04:53am 10 November 2026
NEWS
കോട്ടയത്ത് ഗർഭിണികളെ എത്തിച്ച് നവജാത ശിശുക്കളെ വിൽക്കുന്ന സംഘം; രണ്ടുപേർ അറസ്റ്റിൽ
28/07/2026  05:34 PM IST
nila
കോട്ടയത്ത് ഗർഭിണികളെ എത്തിച്ച് നവജാത ശിശുക്കളെ വിൽക്കുന്ന സംഘം; രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഗർഭിണികളെ കേരളത്തിലെത്തിച്ച് പ്രസവശേഷം നവജാത ശിശുക്കളെ പണം വാങ്ങി കൈമാറാൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ രാജൻ, വാ​ഗമൺ സ്വദേശി അർജുൻ എന്നിവരാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ടയിലെ തീക്കോയി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. അസം സ്വദേശിനിയായ 22-കാരിയുടെ പരാതിയിലാണ് നടപടി.

ഒന്നര വയസ്സുള്ള കുഞ്ഞിന്റെ മാതാവായ യുവതി രണ്ടാമതും ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രം നടത്താൻ ഭർത്താവും ബന്ധുക്കളും നിർബന്ധിച്ചെന്നാണ് പരാതി. അതിന് തയ്യാറാകാതിരുന്നതിനെ തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട യുവതി, കുഞ്ഞിന് സുരക്ഷിതമായ ഭാവി ഉറപ്പാക്കാനായി സാമൂഹികമാധ്യമങ്ങളിലൂടെ സഹായം തേടുന്നതിനിടെയാണ് 'അർഷിദ് കെയർ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെടുന്നത്.

അക്കൗണ്ടിന്റെ പേരിൽ സംസാരിച്ച കാർത്തിക് എന്നയാൾ യുവതിയെ കോട്ടയത്തിലെ തീക്കോയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യാത്രാച്ചെലവും സംഘം വഹിച്ചെന്നാണ് യുവതി പറയുന്നത്. ജൂലൈ 16-ന് കോട്ടയത്തിലെത്തിയ യുവതിയെ തീക്കോയിയിലെ റബർതോട്ടത്തിനുള്ളിലെ ആളൊഴിഞ്ഞ വീട്ടിൽ പാർപ്പിച്ചു.

അവിടെ തമിഴ്നാട് സ്വദേശിയായ രാജനും വാഗമൺ സ്വദേശിയായ അർജുനും ഉൾപ്പെടെ മറ്റ് രണ്ട് ഗർഭിണികളും ഉണ്ടായിരുന്നുവെന്ന് യുവതി മൊഴി നൽകി. പ്രസവത്തിന് ശേഷം കുഞ്ഞിനെ സംഘത്തിന് കൈമാറിയാൽ മൂന്ന് ലക്ഷം രൂപ നൽകാമെന്നും അതിനായി കരാറിൽ ഒപ്പിടണമെന്നും ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു.

കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചതിനെ തുടർന്ന് തന്നെ ക്രൂരമായി മർദിച്ചെന്നും വയറ്റിൽ ചവിട്ടിയെന്നും യുവതി പറഞ്ഞു. പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട് റോഡിലെത്തിയ യുവതിയെ നാട്ടുകാർ പോലീസിൽ ഏൽപിക്കുകയായിരുന്നു.

തുടർന്ന് യുവതിയെ ഗാന്ധിനഗറിലെ ഒരു ആശ്രമത്തിലേക്ക് മാറ്റി. അവിടുത്തെ ഡയറക്ടർ നടത്തിയ വിശദമായ സംഭാഷണത്തിലാണ് നവജാത ശിശുക്കളെ വിൽക്കുന്ന സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ തീക്കോയിയിലെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ രാജനെയും അർജുനെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഇതിനുമുമ്പ് എത്ര കുഞ്ഞുങ്ങളെ ഇത്തരത്തിൽ കൈമാറിയിട്ടുണ്ടെന്നും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img