാധികയുടെ അടുപ്പമാണ് കൊലയ്ക്ക് കാരണമെന്നാണ് ഹിന്ദുത്വ പ്രൊഫൈലുകൾ പ്രചരിപ്പിച്ചത്. രാധിക സാമൂഹിക മാധ്യമങ്ങളിൽ റീലുകൾ ചെയ്യുന്നതിലും, വീഡിയോകളിൽ അഭിനയിക്കുന്നതിലും, അവളുടെ വസ്ത്രധാരണത്തിലും ദീപക് യാദവിന് അതൃപ്തിയുണ്ടായിരുന്നുവത്രെ. സ്ഥിരം വർഗ്ഗീയത പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ ഈ നുണകൾ ആഘോഷിച്ചപ്പോൾ മുസ്ലീമിനെ വിവാഹം ചെയ്ത അവളെ കൊന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ചവരുമുണ്ട്. സീഷാൻ അഹ്മദ് നിർമ്മിച്ച വീഡിയോയിൽ രാധിക പ്രത്യക്ഷപ്പെട്ടത് പിതാവിനെ ചൊടിപ്പിച്ചുവെന്നാണ് 'ന്യൂസ് 24' എന്ന ഹിന്ദി ചാനൽ റിപ്പോർട്ട് ചെയ്തത്.

രാധിക അന്യമതക്കാരനായ യുവാവിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചത് പിതാവിന്റെ എതിർപ്പിനിടയാക്കിയതായി അയൽവാസിയെ ഉദ്ധരിച്ച് 'ഹിന്ദുസ്ഥാൻ ടൈംസും' അടിസ്ഥാനരഹിതമായ വാർത്ത നൽകി. വീഡിയോ ചെയ്തതിനപ്പുറം രാധികയുമായി തനിക്ക് മറ്റ് ബന്ധങ്ങളില്ലെന്ന് സീഷാൻ വ്യക്തമാക്കുകയുണ്ടായി. രാധികാ വധത്തെ വർഗ്ഗീയമായി കാണരുതെന്നും, പ്രചരിക്കുന്നവ പച്ചനുണയാണെന്നും ഗുരുഗ്രാം പോലീസിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ്കുമാർ വ്യക്തമാക്കിയതോടെ വർഗ്ഗീയ പ്രചാരകർ മാളത്തിലൊളിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img