
നവജാത ശിശുവിനെ വായയിൽ കല്ലു തിരുകി അടച്ച് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ മണ്ഡൽഗ്രാഹിൽ ക്ഷേത്രത്തിന് സമീപത്തെ കാട്ടിൽ പശുവിനെ മേയ്ക്കാനെത്തിയ ആളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിൻറെ വായയിൽ കല്ലുതിരുകി പശതേച്ച് ഒട്ടിച്ച നിലയിലായിരുന്നു. കരച്ചിൽ പുറത്തുകേൾക്കാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.
പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പാറക്കൂട്ടങ്ങൾക്ക് സമീപമായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. കുട്ടിയെ കണ്ടെത്തിയവരാണ് വായിൽ നിന്നും കല്ല് നീക്കിയത്. ഉടനെ നാട്ടുകാർ പ്രദേശത്തെ സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവിൽ ആരോഗ്യ നില തൃപ്തികരമാണ്.
കുഞ്ഞിനെ വായയിൽ കൂടാതെ തുടയിലും പശതേച്ച നിലയിലായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ ആശുപത്രികളിൽ നിന്നും പ്രസവ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.











