01:16pm 03 September 2026
NEWS
അപൂർവ ജനനവൈകല്യം കിംസ്ഹെൽത്തിൽ നവജാതശിശുവിന് പുതുജീവൻ
01/09/2026  08:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അപൂർവ ജനനവൈകല്യം കിംസ്ഹെൽത്തിൽ നവജാതശിശുവിന് പുതുജീവൻ

തിരുവനന്തപുരം: ‘ഡബിൾ അയോർട്ടിക് ആർച്ച്’ എന്ന അപൂർവ വൈകല്യത്തോടെ ജനിച്ച തിരുവനന്തപുരം സ്വദേശിയായ നവജാതശിശുവിന് കിംസ്ഹെൽത്തിൽ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ജനിച്ചയുടൻ അനുഭവപ്പെട്ട കടുത്ത ശ്വാസതടസ്സത്തെത്തുടർന്നാണ് 1.6 കിലോഗ്രാം മാത്രം ഭാരമുള്ള കുട്ടിയെ വിദഗ്ധ ചികിത്സക്കായി കിംസ്ഹെൽത്തിലേക്ക് മാറ്റിയത്.

നിയോനേറ്റൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് നടത്തിയ സി.ടി സ്കാനിലാണ് ഈ അപൂർവ്വ രോഗാവസ്ഥ കണ്ടെത്തിയത്. സാധാരണയായി ശരീരത്തിലെ പ്രധാന ധമനിയായ അയോർട്ടയ്ക്ക് ഒരൊറ്റ ആർച്ച് മാത്രമാണുള്ളത്. എന്നാൽ ഈ കുട്ടിയിൽ അയോർട്ട രണ്ട് ആർച്ചുകളായി രൂപപ്പെട്ട് ശ്വാസനാളത്തെയും അന്നനാളത്തെയും ചുറ്റി സമ്മർദ്ദം ചെലുത്തിയത് മൂലമാണ് ഗുരുതരമായ ശ്വാസതടസ്സം ഉണ്ടായത്. പതിനായിരത്തിൽ ഒരാളിൽ മാത്രമാണ് ഈ രോഗാവസ്ഥ കാണുപ്പെടുന്നത്.

കിംസ്ഹെൽത്ത് നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. നവീൻ ജെയിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അടിയന്തര ശസ്ത്രക്രിയ മാത്രാമാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ഏക മാർഗമെന്ന് നിർദേശിക്കുകയായിരുന്നു. പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സൗമ്യ രമണനാണ് 'ആർച്ച് ഡിവിഷൻ', 'അയോർട്ടോപെക്സി' എന്നീ സങ്കീർണ്ണ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്. ഈ ശസ്ത്രക്രിയയിലൂടെ ഇടത് ആർച്ച് വേർപെടുത്തുകയും, അയോർട്ടയെ മുന്നോട്ട് വലിച്ച് നെഞ്ചെല്ലിന്റെ  പിൻഭാഗത്ത് ഉറപ്പിച്ചു നിർത്തുകയും ചെയ്തു. ഇത് ശ്വാസനാളത്തിന്മേലുള്ള സമ്മർദമില്ലാതാക്കുകയും ശ്വസനം സുഗമമാക്കാൻ സഹായിക്കുകയും ചെയ്തു.

1.6 കിലോഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞിന്റെ ജീവൻ നിലനിർത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഘട്ടത്തിൽ കൃത്യമായ വെന്റിലേറ്റർ പരിചരണം ആശ്യമായിരുന്നുവെന്നും ഡോ. നവീൻ ജെയിൻ വ്യക്തമാക്കി. 'ആർച്ച് ഡിവിഷൻ', 'അയോർട്ടോപെക്സി' എന്നീ സങ്കീർണ്ണ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതോടെ കുഞ്ഞിന്റെ ശ്വാസതടസ്സം പൂർണ്ണമായും മാറി ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചു.' ഡോ. സൗമ്യ രമണൻ പറഞ്ഞു. 

ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ചയോളം വെന്റിലേറ്ററിലായിരുന്ന കുട്ടി, ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷം പൂർണ്ണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി. ഭാവിയിൽ കുഞ്ഞിന് സാധാരണ ജീവിതം നയിക്കാൻ സാധിക്കും. നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഫെമിത പൗർണമി; കൺസൾട്ടന്റ് ഡോ. ജ്യോതി പ്രഭാകർ; പൾമണോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അജയ് രവി; റേഡിയോ ഡയഗ്നോസിസ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സുനിമോൾ പി.കെ.എം; ഇമേജിങ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ജോസഫ് തോമസ്; പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യ വിഭാഗം  കൺസൾട്ടന്റ് ഡോ. രാജേഷ് എം.ജി; അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. കീർത്തി നാഥ് എസ്. എന്നിവരും ചികിത്സയുടെ ഭാഗമായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img