
നേതൃമാറ്റ ചർച്ചകൾക്ക് പുറമെ ബജറ്റിന് ശേഷം മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമെന്ന വാർത്തയും കർണാടകത്തിൽ സജീവമാണ്. നൂറ്റിനാല്പത് കോൺഗ്രസ്സ് എംഎൽഎമാരിൽ മുപ്പതിലേറെ പേർ പുതുമുഖങ്ങളാണ്. ആദ്യമായി നിയമസഭയിലെത്തിയ യുവനേതാക്കൾ. 2023 ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ 34 അംഗ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ഫസ്റ്റ് ടൈം എംഎൽഎമാർ ആരും അതിൽ ഉൾപ്പെട്ടിരുന്നില്ല. പുനസംഘടനാ ചർച്ച ചൂടുപിടിക്കവേ മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കമാണ്ടിന് കത്തയച്ചിരിക്കുകയാണ് മുപ്പതോളം പുതുമുഖ എം എൽ എമാർ . തങ്ങളിൽ കഴിവും അർഹതയും ഉള്ളവർക്ക് മന്ത്രിസ്ഥാനം നൽകണമെന്നാണ് ആവശ്യം. രാഹുൽ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ, കെ സി വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺധീപ് സിംഗ് സുർജെവാല എന്നിവർക്കാണ് കത്തയച്ചിട്ടുള്ളത്. പുതുമുഖ എംഎൽഎമാരുടെ കൂട്ടത്തിൽ മുഖ്യമന്ത്രി സിദ്ധാരമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും അനുയായികളുണ്ട്. സിദ്ധരാമയ്യയുടെ നിയമോപദേശകൻ എ എസ് പൊന്നണ്ണയും കൂട്ടത്തിലുണ്ട്. ജനങ്ങൾ യുവനേതാക്കളെ ജയിപ്പിച്ചത് അവർക്ക് കൂടുതൽ ചുമതലകൾ ലഭിക്കുമെന്ന പ്രതീക്ഷയോടെയാണെന്നും അത് നിറവേറ്റാൻ ഹൈക്കമാണ്ട് താല്പര്യമെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പകർപ്പ് സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും ലഭ്യമാക്കിയിട്ടുണ്ട്. അതിനിടയിൽ കർണാടകത്തിൽ ഒരു ദളിത് മുഖ്യമന്ത്രി ഉണ്ടാകണമെന്ന് സാമൂഹ്യക്ഷേമ മന്ത്രി എച്ച് സി മഹാദേവപ്പ അഭിപ്രായപ്പെട്ടു. സിദ്ധരാമയ്യയുടെ വിശ്വസ്തനാണ് മഹാദേവപ്പ. മൃഗസംരക്ഷണ മന്ത്രി കെ വിശ്വനാഥ് ആ അഭിപ്രായത്തെ പിന്താങ്ങിയിട്ടുണ്ട്. "മഹാദേവപ്പ ഞങ്ങളുടെ ദേശീയ നേതാവാണ്. ഞാൻ അദ്ദേഹത്തെ വഴങ്ങുന്നു" എന്നായിരുന്നു ശിവകുമാറിന്റെ പരിഹാസരൂപേനെയുള്ള പ്രതികരണം.
Photo Courtesy - Google











