
ലക്നൗ: ആറുമാസം മുൻപ് മറ്റൊരാളെ വിവാഹം കഴിച്ച 20കാരിയെ കാമുകനൊപ്പം മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ സീതാപുരിലാണ് സംഭവം. 22 വയസ്സുകാരനായ യുവാവിന്റെ താമസസ്ഥലത്തെ മേൽക്കൂരയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം.
ഇരുവരും കഴിഞ്ഞ രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. എട്ടുമാസം മുൻപ് ഇവരുടെ ബന്ധത്തെക്കുറിച്ച് യുവതിയുടെ വീട്ടുകാർ അറിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് യുവതിയുടെ പിതാവ് മറ്റൊരാളുമായി മകളുടെ വിവാഹം ഉറപ്പിക്കുകയും ആറുമാസം മുൻപ് വിവാഹം നടത്തുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബർ 29ന് യുവതി സ്വന്തം വീട്ടിലെത്തിയിരുന്നു. ഇതിനിടെ വെള്ളിയാഴ്ച രാത്രി കാമുകന്റെ താമസസ്ഥലത്തേക്ക് പോയതായാണ് വിവരം. പിറ്റേന്ന് രാവിലെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ ഉത്തർപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.










