06:16pm 23 August 2026
NEWS
എൻഐസിയു വാമറിന് തീപിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; രണ്ട് കുഞ്ഞുങ്ങൾ ചികിത്സയിൽ
23/08/2026  11:41 AM IST
NILA
എൻഐസിയു വാമറിന് തീപിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; രണ്ട് കുഞ്ഞുങ്ങൾ ചികിത്സയിൽ

 

ഭോപ്പാൽ ∙ ജില്ലാ ആശുപത്രിയിലെ നവജാതശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) വാമർ മെഷീന് തീപിടിച്ച് ഒരു കുഞ്ഞിന് ദാരുണാന്ത്യം. പൊള്ളലേറ്റ മറ്റ് രണ്ട് നവജാതശിശുക്കൾ ചികിത്സയിലാണ്. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ശനിയാഴ്ചയാണ് സംഭവം.
വാമർ മെഷീന്റെ ഫിലമെന്റിൽനിന്നുണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. തീ പടർന്നതോടെ ആശുപത്രി ജീവനക്കാർ ഉടൻ തന്നെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി.

അപകടത്തിൽ പൊള്ളലേറ്റ മൂന്ന് കുഞ്ഞുങ്ങൾക്കും ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ജബൽപുരിലെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നതായി ആശുപത്രി സിവിൽ സർജൻ കാഞ്ചൻ ദുബെ പറഞ്ഞു.
കുഞ്ഞുങ്ങളിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ശസ്ത്രക്രിയ ആവശ്യമായിരുന്നെങ്കിലും ചിന്ദ്വാരയിൽ ശിശുരോഗ ശസ്ത്രക്രിയാ വിദഗ്ധന്റെ സേവനം ലഭ്യമല്ലാത്തതിനാലാണ് ജബൽപുരിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ജബൽപുരിലെത്തിച്ച കുഞ്ഞ് ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

അതേസമയം, എൻഐസിയുവിൽ തീപിടിത്തമുണ്ടായതിന്റെ കാരണം കണ്ടെത്താൻ ആശുപത്രി അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. സംഭവത്തിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് ഉമങ് സിംഘാർ, രോഗികളുടെ ജീവന് തന്നെ ആശുപത്രികൾ ഭീഷണിയാകുന്ന സാഹചര്യമാണെന്ന് വിമർശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img